ബിജെപി നേതാക്കൾ അരമനകൾ കയറിയിറങ്ങുന്നത് വോട്ടുലക്ഷ്യത്തിൽ : എം വി ഗോവിന്ദൻ

തിരുവനന്തപുരം
ഛത്തീസ്‌ഗഡിൽ കന്യാസ്‌ത്രീകളെ ജയിലിലടച്ചതിൽ പ്രതിഷേധമുയരുമ്പോൾ കേരളത്തിലെ ബിജെപി നേതാക്കൾ അരമനകൾ കയറിയിറങ്ങുന്നത് വോട്ടുമാത്രം ലക്ഷ്യമിട്ടാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അവിടെ ആക്രമിക്കുമ്പോൾ ഇവിടെ സന്ദർശനംകൊണ്ട് കാര്യമില്ല. ആക്രമണത്തെ സന്ദർശനംകൊണ്ട് വെള്ളപൂശാനുമാകില്ല.
അരമനകൾ കയറിയിറങ്ങുന്ന ബിജെപി നേതാക്കളെ പുരോഹിതർ സ്വീകരിക്കുന്നതിനെ തെറ്റായി കാണേണ്ടതില്ലെന്നും അതാണ് കേരളത്തിന്റെ മര്യാദയെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. വ്യത്യസ്‌ത മതത്തിൽ പെട്ടവർ ഇത്രയും സൗഹാർദത്തോടെ കഴിയുന്നത് മറ്റെവിടേയും കാണാനാകില്ല. കേരളത്തിൽ സംഘപരിവാറിന്റെ രാഷ്‌ട്രീയലക്ഷ്യം സാധ്യമാകാത്തത് ഇവിടെ ശക്തമായ ഇടതുപക്ഷമുള്ളതിനാലാണ്. തൃശൂരിൽ ബിജെപി സ്ഥാനാർഥി ജയിക്കാൻ കാരണം ക്രൈസ്‌തവ വോട്ടുകളാണ് എന്ന അഭിപ്രായമില്ല. കോൺഗ്രസിന്റെ എൺപതിനായിരത്തിലേറെ വോട്ട് ബിജെപി സ്ഥാനാർഥിക്ക് പോയതാണ് അവരുടെ ജയത്തിനിടയാക്കിയത്.
ഛത്തീസ്‌ഗഡിൽ കന്യാസ്‌ത്രീകളെ ജയിലിലടച്ച സംഭവം ഒതുക്കിത്തീർക്കാൻ കഴിയാത്തവിധത്തിലെത്തിയത് ഇടതുപക്ഷത്തിന്റെ ഇടപെടൽ കാരണമാണ്. സന്ദർശനത്തിലൂടെ അവർക്ക് ആശ്വാസം പകരാനും ശക്തമായ ബഹുജനസമ്മർദം വളർത്താനുമായെന്നും അദ്ദേഹം പറഞ്ഞു.









0 comments