Deshabhimani

മണികണ്‌ഠനാൽ തറയിലുണ്ട്‌; ഗാന്ധിജിയുടെ സ്‌പന്ദനം

mahatma gandhi in thrissur

1925 മാർച്ച് 18ന്‌ ഗാന്ധിജി ആദ്യമായി തൃശൂരിൽ എത്തിയപ്പോൾ നടത്തിയ സ്വീകരണ പൊതുയോഗം (ഫയൽ ചിത്രം)

avatar
സി എ പ്രേമചന്ദ്രൻ

Published on Mar 17, 2025, 09:32 AM | 1 min read

തൃശൂർ: തേക്കിൻകാട്‌ മെതാനിയിലെ മണികണ്‌ഠനാൽ ഇന്നും വിളിച്ചോതുകയാണ്‌ നൂറ്റാണ്ട്‌ മുമ്പത്തെ സ്വാതന്ത്ര്യസമര ജ്വാലകളും ഗാന്ധിജിയുടെ സ്‌മരണകളും. 1925 മാർച്ച് 18നാണ്‌ ഗാന്ധിജി ആദ്യമായി തൃശൂരിൽ എത്തിയത്‌. ദേശീയ സ്വാതന്ത്ര്യസമര സന്ദേശവുമായി എത്തിയ ഗാന്ധിജിക്ക്‌ മണികണ്ഠനാലിനു സമീപമായിരുന്നു സ്വീകരണം. 1927, 1934, എന്നീ വർഷങ്ങളിലും ഗാന്ധിജി തൃശൂരിലെത്തിയിരുന്നു. വൈക്കം സത്യാഗ്രഹം, അയിത്തോച്ചാടനം, ഖാദി പ്രചാരണം എന്നീ പ്രധാന കാര്യങ്ങൾക്കാണ്‌ ഗാന്ധിജി മുൻഗണന നൽകിയിരുന്നത്.


1925ൽ തൃശൂരിലെത്തിയ ഗാന്ധിജിക്ക് കുറൂർ നീലകണ്‌ഠൻ നമ്പൂതിതരിപ്പാട്‌, മൂത്തേടത്ത്‌ നാരായണമേനോൻ, സി കുട്ടൻ നായർ, ടി സി കൊച്ചുക്കുട്ടിഅമ്മ, എസ്‌ നീലകണ്‌ഠ അയ്യർ, ഇക്കണ്ട വാര്യർ എന്നിവരുടെ നേതൃത്വത്തിൽ തൃശൂർ നഗരസഭയും യോഗക്ഷേമസഭ വിദ്യാർഥികളും ചേർന്നാണ് സ്വീകരണം ഒരുക്കിയത്‌. പൊതുയോഗത്തിനുശേഷം കൊച്ചി രാജാവ് രാജർഷി രാമവർമയെ ഗാന്ധിജി സന്ദർശിച്ചു. പാലക്കാട്ടേക്ക് പോകുന്ന വഴി തൃശൂർ നഗരാതിർത്തിയിൽ ദളിതർ ഗാന്ധിജിക്ക് സ്വീകരണം നൽകി. 1927 ഒക്ടോബർ 14ന് ഗാന്ധിജി വീണ്ടും തൃശൂരിലെത്തി. ബഥേൽ ആശ്രമം വക നെയ്ത്ത് സ്കൂൾ, സെന്റ് തോമസ് കോളേജ് എന്നിവ സന്ദർശിച്ചു. ഒക്ടോബർ 15ന് വിവേകോദയം സ്കൂൾ ഉൾപ്പെടെയുള്ള വിദ്യാലയങ്ങൾ സന്ദർശിച്ചു. തേക്കിൻകാട് മൈതാനിയിൽ പൊതുസമ്മേളനത്തിലും പങ്കെടുത്തു.


1934ലായിരുന്നു ഗാന്ധിജിയുടെ മൂന്നാമത്തെ സന്ദർശനം. ജനുവരി 11ന് ഗുരുവായൂർ കുന്നംകുളം എന്നിവിടങ്ങളിൽ പ്രസംഗിച്ചു. ജനുവരി 16ന് ഗാന്ധിജി വീണ്ടും തൃശൂരിലെ പുറനാട്ടുകരയിലുള്ള ശ്രീരാമകൃഷ്ണ ഗുരുകുലത്തിലെത്തി താമസിച്ചു. ജനുവരി 17ന് തൃശൂരിലേക്ക് വരുന്നതിനിടെ ഒളരി, പുല്ലഴി, അരണാട്ടുകര, ലാലൂർ എന്നിവിടങ്ങളിൽ ഹരിജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകൾ സന്ദർശിച്ചു. അവരുടെ ആഗ്രഹപ്രകാരം അവർക്ക് പ്രാർഥിക്കാനായി സുബ്രഹ്മണ്യസ്വാമിയുടെ ചിത്രം പ്രതിഷ്ഠിച്ചു. തുടർന്ന് തൃശൂർ മണികണ്ഠനാൽ പരിസരം, കൂർക്കഞ്ചേരി, ഇരിങ്ങാലക്കുട, ചാലക്കുടി എന്നിവിടങ്ങളിലും ജനങ്ങളെ അഭിസംബോധന ചെയ്‌തു. സർവോദയ –- ഗാന്ധിമാർഗ സംഘടനകൾ ഗാന്ധിജിയുടെ തൃശൂർ സന്ദർശനത്തിന്റെ ശതാബ്ദി ദിനമായ 18ന് രാവിലെ ഒമ്പതിന്‌ തേക്കിൻകാട്‌ മൈതാനിയിൽ ശതാബ്ദി സംഗമം നടത്തുമെന്ന്‌ സർവോദയ ദർശൻ ചെയർമാൻ എം പീതാംബരൻ അറിയിച്ചു.



deshabhimani section

Related News

0 comments
Sort by

Home