സ്വപ്‌നനഗരത്തിന്റെ സ്റ്റാർ സ്ട്രൈക്കർ

m s sreekuttan

രാജാജി നഗറിൽ സ്ഥാപിച്ച തന്റെ കൂറ്റൻ കട്ട് ഔട്ടിന് മുന്നിൽ ശ്രീക്കുട്ടൻ / ഫോട്ടോ: എ ആർ അരുൺരാജ്

avatar
വൈഷ്ണവ് ബാബു

Published on Sep 22, 2025, 09:52 AM | 2 min read

തലസ്ഥാനത്തിന്റെ സ്വപ്‌നനഗരിയാണ് രാജാജി. കലാകായിക രംഗത്ത് കഴിവ് തെളിയിച്ച ഒരുപിടി മനുഷ്യരുടെ നാട്. ഇവിടത്തെ ഊടുവഴികളിൽ, ചെറിയ മുറ്റങ്ങളിൽ, ടാറിട്ട റോഡരികുകളിൽ പന്ത്‌ തട്ടിയ ഒരു ചെറുപ്പക്കാരൻ എം എസ് ശ്രീക്കുട്ടൻ, കളിക്കളത്തിൽ വിസ്മയംതീർത്ത്‌ ഇന്ത്യൻ ഫുട്‌ബോളിന്റെ ചവിട്ടുപടികൾ അതിവേഗം കയറുകയാണ്‌. ഖത്തറിലെ ദോഹയിൽ സെപ്തംബർ മൂന്ന്‌, ആറ്‌, ഒന്പത്‌ തീയതികളിൽ നടന്ന അണ്ടർ 23 ഏഷ്യാ കപ്പ് ഫുട്ബോളിൽ ഇന്ത്യയുടെ രണ്ട്‌ ഗോളുകൾക്ക്‌ വഴിയൊരുക്കിയത്‌ ഇ‍ൗ ഇരുപതുകാരന്റെ മികവാണ്‌. കൊച്ചി മഹാരാജാസ്‌ കോളേജിലെ ബിഎ ഹിസ്റ്ററി വിദ്യാർഥിയായ മുന്നേറ്റതാരം നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സീനിയർ ടീം അംഗമാണ്‌. തിരുവനന്തപുരത്തെ കൊച്ചുടൂർണമെന്റുകളിൽനിന്ന്‌ ഇന്ത്യൻ ടീമിലേക്കുള്ള വളർച്ചയെക്കുറിച്ചും ജീവിതവും ഫുട്ബോളും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ചും ശ്രീക്കുട്ടൻ സംസാരിക്കുന്നു...

രാജാജി ന​ഗറിലെ സ്വപ്നങ്ങൾ


​ചെറുപ്പത്തിലേ ഫുട്‌ബോളിനോട് വല്ലാത്ത അടുപ്പമുണ്ടായിരുന്നു. രാജാജി നഗറിലെ കുട്ടിക്കാലം പന്തിനൊപ്പമായിരുന്നു. കൂട്ടുകാരോടൊപ്പം ഷൂസില്ലാതെ, ചെളി നിറഞ്ഞ മൈതാനങ്ങളിലും കല്ലിട്ട വഴികളിലും പന്തുതട്ടി. തമ്പാനൂർ ഗവ. യുപി സ്കൂൾ പഠനകാലത്ത് ചെറിയ ടൂർണമെന്റുകളിൽ പങ്കെടുത്തത്‌ ആവേശനിമിഷങ്ങളായിരുന്നു. ഓരോ കളിയും എന്നെ വളർത്തിയെടുക്കുന്നതുപോലെ അനുഭവിച്ചു. സെൻട്രൽ സ്റ്റേഡിയത്തിലെ പരിശീലനത്തിൽവച്ച് കോച്ച് ദിനേശ് സാറാണ്‌ സ്പോർട്‌സ് കൗൺസിലിൽ ചേരാൻ നിർദേശിച്ചത്. ഇത്‌ ജീവിതത്തിലെ വഴിത്തിരിവായി. ഒരു സാധാരണ കുടുംബത്തിൽനിന്നുള്ള എന്റെ സ്വപ്നങ്ങൾക്ക്‌ ചിറകുമുളച്ചു. ആറാംക്ലാസ് മുതൽ പത്താംക്ലാസ് വരെ പത്തനംതിട്ട തിരുവല്ലത്തെ കൗൺസിലിന്റെ കീഴിലുള്ള സ്കൂളുകളിലായിരുന്നു പഠിച്ചത്‌.


താങ്ങും തണലും

​അച്ഛൻ മണിക്കുട്ടനും അമ്മ ശ്രീദേവിയും സഹോദരിമാരായ ശ്രീക്കുട്ടിയും അഞ്ജന കൃഷ്ണയും നൽകുന്ന പിന്തുണയാണ്‌ ഏറ്റവും വലിയ ശക്തി. തിരുവല്ലത്തെ ടൂർണമെന്റുകൾ കാണാൻ ഓരോ ആഴ്ചയും അവർ വരുമായിരുന്നു. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന ഒരു കുടുംബത്തിൽ കായികതാരത്തെ വളർത്തുന്നത് വലിയൊരു വെല്ലുവിളിയാണെന്ന്‌ എനിക്കറിയാം. എന്നാൽ, എന്റെ അച്ഛൻ മക

ന്റെ സ്വപ്നങ്ങൾക്കുമുമ്പിൽ എല്ലാ പ്രതി
സന്ധികളും മറന്നു. അമ്മൂമ്മ ഗിരിജയും അപ്പൂപ്പൻ തങ്കനും തന്ന
 പ്രോത്സാഹനവും ചെറുതല്ല. അവരുടെ വാക്കുകൾ പല വിഷമഘട്ടങ്ങളെയും അതിജീവിക്കാൻ പ്രേരിപ്പിച്ചു. കൂടാതെ അച്ഛന്റെ സഹോദരങ്ങളും അവരുടെ കുടുംബവും എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്‌. ഇ‍ൗ കാലയളവിൽ പത്തനംതിട്ട ജില്ലാ ടീമിലും സംസ്ഥാന ജൂനിയർ ടീ
മിലും കളിക്കാനും അവസരം
 ലഭിച്ചു.


sreekuttanഅച്ഛൻ മണിക്കുട്ടനും അമ്മ ശ്രീദേവിക്കും സഹോദരി ശ്രീക്കുട്ടിക്കും പിതൃസഹോദരന്റെ മകൾ അഞ്ജനക്കും ഒപ്പം രാജാജി നഗറിലെ വീട്ടിൽ

പുതിയ വഴികൾ

​ഫുട്ബോളിന്റെ ആവേശമുണർത്തുന്ന മലപ്പുറത്തേക്കുള്ള യാത്ര, എന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ലായിരുന്നു. പ്ലസ് വണ്ണും പ്ലസ്ടുവും മലപ്പുറം എംഎസ്‌പി സ്കൂളിലാണ്‌ പഠിച്ചത്‌. സംസ്ഥാന ജൂനിയർ ടീമിലേക്കും ഖേലോ ഇന്ത്യയുടെ ഭാഗമായി ദേശീയ ടീമിലേക്കും ഇവിടെവച്ചാണ്‌ തെരഞ്ഞെടുക്കുന്നത്‌. ഈ പ്രകടനങ്ങൾ കണ്ടാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജൂനിയർ ടീമിലേക്ക് സെലക്‌ഷൻ ലഭിച്ചത്.

​തുടർന്ന് ഡിഗ്രി പഠനത്തിനായി കൊച്ചി മഹാരാജാസ് കോളേജിലെത്തി. കഴിഞ്ഞവർഷം ബ്ലാസ്റ്റേഴ്സിന്റെ സീനിയർ ടീമിലേക്കും തെരഞ്ഞെടുത്തു. ബ്ലാസ്റ്റേഴ്സിനുവേണ്ടി കളിച്ചുവരുമ്പോഴായിരുന്നു അണ്ടർ 23 ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുത്തത്. ഇനി സീനിയർ ഇന്ത്യൻ ടീമിൽ കളിക്കാനാകണമെന്നതാണ് ഏറ്റവും വലിയ ആഗ്രഹം.


പ്രതീക്ഷയുടെ പുത്തൻ ചുവടുകൾ

​രാജാജി നഗറിൽ ഫുട്‌ബോൾ പ്രതിഭകളായ ഒരുപാട് കുട്ടികളുണ്ട്. എന്നാൽ, അവർക്ക് ശരിയായ രീതിയിൽ പരിശീലിക്കാനുള്ള ഗ്രൗണ്ടോ ടർഫോ ഇല്ലെന്നത് പ്രശ്നമാണ്. എന്റെ ജീവിതത്തിലെ മുന്നേറ്റം മറ്റു കുട്ടികൾക്കും ലഭിക്കണം. അടുത്തിടെ മന്ത്രി വി ശിവൻകുട്ടി അനുമോദിക്കാൻ എത്തിയപ്പോൾ, ഈ വിഷയം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. എസ്എംവി സ്കൂളിന്റെ മാഞ്ഞാലിക്കുളം സ്റ്റേഡിയം കളിക്കാർക്കായി തുറന്നുനൽകുന്ന കാര്യം പരിഗണനയിലുണ്ടെന്ന് മന്ത്രി ഉറപ്പുതന്നു. കഠിനാധ്വാനത്തിലൂടെ എവിടെയും എത്തിച്ചേരാൻ കഴിയുമെന്ന്‌ എന്നെ പഠിപ്പിച്ചത്‌ നാടും സുഹൃത്തുക്കളുമാണ്‌. രാജാജി നഗറിലെ ഒരുപാടുപേർ എന്നോടൊപ്പം ടീമുകളിൽ ഉണ്ടാകണമെന്നാണ്‌ ആഗ്രഹം.



deshabhimani section

Related News

View More
0 comments
Sort by

Home