നിമിഷപ്രിയയുടെ മോചനം

വർഗീയ ചേരിതിരിവുണ്ടാക്കാനുള്ള 
നീക്കത്തിനെതിരെ ജാഗ്രത വേണം : എം വി ഗോവിന്ദൻ

M V Govindan on nimisha priya case
വെബ് ഡെസ്ക്

Published on Jul 18, 2025, 03:11 AM | 2 min read


തിരുവനന്തപുരം

യമനിൽ വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിനുവേണ്ടി സമസ്‌തകേരള ജംഇയത്തുൽ ഉലമ നേതാവ്‌ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നടത്തിയ ഇടപെടലിനെ എത്ര ശ്ലാഘിച്ചാലും അധികമല്ലെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.


അദ്ദേഹത്തിന്റെ ഇടപെടലിൽ വധശിക്ഷ നീട്ടിവച്ചിരിക്കുകയാണ്‌. എന്നാൽ മോചനത്തിന്‌ തടസ്സമാകുന്ന തരത്തിൽ അദ്ദേഹത്തെ സമൂഹമാധ്യമങ്ങളിലൂടെ ആക്രമിക്കാനാണ്‌ ചിലർ ശ്രമിക്കുന്നത്‌. വർഗീയ ചേരിതിരിവുണ്ടാക്കാനുള്ള നീക്കത്തിനെതിരെ സമൂഹം ജാഗരൂകമാകണം –എം വി ഗോവിന്ദൻ പറഞ്ഞു.


നിമിഷ പ്രിയയുടെ മോചനത്തിനുവേണ്ടി സംസ്ഥാന സർക്കാർ നല്ല ഇടപെടലാണ്‌ നടത്തിയത്‌. മൂന്നുതവണ വിദേശമന്ത്രിക്കും പ്രധാനമന്ത്രിക്കും നിവേദനം നൽകി.

ഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ പ്രതിനിധി കെ വി തോമസും ഇടപെട്ടു. ലോക കേരളസഭയിലെ അംഗങ്ങളാണ്‌ ആക്‌ഷൻ കൗൺസിൽ രൂപീകരിച്ച്‌ മോചനത്തിനാവശ്യമായ ഇടപെടൽ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നത്‌. കാന്തപുരം എ പി അബൂബക്കറുടെ ഇടപെടലിൽ യമനിലെ സൂഫി പണ്ഡിതരുടെ നേതൃത്വത്തിൽ ചർച്ചകൾ നടക്കുകയാണ്‌.


നിമിഷപ്രിയയുടെ മോചനത്തിന്‌ എല്ലാവരുടെയും പിന്തുണ ആവശ്യമാണ്‌ –- എം വി ഗോവിന്ദൻ പറഞ്ഞു.


ആർഎസ്‌എസിന്റെ ജ്ഞാനസഭ അപകടകരമായ നീക്കം

ഗവർണറിലൂടെ സർവകലാശാലകളെ സ്‌തംഭിപ്പിക്കാനുള്ള കേന്ദ്രനീക്കം അനുവദിക്കില്ലെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ആർഎസ്‌എസ്‌ തലവൻ മോഹൻഭാഗവത്‌ വൈസ്‌ ചാൻസലർമാരുടെ യോഗം വിളിക്കുന്നു എന്നത്‌ അപകടകരമായ പ്രവണതയാണ്‌. ജ്ഞാനസഭ എന്ന പേരിലാണ്‌ യോഗം. കേരളമടക്കമുള്ള ചില ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കാവിവൽക്കരണത്തെ തടയുന്നു എന്നതിനാലാണിത്‌. സംഘപരിവാറിന്റെയും ഗവർണർമാരുടെയും നീക്കങ്ങൾക്കെതിരെ കോടതികൾ നിരന്തരം വിധിന്യായം പുറപ്പെടുവിച്ച്‌ ഭരണഘടനയെ ഉയർത്തിപ്പിടിക്കുന്നുണ്ട്‌. താൽക്കാലിക വിസിമാരെ നിയമിച്ച ഗവർണറുടെ നടപടി തള്ളിയ ഹൈക്കോടതി വിധി സർക്കാർ നിലപാടാണ്‌ ശരി എന്ന്‌ തെളിയിക്കുന്നതാണ്‌. സർവകലാശാലകൾ പിടിച്ചടക്കി വിദ്യാർഥികളുടെ ഭാവി തകർക്കുന്ന സംഘപരിവാറിനെ തുറന്നെതിർക്കാൻ യുഡിഎഫ്‌ തയ്യാറാകുന്നില്ല. ആർഎസ്‌എസിനൊപ്പമാണ്‌ അവർ എന്നാണ്‌ വ്യക്തമാകുന്നത്‌ –- അദ്ദേഹം പറഞ്ഞു.


കുട്ടികളുടെ 
സുരക്ഷ 
ഉറപ്പാക്കണം

കൊല്ലം തേവലക്കരയിലെ സ്കൂൾ വിദ്യാർഥി മിഥുന്റെ വിയോ​ഗം അതീവ ദുഃഖകരമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത അധികൃതരുടെ ഭാഗത്ത്‌ നിന്നുണ്ടാകണം.

സ്കൂളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിക്കണം. കുടുംബാംഗങ്ങളുടെയും സഹപാഠികളുടെയും അധ്യാപകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും എം വി ഗോവിന്ദൻ പ്രസ്താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home