print edition കെട്ടിടനിർമാണ ചട്ടങ്ങളിൽ സുപ്രധാനമാറ്റം: അപേക്ഷിച്ചാലുടൻ നിർമാണാനുമതി

തിരുവനന്തപുരം: അപേക്ഷിച്ചാലുടൻ നിർമാണാനുമതി ലഭ്യമാകുംവിധം ലോ റിസ്ക് കെട്ടിടങ്ങളുടെ ഗണത്തിലേക്ക് കൂടുതൽ കെട്ടിടങ്ങളെ ഉൾപ്പെടുത്തി കെട്ടിടനിർമാണചട്ടങ്ങളിൽ വരുത്തിയ മാറ്റം നിലവിൽവന്നതായി മന്ത്രി എം ബി രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലാതല അദാലത്തുകളിൽനിന്നുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ വിദഗ്ദരെ പങ്കെടുപ്പിച്ച് വിശദമായ ചർച്ചകൾക്കും അഭിപ്രായ സമന്വയങ്ങൾക്കും ശേഷമാണ് ചട്ട ഭേദഗതികൾ നിലവിൽവരുന്നത്.
നിലവിൽ 300 ചതുരശ്ര മീറ്റർ (3229.17 ചതു. അടി) വരെ വിസ്തീർണമുള്ളതും ഇരുനില വരെയുള്ളതും ഏഴുമീറ്റർ ഉയരമുള്ള വീടുകളെയാണ് ലോ റിസ്‌ക് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ഇനിമുതൽ, ഉയരം പരിഗണിക്കാതെ തന്നെ രണ്ടുനിലവരെയുള്ള 300 ചതുരശ്ര മീറ്റർ (3229,17 ചതു. അടി) വിസ്തീർണത്തിൽ അധികരിക്കാത്ത എല്ലാ കെട്ടിടങ്ങൾക്കും ഉദ്യോഗസ്ഥ ഇടപെടലോ പരിശോധനകളോ ഇല്ലാതെ തത്സമയം അനുമതി ലഭിക്കും. ഇതുവഴി ഏകദേശം 80 ശതമാനത്തോളം വീടുകൾക്കും അപേക്ഷ സമർപ്പിച്ചാലുടൻ നിർമാണാനുമതി ലഭിക്കും. രണ്ടു സെന്റുവരെയുള്ള സ്ഥലത്ത് പരമാവധി 100 ചതു.മീറ്ററുള്ള വീടുകൾക്ക്, മൂന്നു മീറ്ററിൽ അധികരിക്കാത്ത വീതിയുള്ള നോട്ടിഫൈഡ് അല്ലാത്ത റോഡിൽനിന്നുള്ള ചുരുങ്ങിയ ദൂരപരിധി ഒരു മീറ്ററാക്കി. നിലവിൽ രണ്ടുമീറ്ററായിരുന്നു. വാണിജ്യ കെട്ടിടങ്ങൾക്ക് സെൽഫ് സർട്ടിഫൈഡ് പെർമിറ്റ് ലഭ്യമാക്കാനുള്ള വിസ്‌തീർണത്തിന്റെ അളവ് വർധിപ്പിച്ചു. നിലവിൽ 100 ച.മീറ്ററായിരുന്നത് 250 ച.മീറ്ററാക്കി.
ജി– ഒന്ന് ഗണത്തിൽ, 200 ചതു. മീറ്റർ വരെ വിസ്‌തൃതിയുള്ളതും മലിനീകരണ നിയന്ത്രണ ബോർഡിന്റെ വൈറ്റ്, ഗ്രീൻ കാറ്റഗറികളിൽ പെട്ടതുമായ വ്യവസായ ആവശ്യത്തിനുള്ള കെട്ടിടങ്ങൾക്ക് അപേക്ഷിച്ചാൽ ഉടൻ പെർമിറ്റ് ലഭിക്കും. സർക്കാർ കെട്ടിടങ്ങൾക്കും പെർമിറ്റ് നിർബന്ധമാക്കി. പെർമിറ്റ് കൈമാറ്റം വ്യവസ്ഥകൾ കൂടുതൽ ഉദാരമാക്കി. കായികമേഖലയെ പ്രോത്സാഹിപ്പിക്കാൻ ടർഫുകൾക്കും ഗെയിം കോർട്ടുകൾ, ചെറുകിട വ്യവസായങ്ങൾ, പാർക്കിങ് എന്നിവയ്‌ക്കും കൂടുതൽ ഇളവുണ്ട്.









0 comments