ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചോ? എൽഡിഎഫിന്റെ നിലപാട് സുവ്യക്തം: എം സ്വരാജ്

M Swaraj reaction
വെബ് ഡെസ്ക്

Published on Jun 11, 2025, 11:38 AM | 1 min read

നിലമ്പൂർ: വർ​ഗീയതയും മതരാഷ്ട്രവാദവും ഉയർത്തിപ്പിടിക്കുന്നവരുമായി ഒരു നീക്കുപോക്കോ ബന്ധമോ എൽഡിഎഫിന് സാധ്യമല്ലെന്ന് സ്ഥാനാർഥി എം സ്വരാജ്. എൽഡിഎഫിൽ ഒരു വർ​ഗീയശക്തികളുമില്ല. ഇക്കാര്യത്തിൽ നിലപാട് സുവ്യക്തമാണെന്നും സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു.


ആരുടെയൊക്കെ വോട്ട് സ്വീകരിക്കും, ആരുടെയൊക്കെ സ്വീകരിക്കില്ല എന്നകാര്യത്തിൽ ഒരു അവ്യക്തതയുമില്ല. അത് പറയാൻ തെരഞ്ഞെടുപ്പോ സ്ഥാനാർഥിത്വമോ തടസ്സമല്ല. ആ ചോ​ദ്യം മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ബിസ്കറ്റിന് രുചിയുണ്ടെന്ന് മറുപടി പറഞ്ഞ ആളല്ല ഞാൻ. ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചോ എന്നതാണ് ചോദ്യം. അവർ ജനാധിപത്യ- മതനിരപേക്ഷ നിലപാട് സ്വീകരിച്ച്, ബഹുസ്വര സമൂഹത്തെ ശക്തിപ്പെടുത്തുന്ന അഭിപ്രായങ്ങളുമായി അവരുടെ അടിസ്ഥാന പ്രമാണങ്ങളെ തള്ളിപ്പറഞ്ഞ് സമൂഹത്തെ ബോധ്യപ്പെടുത്തിയാൽ അതും സ്വാ​ഗതം ചെയ്യപ്പെടേണ്ടതാണ്.- സ്വരാജ് പറഞ്ഞു.


വർഷങ്ങളായി ശക്തമായ മതനിരപേക്ഷ നിലപാട് പറയുന്നവരാണ് പിഡിപിയെന്നും സ്വരാജ് പറഞ്ഞു. മതരാഷ്ട്രവാദവും വർ​ഗീയതയും മുന്നോട്ടുവെക്കുന്നവരാണോ പിഡിപി എന്ന് വിമർശിക്കുന്നവർ മറുപടി പറയണം. സമീപകാലത്തുള്ള എല്ലാ തെരഞ്ഞെടുപ്പിലും അവരുടെ പിന്തുണ എൽഡിഎഫിനായിരുന്നു. അതിന് മുൻപ് യുഡിഎഫിനെ പിഡിപി പിന്തുണച്ചിട്ടുണ്ട്. മതനിരപേക്ഷ നിലപാടിൽനിന്ന് പിഡിപി ഇനി പിന്നോട്ടുപോയാൽ അക്കാര്യത്തിൽ കൃത്യമായ നിലപാട് പറയും. മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിക്കുന്നവർ പിന്തുണയ്ക്കുന്നു എന്നുപറഞ്ഞാൽ ഇടതുപക്ഷത്തെ സംബന്ധിച്ച് പുതുമയില്ല.


ജമാഅത്തെ ഇസ്ലാമി വെൽഫെയർ പാർടി രൂപീകരിച്ചിട്ട് അധികകാലമായില്ല. സ്ഥാനാർഥിയെ നോക്കി വോട്ട് ചെയ്യുമെന്ന അരാഷ്ട്രീയ നിലപാടാണ് മുൻപ് സ്വീകരിച്ചിരുന്നത്. അന്ന് ബഹുഭൂരിപക്ഷം സീറ്റുകളിലും യുഡിഎഫിനായിരുന്നു ജമാഅത്തെ ഇസ്ലാമി വോട്ട് നൽകിയത്. എന്നാൽ രാഷ്ട്രീയ പാർടി രൂപീകരിച്ചതിനുശേഷം യുഡിഎഫിൽ അപ്രഖ്യാപിത ഘടകകക്ഷിയായി പ്രവർത്തിച്ചുവരികയായിരുന്നു വെൽഫെയർ പാർടി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഓഫീസുകൾക്ക് മുന്നിൽ ഘടകകക്ഷികളുടെ കൊടിക്കൊപ്പം വെൽഫെയർ പാർടിയുടെ കൊടിയുമുണ്ടായിരുന്നു. അതുകൊണ്ടാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലും യുഡിഎഫിന് ജമാഅത്തെ ഇസ്ലാമി പിന്തുണ പ്രഖ്യാപിച്ചതിൽ പുതുമയില്ലെന്ന് പറഞ്ഞതെന്നും സ്വരാജ് വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home