അവരെത്തി, നോവോർമകളുമായി

nilambur byelction

കോണ്‍ഗ്രസ് ഓഫീസില്‍ കൊലചെയ്യപ്പെട്ട രാധയുടെ സഹോദരി ശാന്ത കോവിലകത്തുമുറിയിലെ സ്വീകരണത്തില്‍ 
എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജിനെ സ്വീകരിക്കുന്നു

avatar
റഷീദ്‌ ആനപ്പുറം

Published on Jun 03, 2025, 01:55 AM | 1 min read

നിലമ്പൂർ: കോൺഗ്രസ്‌ ഓഫീസിൽ ക്രൂരമായി കൊലചെയ്യപ്പെട്ട രാധ കുട്ടിക്കാലത്ത്‌ കളിച്ചുവളർന്ന മണ്ണ്‌. വലിയ ആൾക്കൂട്ടത്തിൽ ചുവന്ന മാലയുമായി രാധയുടെ സഹോദരങ്ങളായ ശാന്തയും ഭാസ്‌കരനുമുണ്ട്‌. സ്ഥാനാർഥി എം സ്വരാജിന്റെ വാഹനം എത്തിയതോടെ ആവേശപ്പെയ്‌ത്തിൽ ശാന്തയും ഭാസ്‌കരനും മുഷ്‌ടി ചുരുട്ടി. ചുവന്ന ഹാരം അണിയിച്ച ശേഷം ശാന്ത സ്വരാജിന്റെ കൈകൾ ചേർത്തുപിടിച്ചു. എൽഡിഎഫ്‌ സ്ഥാനാർഥി എം സ്വരാജിന്റെ ആദ്യദിന പര്യടനത്തിന്‌ തുടക്കം കുറിച്ച കോവിലകത്തുമുറിയാണ്‌ വികാരനിർഭര രംഗത്തിന്‌ സാക്ഷ്യംവഹിച്ചത്‌.


രാധയുടെ വീട്‌ സ്വീകരണ കേന്ദ്രത്തിന്‌ തൊട്ടടുത്താണ്‌. ഈ പോരാട്ടത്തിന്റെ രാഷ്‌ട്രീയം തിരിച്ചറിഞ്ഞാണ്‌ പ്രായംവകവയ്ക്കാതെ ശാന്ത സ്വീകരണ കേന്ദ്രത്തിൽ എത്തിയത്‌. പുത്തൻ യൂണിഫോം അണിഞ്ഞ്‌ ഒന്നാംക്ലാസുകാരി ഗൗരി ആദ്യം എത്തിയത്‌ സ്വീകരണ കേന്ദ്രത്തിൽ. സ്ഥാനാർഥിക്ക്‌ കൈ കൊടുത്ത്‌ കുശലന്വേഷണം നടത്തി അമ്മയ്‌ക്കൊപ്പം ഗൗരി സ്‌കൂളിലേക്ക്‌. ആശുപത്രിപടിയിൽ സ്വീകരണത്തിന്‌ എത്തിയപ്പോൾ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നിലമ്പൂർ ആയിഷയെ സ്വരാജ്‌ സന്ദർശിച്ചു.


‘ഞങ്ങളുടെ മോനെ ഇവിടെ വേണം. ഞങ്ങളുടെ നിലനിൽപ്പിന്‌..’ സ്വരാജിനെ കണ്ട സരോജിനി കെട്ടിപ്പിടിച്ചു. വീട്ടികുത്തിയിലെ സ്വീകരണ കേന്ദ്രത്തിലായിരുന്നു ഇത്‌. രാമൻകുത്തിലെത്തിയപ്പോൾ തൊട്ടടുത്ത വീട്ടിലെ പൂമുഖത്തിരുന്ന ആയിഷയെ കണ്ട്‌ സ്വരാജ്‌ അനുഗ്രഹംതേടി. മുതുകാട്‌ വലിയ ജനാവലിതന്നെ കാത്തിരുന്നു. അയ്യാർപൊയിയിൽ പഴയകാല പാർടി പ്രവർത്തരായ കുഞ്ഞാണി, കൊഴിപ്പുറം സൈതലവി എന്നിവരെ സ്വരാജ്‌ പൊന്നാട അണിയിച്ചു. ബൈപാസ്‌ ഭൂമി എറ്റെടുക്കാൻ പണം അനുവദിച്ചതിലെ സന്തോഷം പങ്കുവയ്ക്കാൻ ഗുണഭോക്താക്കളായ ആയിഷയും ഹബീബയും സുഹറയും സഫിയയും എത്തി. വല്ലപ്പുഴയിൽ പട്ടാളത്തിൽനിന്ന്‌ വിരമിച്ച അമീൻ റഷീദിനെ സ്വരാജ്‌ ആദരിച്ചു.


എല്ലാ കേന്ദ്രങ്ങളിലും ഉജ്വല വരവേൽപ്പാണ്‌ ലഭിച്ചത്‌. പടക്കം പൊട്ടിച്ചും മുത്തുക്കുട ചൂടിയും ശിങ്കാരിയുടെ അകമ്പടിയോടെയുമാണ്‌ സ്ഥാനാർഥികളെ വരവേറ്റത്‌.



deshabhimani section

Related News

View More
0 comments
Sort by

Home