സ്വന്തം കേസിന്റെ ചെലവ് സർവകലാശാല നൽകണമെന്ന ആവശ്യം ; ഗവർണറുടെ നടപടി ചട്ടവിരുദ്ധം : എം വി ഗോവിന്ദൻ

തിരുവനന്തപുരം
സുപ്രീംകോടതിയിൽ സ്വന്തംനിലയിൽ നൽകിയ കേസിന്റെ ചെലവ് കെടിയു, ഡിജിറ്റൽ സർവകലാശാലകൾ നൽകണമെന്ന ഗവർണർ രാജേന്ദ്ര ആർലേക്കറുടെ ആവശ്യം ചട്ടവിരുദ്ധമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സർവകലാശാലയുടെ നിലവിലുള്ള നിയമവും ചട്ടവും ഇതനുവദിക്കുന്നില്ല. സർവകലാശാലകളിൽ ഗവർണറുടെ നിയമവിരുദ്ധ ഇടപെടൽ തള്ളിയ ഹൈക്കോടതി വിധികളെയാണ് അദ്ദേഹം സുപ്രീംകോടതിയിൽ ചോദ്യംചെയ്‌തത്. ഇതിലും വിധി എതിരായി. അതിന്റെ ചെലവാണ് സർവകലാശാലകളിൽനിന്ന് ഇൗടാക്കുന്നത്. ഇൗ വിചിത്ര നടപടിക്കെതിരെ പ്രതിഷേധം ഉയരണം.
ആർലേക്കർ നേരിട്ട് രാഷ്‌ട്രീയം കളിക്കുകയാണ്. പക്ഷംപിടിക്കുന്ന ആളുകളെ ഉപയോഗപ്പെടുത്തി നിയമവിരുദ്ധമായി ഇടപെടുന്നു. ഇത് ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാനാണ്. ക്രിയാത്മക നടപടികളിലൂടെയാണ് പൊതുവിദ്യാഭ്യാസ മേഖലയും ഉന്നതവിദ്യാഭ്യാസ മേഖലയും മികച്ച നിലവാരത്തിലേക്ക് കുതിച്ചത്. സർവകലാശാലകളും കോളേജുകളും ദേശീയ, അന്തർദേശീയ നിലവാരത്തിലുള്ള അംഗീകാരം നേടി.
സൗകര്യങ്ങളും നിലവാരവും ഉയർന്നതിന്റെ ഫലമായി ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദ്യാർഥികൾ വർധിച്ചു. രാജ്യത്തെ മികച്ച 17 സർവകലാശാലകളിൽ മൂന്നും ആദ്യ 100 കോളേജുകളിൽ 18ഉം കേരളത്തിലാണ്.
ഇൗ ഘട്ടത്തിലാണ് അനാവശ്യ ഇടപെടലിലൂടെയും കേസുകളിലൂടെയും ഇൗ മേഖലയെ തകർക്കാൻ ഗവർണറെ ഉപയോഗിച്ച് കേന്ദ്രം ശ്രമിക്കുന്നത്. ജനാധിപത്യത്തെ അട്ടിമറിക്കുന്ന നിലപാടുകൾക്കെതിരെ ജനകീയ പ്രതിഷേധം ഉയരണം –അദ്ദേഹം പറഞ്ഞു.









0 comments