എൽഡിഎഫ് മികച്ച വിജയം നേടും; മാറ്റം പ്രകടമെന്ന് എം സ്വരാജ്

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ നല്ല വിജയപ്രതീക്ഷയുണ്ടെന്ന് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ്. എൽഡിഎഫ് മികച്ച വിജയം നേടുമെന്നും നിലമ്പൂരിൽ ഒരു മാറ്റം പ്രകടമായിരുന്നെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ഭരണ വിരുദ്ധ വികാരം നിലമ്പൂരിൽ ഉണ്ടായില്ല എന്നതാണ് അനുഭവം. എം വി ഗോവിന്ദൻ മാസ്റ്ററുടെ പ്രതികരണത്തിൽ തെറ്റായ പ്രചരണത്തിന് ശ്രമം നടന്നപ്പോൾ അദ്ദേഹം തന്നെ വിശദീകരണം നൽകിയതാണ്. അതെ വിഷയത്തിൽ മുഖ്യമന്ത്രിയും ചരിത്രം വിശദീകരിച്ചു. അതോടെ ദുർവ്യാഖ്യാനം ചെയ്തവർക്ക് നിരാശയുണ്ടാക്കിയെന്നും എം സ്വരാജ് പറഞ്ഞു.
നിലമ്പൂരിൽ 74.35 ശതമാനം പോളിങ്
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ 74.35 ശതമാനം പോളിങ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വീറും വാശിയും പോളിങ്ങിലും പ്രകടമായി. മഴയിലും ആവേശം തണുത്തില്ല. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 75.23 ശതമാനമായിരുന്നു പോളിങ്ങ്. ആദ്യ രണ്ടു മണിക്കൂറിൽ 13.15 ശതമാനംപേർ വോട്ട് ചെയ്‌തു. മഴ മാറിയതോടെ പോളിങ്ങ് കനത്തു. പകൽ മൂന്നിന് 59.68 എന്നത് വൈകിട്ട് അഞ്ചിന് 70.76 ശതമാനമായി. മിക്കയിടത്തും ആറിനുമുമ്പ് വോട്ടിങ് അവസാനിച്ചു. യന്ത്രത്തിന്റെ വേഗക്കുറവ് ചിലയിടങ്ങളിൽ പോളിങ് വൈകിച്ചു.
വോട്ടെണ്ണൽ 23ന്
23ന് ചുങ്കത്തറ മാർത്തോമാ ഹയർ സെക്കൻഡറി സ്‌കൂളിലാണ് വോട്ടെണ്ണൽ. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. 14 ഇവിഎം കൗണ്ടിങ് ടേബിളുകളും അഞ്ച് പോസ്റ്റൽ ബാലറ്റ്/സർവീസ് വോട്ട് കൗണ്ടിങ് ടേബിളുകളും സജ്ജീകരിക്കും. 21 വീതം കൗണ്ടിങ് സൂപ്പർവൈസർ, കൗണ്ടിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്സർവർ, ഏഴ് എആർഒമാരും ഉൾപ്പെടെ 91 കൗണ്ടിങ് ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. പോസ്റ്റൽ ബാലറ്റ് കൗണ്ടിങ്ങിനായി എട്ടുപേർ വീതമുള്ള 32 ഉദ്യോഗസ്ഥരേയും നിയോഗിച്ചു.









0 comments