ബിജെപിയിലെ തർക്കത്തിന്റെ പേരിൽ കേരളത്തിന് എയിംസ് നഷ്ടമാകരുത്: എം വി ​ഗോവിന്ദൻ

M V Govindan
വെബ് ഡെസ്ക്

Published on Sep 26, 2025, 04:47 PM | 1 min read

തിരുവനന്തപുരം: ബിജെപിക്കുള്ളിലെ തർക്കത്തിന്റെ പേരിൽ കേരളത്തിന് എയിംസ് നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. വിവിധ സന്ദർഭങ്ങളിലായി കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്രസർക്കാർ പറഞ്ഞുവെങ്കിലും നിരാശ ആയിരുന്നു മുൻകാല അനുഭവം. എന്നാൽ ഇപ്പോൾ കേന്ദ്രമന്ത്രിയും കേരളത്തിലെ ബിജെപിയിലെ ഒരുവിഭാ​ഗവും രണ്ടായി തിരിഞ്ഞ് അവർ തമ്മിലുള്ള തർക്കത്തിന്റെ ഭാ​ഗമാക്കുകയാണ് എയിംസിനെ. സംസ്ഥാന സർക്കാരും കേന്ദ്രസംഘവും കണ്ടെത്തിയ കോഴിക്കോട് ജില്ലയിലെ കിനാലൂരിൽ എയിംസ് ഉടൻ അനുവദിക്കണമെന്നും എം വി ​ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


വികസനകാര്യത്തിലെങ്കിലും ഒരുമിച്ച് നിൽക്കാൻ ബിജെപിക്ക് ആലോചിക്കാനേ സാധിക്കുന്നില്ല. രണ്ട് സ്ഥലം പറഞ്ഞിട്ട്, അവിടെ എയിംസ് അനുവദിച്ചില്ലെങ്കിൽ തമിഴ്നാട്ടിലേക്ക് പൊക്കോട്ടെ എന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. നിരുത്തരവാദപരമായ രീതിയിലാണ് കേന്ദ്രമന്ത്രി പെരുമാറുന്നത്. കേരളത്തിന്റെ ഭാവിയെ തന്നെ തകർക്കാൻ കുട്ടുനിൽക്കുന്ന നിലാപാടാണ് ബിജെപി കൈക്കൊള്ളുന്നത്. സ്ഥലത്തിന്റെ പേരുംപറഞ്ഞ് ആവശ്യമില്ലാത്ത സംഘർഷമുണ്ടാക്കാതെ എത്രയും വേ​ഗം എയിംസ് അനുവദിക്കുകയാണ് ചെയ്യേണ്ടത്.


19-6-2014ൽ കേന്ദ്രസർക്കാർ സംസ്ഥാനത്തിന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ എയിംസിനായി 16-7-2014ൽ കിനാനൂരിലെ 150 ഏക്കർ ഭൂമി കണ്ടെത്തുകയും 9-1-2017ൽ ആരോ​ഗ്യവകുപ്പ് കേന്ദ്രത്തെ അറിയിക്കുകയും ചെയ്തതാണ്. തുടർന്ന് കേന്ദ്രസംഘം കേരളത്തിലെത്തി നിർദിഷ്ട സ്ഥലം പരിശോധിച്ച് തൃപ്തിപ്പെടുകയും ചെയ്തു. അവർ നിർദേശിച്ചതിനനുസരിച്ച് 50 ഏക്കർ ഭൂമി കൂടി ഏറ്റെടുക്കാനുള്ള നടപടിയും ചെയ്തു.

കോഴിക്കോട് എയിംസ് അനുവദിക്കണമെന്ന ശുപാർശയോടെ കേന്ദ്ര ആരോ​ഗ്യവകുപ്പ് മന്ത്രി ധനവകുപ്പിന് കത്തയച്ചു. അടുത്തഘട്ടത്തിൽ തന്നെ കേരളത്തിന് എയിംസ് അനുവദിക്കണമെന്നാണ് കേന്ദ്ര ആരോ​ഗ്യമന്ത്രി ശുപാർശ ചെയ്തത്. കിനാലൂരിലെ നിർദിഷ്ടസ്ഥലം അനുയോജ്യമല്ലെന്ന് ഒരുഘട്ടത്തിലും കേന്ദ്രം കേരളത്തോട് പറഞ്ഞിട്ടില്ലെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home