വേർപാടിന്റെ വേദനയിൽ ഇന്ന് എം ടിയുടെ പിറന്നാൾ

നടക്കാവ് കൊട്ടാരം റോഡിലെ ‘സിത്താര’യില്‍ ജനാലവെളിച്ചത്തിന് കീഴെ പ്രൗഢി മങ്ങാത്ത ഓർമയിൽ എം ടിയുടെ കസേര
പി വി ജീജോ
Published on Jul 15, 2025, 02:27 AM | 1 min read
കോഴിക്കോട്
കൊട്ടാരം റോഡിലെ സിതാരയിൽ എഴുത്തുകാരനില്ല. എങ്കിലും ആ കസേര ഇന്നും ശൂന്യമല്ല. ‘എം ടിയുടെ കഥകൾ’ എന്ന പുസ്‌തകമുണ്ടാ ഇരിപ്പിടത്തിൽ. ആ സുകൃതസ്‌മരണയുടെ സർഗാത്മകത പരത്തുന്ന അക്ഷരക്കാഴ്‌ച. മലയാളത്തിന്റെ മഹാപ്രതിഭ എം ടി വാസുദേവൻ നായരുടെ 92–-ാം ജന്മദിനമാണ് ചൊവ്വാഴ്‌ച. എഴുത്തുകാരന്റെ വേർപാടിനുശേഷമുള്ള ആദ്യ പിറന്നാൾ.
അസാന്നിധ്യത്തിലും വീട്ടിൽ എം ടിയുടെ നിറസാന്നിധ്യം അനുഭവവേദ്യമാകുന്ന പ്രതീതിയാണ്. എന്നാൽ സിതാരയിൽ എം ടിയുടെ സ്ഥായീഭാവമായ മൗനം കുടിച്ചിരിക്കുന്ന അന്തരീക്ഷമാണിപ്പോൾ. സന്ദർശകരെ സ്വീകരിച്ചും ബീഡിപ്പുകയൂതിയും എം ടി ദിവസത്തിലേറെനേരം ചെലവഴിച്ചിരുന്ന മുറി. അതിലെ ഇരിപ്പിടം, അംഗീകാരമുദ്രകൾ, പുസ്‌തകങ്ങൾ... എല്ലാം അതേപടിയുണ്ട്. എം ടി ഇരിക്കുന്ന കസേരയിൽ ‘എം ടിയുടെ കഥകൾ’ കഥാപുസ്‌തകം പ്രതിഷ്‌ഠിച്ച് ചിരസ്‌മരണയെ ഉപാസിക്കുകയാണ് ജീവിതസഖി കലാമണ്ഡലം സരസ്വതിയും മകൾ അശ്വതിയും.
എഴുത്തുകാരനില്ലാത്ത ആറുമാസം പിന്നിടുമ്പോഴും ആ ജിവിതസങ്കേതം തേടി വായനക്കാരും ആരാധകരും എത്തുന്നുണ്ടവിടെ. എഴുത്തുകാരന്റെ സ്‌നേഹസ്‌മരണയായി ‘എം ടി എഴുത്തിന്റെ ആത്മാവ്’ ദൃശ്യശിൽപ്പം തിങ്കളാഴ്‌ച ടൗൺഹാളിൽ അരങ്ങേറി.
ജന്മദിനത്തിൽ എം ടിയുടെ ജീവിതചിത്രങ്ങൾ അടങ്ങിയ ഫോട്ടോപുസ്‌തകത്തിന്റെ പ്രകാശനവുമുണ്ട്.

തിങ്കളാഴ്‌ച കോഴിക്കോട് ടൗൺഹാളിൽ അരങ്ങേറിയ ‘എം ടി എഴുത്തിന്റെ ആത്മാവ്’ ദൃശ്യശിൽപ്പം









0 comments