ഹൃദയം പൂക്കളായ് പകുത്ത്

എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജിന് ചുങ്കത്തറ നരയന്‍പൊയിലില്‍ നല്‍കിയ സ്വീകരണം ഫോട്ടോ: മിഥുന്‍ അനില മിത്രന്‍
റഷീദ് ആനപ്പുറം
Published on Jun 11, 2025, 01:22 AM | 1 min read
നിലമ്പൂർ
‘ഓരോ പൂവും ഹൃദയം പകുത്തുനൽകുന്നതിന് തുല്യമാണ്. ഈ പൂക്കളെ ഞാൻ ഹൃദയത്തോട് ചേർത്തുവെക്കുന്നു..’സ്വീകരണ കേന്ദ്രങ്ങളിൽ അമ്മമാരും കുട്ടികളും നൽകിയ പൂക്കൾ സ്വീകരിച്ച് എം സ്വരാജ് പറഞ്ഞു. ജന്മനാടിന്റെ സ്‌നേഹവായ്‌പിൽ, കരുതലിൽ നിലമ്പൂരിന്റെ ഹൃദയം സ്വന്തമാക്കിയിരിക്കുകയാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ്.
ചൊവ്വാഴ്‌ച ഒന്നാംഘട്ട പര്യടനം അവസാനിച്ചു. ചുങ്കത്തറ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലായിരുന്നു പരിപാടി. നാടിന്റെ വികസനവും ക്ഷേമ പ്രവർത്തനവും ജമാഅത്തെ ഇസ്ലാമി–യുഡിഎഫ് കൂട്ടുകെട്ടിലെ അപകടവും ചരുങ്ങിയ വാക്കുകളിൽ അവതരിപ്പിച്ചാണ് സ്വരാജ് പര്യടനകേന്ദ്രങ്ങളിൽ ആവേശമേറ്റുവാങ്ങിയത്. ക്ഷേമ പെൻഷനെ കൈക്കൂലിയായി ആക്ഷേപിച്ച കോൺഗ്രസ് നേതാവിന്റെ ക്രൂരത, വഴിക്കടവിൽ വിദ്യാർഥി പന്നിക്കെണിയിൽ ഷോക്കേറ്റുമരിച്ച ദാരുണ സംഭവത്തിന്റെ മറവിൽ രാഷ്‌ട്രീയ ലാഭം കൊയ്യാനുള്ള നീചനീക്കം... എല്ലാം അളന്നുമുറിച്ച വാക്കുകളിൽ തുറന്നുകാട്ടിയാണ് സംസാരം.
നിലമ്പൂരിലെ വോട്ടർമാർ രാഷ്‌ട്രീയ വഞ്ചനക്കും അവിശുദ്ധ കൂട്ടുകെട്ടുകൾക്കും കണക്ക് ചോദിക്കും എന്നതിന്റെ തെളിവാണ് എം സ്വരാജിന് ലഭിക്കുന്ന വരവേൽപ്. പിന്തുണയും സ്‌നേഹവുമായി സ്ഥാനാർഥിയുടെ സഹപാഠികളും അധ്യാപകരും ഒത്തുകൂടിയ അപൂർവത. യുവജനങ്ങളും സ്‌ത്രീകളും മുതൽ മുതിർന്ന പൗരന്മാർവരെ ഒത്തുകൂടുന്നു. കെ ആർ മീരയടക്കമുള്ള എഴുത്തുകാർ ഐക്യദാർഢ്യവുമായി എത്തുന്നു. ഇതിൽ വലതുപക്ഷവും സംഘപരിവാരുകാരും അനുഭവിക്കുന്ന അസ്വസ്ഥത പ്രകടം. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ അടുത്ത ദിവസം മണ്ഡലത്തിൽ എത്തുന്നതോടെ പ്രചാരണം കൂടുതൽ കൊഴുക്കും.









0 comments