സർവീസ് റദ്ദാക്കിയത് യാത്രക്കാര്‍ അറിയുന്നത് കപ്പലില്‍ കയറുമ്പോള്‍
ലക്ഷദ്വീപിലേക്കുള്ള കപ്പൽ റദ്ദാക്കി ; വലഞ്ഞ് യാത്രക്കാർ

കൊച്ചി
കൊച്ചിയിൽനിന്ന് ലക്ഷദ്വീപിലേക്കുള്ള കപ്പൽ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതോടെ യാത്രക്കാർ കുടുങ്ങി. ചികിത്സയ്ക്കും മാറ്റാവശ്യങ്ങൾക്കുമായി സംസ്ഥാനത്തെത്തിയ ദ്വീപിൽനിന്നുള്ള 750 യാത്രക്കാരാണ് തിരികെപ്പോകാനാകാതെ കൊച്ചിയിൽ കുടുങ്ങിയത്. ഇവർക്കുള്ള താമസസൗകര്യവും ഭക്ഷണവും ഒരുക്കാൻ ദ്വീപ് ഭരണാധികാരികളോ കപ്പൽ കമ്പനി അധികൃതരോ തയ്യാറായില്ലെന്നും പരാതിയുണ്ട്.
ശനിയാഴ്ച കൊച്ചിയിൽനിന്ന് പുറപ്പെടേണ്ടിയിരുന്ന ‘എംവി കവരത്തി’ കപ്പലാണ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്. 150 ഓളം യാത്രക്കാർ കപ്പലിൽ കയറുകയും ബാക്കിയുള്ളവർ കയറാനായി തുറമുഖത്ത് വരിനിൽക്കുകയും ചെയ്യുമ്പോഴാണ് യാത്ര റദ്ദാക്കിയതായി അധികൃതർ അറിയിച്ചത്. മോശം കാലാവസ്ഥയാണ് കാരണമെന്ന് അധികൃതർ വിശദീകരിച്ചു. അതേസമയം, തുറമുഖ അധികൃതർ അനുമതി നൽകിയാൽ യാത്രക്കാർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിനൽകാമെന്ന് കപ്പൽ കമ്പനി അറിയിച്ചതായി സിപിഐ എം ലക്ഷദ്വീപ് ലോക്കൽ സെക്രട്ടറി മുഹമ്മദ് ഷാഫി ഖുറൈശി പറഞ്ഞു. എന്നാൽ, തുറമുഖ അധികൃതർ അനുകൂല തീരുമാനം കൈക്കൊള്ളുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകളും കുട്ടികളും വൃദ്ധരും ഉൾപ്പെടെയാണ് അധികൃതരുടെ ദയാവായ്പിനായി കാത്തിരിക്കുന്നത്.
യാത്ര റദ്ദാക്കിയതോടെ കുടുങ്ങിയവർക്ക് ഭക്ഷണവും താമസസൗകര്യവും ഒരുക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം ലക്ഷദ്വീപ് ലോക്കൽ കമ്മിറ്റിയും ഡിവൈഎഫ്ഐ ലക്ഷദ്വീപ് ഘടകവും തുറമുഖ അധികൃതർക്ക് പരാതി ഇ മെയിൽ ചെയ്തു. ഇവർക്ക് വൈകാതെ ദ്വീപിലേക്ക് യാത്രാസൗകര്യം ഒരുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.









0 comments