കരുതലിന്റെ കരംചേർത്ത്

എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് പോത്തുകല്ല് പനയംചാലിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കൊപ്പം
റഷീദ് ആനപ്പുറം
Published on Jun 04, 2025, 02:19 AM | 1 min read
നിലമ്പൂർ
മഴ മാറിയ പകൽ. മഹാ പ്രളയത്തിൽ ഒലിച്ചുപോയ ഒരു നാട് അതിജീവനത്തിന്റെ കരുത്തുമായ് പാതാറിൽ കാത്തിരുന്നു, പ്രിയ സ്ഥാനാർഥി എം സ്വരാജിനെ വരവേൽക്കാൻ. ഈ സർക്കാരും പാർടിയും തങ്ങളെ ചേർത്ത് നിർത്തിയതിലെ അനുഭവം അവരുടെ മുഖങ്ങളിലുണ്ട്. സ്ഥാനാർഥി എത്തിയതോടെ മുദ്രവാക്യം വിളിച്ച് എതിരേറ്റു. ഓരോരുത്തരേയും പേരെടുത്ത് വിളിച്ച് സൗഹൃദം പുതുക്കി സ്വരാജ്. പാതാറുകാർക്കാകട്ടെ സ്വരാജ് സ്ഥാനാർഥിമാത്രമല്ല സ്വന്തം നാട്ടുകാരനുമാണ്.
പിറന്ന മണ്ണിൽ, കളിച്ച് വളർന്ന സ്വന്തം നാട്ടിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് സ്‌നേഹവാത്സല്യങ്ങൾ നിറഞ്ഞ സ്വീകരണമാണ് ചൊവ്വാഴ്‌ച ലഭിച്ചത്. പോത്ത്‌കല്ല് പഞ്ചായത്തിലെ ഓരോ സ്വീകരണ കേന്ദ്രവും ജനബാഹുല്യമായിരുന്നു. ചെണ്ടവാദ്യവും മുത്തുക്കുടയും കരിമരുന്ന് പ്രയോഗവും സ്വീകരണങ്ങൾക്ക് നിറമേകി. സ്‌ത്രീകൾ ഉൾപ്പെടെ പ്രായം മറന്ന് നിരവധി പേർ തങ്ങളുടെ നാടിന്റെ മകനെ അനുഗ്രഹിക്കാൻ എത്തി.
പൂളപ്പാടം സ്‌കൂൾപടിയിൽ എത്തിയപ്പോൾ സ്വീകരണ കേന്ദ്രത്തിന് മുൻവശത്തെ റോഡിലേക്ക് എം സ്വരാജിന്റെ കണ്ണുടക്കി. താൻ സ്‌കൂളിൽ പോയ വഴി. ആ കാലം ഓർമയിൽ നിറഞ്ഞു. പിന്നീട് കാത്തിരുന്നില്ല, ഉച്ചയിലെ ഇടവേളയിൽ സ്‌കൂളിലേക്ക് യാത്ര. അവിടെയെത്തിയപ്പോൾ ‘ സ്വരാജേ’ എന്ന വിളി. യുകെജി ക്ലാസിലെ കൂട്ടുകാർക്കിടയിൽനിന്ന് കൈകൾ വീശി അവൾ അരികെ എത്തിയപ്പോൾ സ്ഥാനാർഥിക്ക് ആളെ മനസ്സിലായി. രാവിലെ സ്വീകരണ കേന്ദ്രത്തിലെത്തി ചുവപ്പുമാല അണിയിച്ച സാസിയ ജിസ. പിന്നെ കാത്തിരുന്നില്ല, ആ കുട്ടിയെ വാരിപുണർന്നു. താൻ ഒന്നിൽ പഠിച്ച ക്ലാസിലെ ബെഞ്ചിൽ ഇരുന്ന് പഠിപ്പിച്ച അധ്യാപകരുടെ പേരുകൾ ഒരോന്നായി സ്വരാജ് ഓർത്തെടുത്തു. ‘ ഇത് എനിക്ക് സ്‌കൂൾ ആയിരുന്നില്ല, എന്നെ രൂപപ്പെടുത്തിയ സർവകലാശാലയാണ്’ എന്ന് നിലവിലെ അധ്യാപകരോട് പറഞ്ഞ് സ്വരാജ് അവർക്കൊപ്പം സെൽഫിക്ക് പോസ് ചെയ്‌തു.
ഭൂദാനത്തെ സ്വീകരണ കേന്ദ്രത്തിലേക്ക് പോകുംവഴി പനയംചാലിൽ തൊഴിലുറപ്പ് തൊഴിലാളികൾ വരവേറ്റു. തങ്ങൾക്ക് ക്ഷേമനിധി സമ്മാനിച്ച സർക്കാരിനോടുള്ള കടപ്പാട് അവർ പ്രകടിപ്പിച്ചു. ക്ഷേമ പെൻഷൻ കഴിഞ്ഞ ദിവസം കിട്ടിയതിലെ സന്തോഷവും പങ്കിട്ടു വിജയമ്മയും ലളിതയും. ശാന്തിഗ്രാമിൽ ആശ വർക്കർമാരും സ്വീകരണ കേന്ദ്രത്തിലെത്തി. വിവിധ കേന്ദ്രങ്ങളിൽ മറ്റുപാർടികളിൽനിന്നുള്ള നിരവധി പേരും സ്ഥാനാർഥിയെ വരവേറ്റു.









0 comments