സർക്കാർ ആശുപത്രികളെ ദുർബലപ്പെടുത്താൻ 
തെറ്റായ പ്രചാരണം , കനുഗോലുവിന്റെ തന്ത്രത്തിൽ മാധ്യമങ്ങൾ 
കുടുങ്ങരുത്‌

ആരോഗ്യമേഖലയ്‌ക്കെതിരായ നീക്കം കോർപറേറ്റുകൾക്കായി : എം വി ഗോവിന്ദൻ

M V Govindan press meet
വെബ് ഡെസ്ക്

Published on Jul 05, 2025, 03:22 AM | 1 min read


തിരുവനന്തപുരം

കേരളത്തിലെ ശക്തമായ ആരോഗ്യമേഖലയെ കോർപറേറ്റുകൾക്കുവേണ്ടി ദുർബലപ്പെടുത്തുന്ന സമീപനമാണ്‌ പ്രതിപക്ഷത്തിനും ചില മാധ്യമങ്ങൾക്കുമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആരോഗ്യമേഖലയ്‌ക്കെതിരായ തെറ്റായ പ്രചാരണം വലിയ ജനദ്രോഹമാണ്‌. കനുഗോലു തയ്യാറാക്കിയ തന്ത്രത്തിൽ മാധ്യമങ്ങൾ കുടുങ്ങരുത്‌.


പൊതുജനാരോഗ്യമേഖലയെ സ്വകാര്യവൽക്കരിക്കാനാണ്‌ യുഡിഎഫ്‌ ശ്രമിച്ചത്‌. എന്നാൽ സാമ്പത്തിക പ്രയാസമുണ്ടായിട്ടും ആരോഗ്യമേഖലയിൽ സർക്കാർ കാര്യമായി ഇടപെടുന്നു. സൗജന്യ മരുന്ന്‌ നൽകാൻ മെഡിക്കൽ സർവീസസ്‌ കോർപറേഷനിലൂടെ മാത്രം സംസ്ഥാനം ചെലവിട്ടത്‌ 3,300 കോടിയോളം രൂപ. ഇതിന്റെ ഫലമായി ആരോഗ്യസൂചികയിൽ കേരളം ഏറെ മുന്നോട്ടുപോയി. സർക്കാർ ആശുപത്രികളെ സാധാരണക്കാർ കൂടുതലായി ആശ്രയിച്ചുതുടങ്ങി. ഇത്തരത്തിൽ ശക്തമായ കേരളത്തിലെ പൊതുആരോഗ്യമേഖലയെ ഇകഴ്‌ത്താൻ അടിസ്ഥാനരഹിതമായ പ്രചാരവേല സംഘടിപ്പിക്കുകയാണ്‌ യുഡിഎഫും ചില മാധ്യമങ്ങളും. സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നവരെ തെറ്റിദ്ധരിപ്പിക്കാനാണ്‌ നീക്കം.


കേരളത്തിന്റെ ആരോഗ്യമേഖലയിൽ പിടിമുറുക്കാൻ വിദേശ മൂലധനവും വലിയ തോതിൽ വരുന്നുണ്ട്‌. ഇവരുടെയെല്ലാം താൽപ്പര്യം, കേരളത്തിലെ പൊതുജനാരോഗ്യ മേഖലയുടെ ഇടപെടൽശേഷി ഇല്ലാതാക്കുകയെന്നതാണ്‌. അപകടകരമായ ഈ നിലപാട്‌ കൃത്യമായി മനസിലാക്കാനും ജനങ്ങളോട്‌ തുറന്നുപറയാനും മാധ്യമങ്ങൾ തയ്യാറാകണം. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും കോർപറേറ്റുകൾ ആശുപത്രികൾ വാങ്ങിക്കൂട്ടുന്നതായാണ്‌ അടുത്തകാലത്തെ പ്രവണത.


കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ പഴയ ശുചിമുറി കെട്ടിടം തകർന്ന സംഭവത്തെ വക്രീകരിച്ച്‌ രാഷ്‌ട്രീയമായി ഉപയോഗിക്കുകയാണ്‌ പ്രതിപക്ഷ നേതാവും ചില മാധ്യമങ്ങളും. രക്ഷാപ്രവർത്തനം നിർത്തിവച്ചുവെന്ന കള്ളപ്രചാരണം നടത്തുന്നതും ആസൂത്രിതമാണ്‌–- എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home