മകരവിളക്ക് ദർശനത്തിന് നാൽപ്പതോളം കേന്ദ്രങ്ങൾ: ഒരുക്കങ്ങൾ പൂർണം

ശബരിമല: മകരവിളക്ക് ദർശനത്തിനായി പതിനായിരക്കണക്കിന് തീർഥാടകർ തമ്പടിച്ചിരിക്കുന്നത് ശബരിമലയിലെ നാൽപ്പതോളം കേന്ദ്രങ്ങളിൽ. സന്നിധാനത്ത് പാണ്ടിത്താവളം, ഇൻസിനറേറിന്റെ പരിസരം, മാളികപ്പുറം, അന്നദാന മണ്ഡപത്തിന്റെ മുൻവശം, കൊപ്രാക്കളം, ആഴിയുടെ പരിസരം, കെഎസ്ഇബി കെട്ടിട സമുച്ചയത്തിന് സമീപം, ഫോറസ്റ്റ് ഐബിയുടെ പരിസരം, ഫോറസ്റ്റ് ഓഫീസ് കോംപ്ലക്‌സിന്റെ പരിസരങ്ങൾ, വാട്ടർ അതോറിറ്റി ഗസ്റ്റ് ഹൗസ് പരിസരം, മാംഗുണ്ട അയ്യപ്പ നിലയത്തിന് സമീപം കെട്ടിടങ്ങൾ പൊളിച്ചു നീക്കിയ സ്ഥലം, ജലസംഭരണിക്ക് സമീപം, മരാമത്ത് കെട്ടിടത്തിനും അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലും മധ്യേയുള്ള വരാന്ത, ദേവസ്വം ഗസ്റ്റ് ഹൗസിന് മുൻവശം, സ്വാമി അയ്യപ്പൻ റോഡിൽ മരക്കൂട്ടത്തിനും ചരൽമേടിനും മധ്യേ, ശബരി പീഠത്തിന് സമീപം, പമ്പ ഹിൽടോപ്പ്, ചാലക്കയം, പാഞ്ചാലിമേട്, പരുന്തുംപാറ, അട്ടത്തോട്, ഇലവുങ്കൽ, പമ്പാവാലിയിലെ നെല്ലിമല, അയ്യൻമല, ആങ്ങാമുഴി, പഞ്ഞിപ്പാറ എന്നിവിടങ്ങളിലാണ് മകരവിളക്ക് ദർശനത്തിനായി സൗകര്യമുള്ളത്.
മകരവിളക്ക് ദർശനത്തിനായി സന്നിധാനത്തും മറ്റിടങ്ങളിലും തമ്പടിച്ചിരുന്നവരുടെ സുരക്ഷക്കായി പൊലീസിന്റെയും വനംവകുപ്പിന്റെയും റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെയും മറ്റു സർക്കാർ സംവിധാനങ്ങളുടെയും നേതൃത്വത്തിൽ ബാരിക്കേഡുകൾ കെട്ടിയും വെളിച്ചത്തിനായുള്ള സംവിധാനങ്ങളൊരുക്കിയും ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മകരവിളക്ക് ദർശിക്കുന്നതിനായി കെട്ടിടങ്ങൾക്കും മരങ്ങൾക്കും മുകളിൽ കയറുന്നതിന് കർശനമായ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പാണ്ടിത്താവളം ഭാഗത്ത് തമ്പടിച്ചിരിക്കുന്ന തീർഥാടകർക്ക് ഭക്ഷണം നൽകുന്നതിനായി ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ അന്നദാന കൗണ്ടറുകൾ പ്രവർത്തനം ആരംഭിച്ചു. മകരവിളക്ക് ദർശനം കഴിഞ്ഞ് പമ്പയിലേക്ക് മടങ്ങുന്നവർ പൊലീസിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം. അപകടങ്ങളുണ്ടാകാതിരിക്കാൻ എല്ലാവരും സ്വയം നിയന്ത്രിക്കണമെന്നും നിർദേശമുണ്ട്.
0 comments