മകരവിളക്ക് മഹോത്സവം; തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ ക്രമീകരണങ്ങൾ

sabarimala
വെബ് ഡെസ്ക്

Published on Jan 10, 2025, 06:20 PM | 1 min read

ശബരിമല: മകരവിളക്ക് ദിവസങ്ങളിൽ സുഗമമായ ദർശനത്തിനും തിരക്ക് നിയന്ത്രിക്കാനും കൂടുതൽ ക്രമീകരണങ്ങൾ. 12ന് രാവിലെ എട്ട്‌ മുതൽ 15ന് പകൽ രണ്ട്‌ വരെ ഹിൽടോപ്പിലെ പാർക്കിങ്‌ അനുവദിക്കില്ല. അടിയന്തിര പ്രാധാന്യമുള്ള വാഹനങ്ങളും മകരവിളക്ക് കഴിഞ്ഞ് ഇറങ്ങുന്നവരെ കൊണ്ടുപോകാനുള്ള കെഎസ്ആർടിസിയും മാത്രമാണ് അനുവദിക്കുക. ഈ ദിവസങ്ങളിൽ തീർഥാടക വാഹനങ്ങൾക്ക്‌ ചാലക്കയം, നിലക്കൽ എന്നിവിടങ്ങളിൽ പാർക്കിങിന്‌ സൗകര്യം ഒരുക്കും. 12,13,14 തീയതികളിൽ വെർച്വൽ ക്യൂ യഥാക്രമം അറുപതിനായിരം, അമ്പതിനായിരം, നാൽപ്പതിനായിരം എന്നിങ്ങനെ നിജപ്പെടുത്തും. സ്‌പോട്ട് ബുക്കിങ്‌ 13 വരെ 5000 ആയും 14ന് 1000 ആയും പരിമിതപ്പെടുത്തിയിട്ടുണ്ട്. സ്‌പോട്ട് ബുക്കിങ് പമ്പയിൽ നിന്ന് നിലക്കലേക്ക് മാറ്റി.
ഹൈക്കോടതി നിർദേശത്തിന്റെയും ഹൈലൈവൽ മീറ്റിങ്ങുകളിൽ എടുത്ത തീരുമാനങ്ങളുടെയും അടിസ്ഥാനത്തിലുമാണ് ഈ ക്രമീകരണങ്ങൾ നടപ്പാക്കുന്നതെന്ന് ശബരിമല എഡിഎം അരുൺ എസ് നായർ അറിയിച്ചു. 11 മുതൽ 14 വരെ ചടങ്ങുകളുടെ ഭാഗമായ അമ്പലപ്പുഴ, ആലങ്ങാട് സംഘാംഗങ്ങൾക്ക് മാത്രമാണ് മുക്കുഴി വഴിയുള്ള കാനനപാത ഉപയോഗപ്പെടുത്താൻ കഴിയുക. സന്നിധാനത്തും പരിസരത്തും അനധികൃതമായി പാചകം ചെയ്യുന്നത് ഒഴിവാക്കണമെന്നും ഇത് നിയന്ത്രിച്ച് ഉത്തരവിറങ്ങിയതായും അദ്ദേഹം അറിയിച്ചു. തിരുവാഭരണ ഘോഷയാത്രയിൽ കൂടുതൽ ആളുകൾ എത്തുന്ന വലിയാനവട്ടത്ത് കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കൂടുതൽ ബാരിക്കേഡ്‌, ഫയർ ഫോഴ്‌സിന്റെയും ആരോഗ്യ ടീമിന്റെയും ഓരോ അധിക യൂണിറ്റ് എന്നിവ വിന്യസിക്കുമെന്നും എഡിഎം അറിയിച്ചു.






deshabhimani section

Related News

View More
0 comments
Sort by

Home