print edition ‘മരിച്ചുകഴിഞ്ഞ്‌ നെഞ്ചത്ത് 
റീത്തുവച്ചിട്ടു കാര്യമില്ല’ ; ബിജെപി നേതൃത്വത്തിനെതിരെ മുൻ സംസ്ഥാന വക്താവ്‌

m s kumar on bjp loan scam

എം എസ് കുമാർ

വെബ് ഡെസ്ക്

Published on Nov 02, 2025, 02:15 AM | 1 min read


തിരുവനന്തപുരം

സഹകരണസംഘത്തിൽനിന്ന്‌ വായ്‌പയെടുത്ത്‌ തിരിച്ചടയ്ക്കാതെ പ്രതിസന്ധിയിലാക്കിയ ബിജെപി നേതാക്കളുടെ പേരുകൾ പുറത്തുവിടുമെന്ന്‌ ബിജെപി മുൻ സംസ്ഥാന വക്താവ്‌ എം എസ്‌ കുമാർ. ജീവനൊടുക്കിയ ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയും കോർപറേഷൻ ക‍ൗൺസിലറുമായിരുന്ന തിരുമല അനിലിന്റെ അതേ അവസ്ഥയിലാണ്‌ താനെന്നും കുമാർ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു. മരിച്ചുകഴിഞ്ഞിട്ട്‌ നെഞ്ചത്ത്‌ റീത്തുവച്ചിട്ട്‌ കാര്യമില്ലെന്നും കുമാർ നേതൃത്വത്തെ ഓർമിപ്പിച്ചു.


ബിജെപിക്കെതിരെ ആത്മഹത്യാക്കുറിപ്പ്‌ എഴുതിവച്ചാണ്‌ തിരുമല അനിൽ ജീവനൊടുക്കിയത്‌. കൂടെ നിൽക്കുമെന്ന് പ്രതീക്ഷിച്ചവർ അനിലിനെ കൈവിട്ടു. ആ അവസ്‌ഥയിലാണ് താനും.


കുമാർ പ്രസിഡന്റായിരുന്ന തിരുവിതാംകൂർ സഹകരണസംഘത്തിനെതിരെ 150ഓളം പരാതികളാണ്‌ ഫോർട്ട്‌, മെഡിക്കൽ കോളേജ്‌, മ്യൂസിയം സ്‌റ്റേഷനുകളിലായി ലഭിച്ചത്‌. സംഘത്തിന്റെ പ്രധാനശാഖയിൽ ഫോർട്ട്‌ പൊലീസ്‌ റെയ്‌ഡ്‌ നടത്തി നിരവധി രേഖകൾ പിടിച്ചെടുത്തിരുന്നു. വായ്‌പയെടുത്ത്‌ തിരിച്ചടയ്ക്കാത്ത ബിജെപി നേതാക്കളുടെ പേരുകൾ പുറത്തുവിടുമെന്ന കുമാറിന്റെ വാക്കുകൾ ബിജെപി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന
താണ്‌.


കുറിപ്പിൽനിന്ന്‌: ‘തദ്ദേശ തെരഞ്ഞെടുപ്പ്‌ വിളിപ്പാടകലെയാണ്. തിരുവനന്തപുരം നഗരസഭയിൽ ചർച്ചയാകാൻ പോകുന്നത് കൗൺസിലർ അനിലിന്റെ ആത്മഹത്യയും അതിലേക്കു നയിച്ച കാരണങ്ങളുമാകും. രാഷ്ട്രീയത്തിൽ ഒരുപാട്‌ ഉയരങ്ങളിൽ എത്തേണ്ട ചെറുപ്പക്കാരന് പാതിവഴിയിൽ മടങ്ങേണ്ടിവന്നു. അവസാന നാളുകളിൽ അദ്ദേഹം അനുഭവിച്ചിട്ടുണ്ടാകാവുന്ന മാനസികസമ്മർദം ഊഹിക്കാൻ കഴിയും. സമാനസാഹചര്യത്തിലൂടെയാണ് ഞാനും കടന്നുപോകുന്നത്.


പ്രതിസന്ധിയിൽ കൂടെനിൽക്കുമെന്ന്‌ പ്രതീക്ഷിക്കുന്നവർ സഹകരിക്കാതെ മാറിനിന്നതിനാലാകാം അനിലിന് സ്വന്തം മക്കളെവരെ മറന്ന്‌ കടുംകൈ ചെയ്യേണ്ടിവന്നത്. വായ്പ എടുത്തിട്ട് തിരിച്ചടക്കാത്തവരെക്കൊണ്ട് അടപ്പിക്കാനെങ്കിലും കഴിയുമായിരുന്നു. അതും ചെയ്തില്ല. 
മരിച്ചു കഴിഞ്ഞു നെഞ്ചത്ത് റീത്തുവയ്ക്കുന്നതല്ല രാഷ്ട്രീയപ്രവർത്തനം. ഞാൻകൂടി ഉള്ള സംഘത്തിൽനിന്ന്‌ വായ്പയെടുത്ത 70 ശതമാനവും, തിരിച്ചടയ്ക്കാത്തവരിൽ 90 ശതമാനവും എന്റെ പാർടിക്കാരാണ്. സാധാരണ പ്രവർത്തകർ മുതൽ സംസ്ഥാന ഭാരവാഹികൾവരെയുണ്ട്‌. നിക്ഷേപം വായ്പയായി കൈപ്പറ്റി മുങ്ങിനടക്കുന്നവർ മാന്യരും ജനനേതാക്കളും ആകുന്ന കളി ഇനി വേണ്ട. ജനങ്ങൾ അറിയട്ടെ.



deshabhimani section

Related News

View More
0 comments
Sort by

Home