ഔദ്യോഗിക സന്ദേശം എസ്‌എംഎസിലൂടെ മാത്രം
എം പരിവാഹന്റെ പേരിൽ വീണ്ടും തട്ടിപ്പ് ; പണം കവർന്ന് സൈബർ കൊള്ളക്കാർ

തട്ടിപ്പുകാർ വാട്‌സാപ്പിലൂടെ അയച്ചുകൊടുക്കുന്ന എപികെ ഫയൽ
കൊച്ചി
വാഹന ഉടമകൾക്ക് സഹായകമായ എം പരിവാഹൻ ആപ്പിന്റെ മറവിൽ സൈബർ തട്ടിപ്പുകൾ പെരുകുന്നു. ട്രാഫിക് നിയമലംഘനത്തിന് പിഴ അടയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് വാട്‌സാപ് വഴിവരുന്ന സന്ദേശത്തിൽ ക്ലിക്ക് ചെയ്യുന്നവരുടെ പണമാണ് സൈബർ കൊള്ളക്കാർ തട്ടുന്നത്. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ നിരവധിപ്പേരുടെ അക്കൗണ്ടുകളിൽനിന്ന് ലക്ഷക്കണക്കിന് രൂപ നഷ്ടമായി. സംസ്ഥാനത്താകെ അമ്പതോളം കേസുകളെടുത്തു.
വാട്‌സാപ് സന്ദേശത്തിലെ ‘എപികെ’ ഫയൽ ഡൗൺലോഡ് ചെയ്‌ത് പിഴത്തുക അടയ്‌ക്കണമെന്നാണ് തട്ടിപ്പുകാർ ആവശ്യപ്പെടുന്നത്. 500 രൂപ പിഴത്തുക അടച്ച് ഒഴിവാകാമെന്ന് കരുതി ഫയൽ ഡൗൺലോഡ് ചെയ്യുന്നവരാണ് തട്ടിപ്പിൽ കുടുങ്ങുന്നത്.
ഫോണിലെ ഗൂഗിൾപേ, ഫോൺപേ ബാങ്ക് ആപ്പുകളിൽ കയറിയാണ് സൈബർ തട്ടിപ്പുകാർ പണം പിൻവലിക്കുന്നത്. പലരുടെയും 10,000 മുതൽ മൂന്നുലക്ഷം രൂപവരെ നഷ്ടമായി.
ആറുമാസംമുമ്പ് ഇത്തരത്തിൽ നടന്ന തട്ടിപ്പിൽ സൈബർ പൊലീസ് നടപടികൾ സ്വീകരിച്ചതോടെ തട്ടിപ്പുകാർ പിൻവാങ്ങിയിരുന്നു. ഇടവേളയ്‌ക്കുശേഷം വീണ്ടും തട്ടിപ്പുകാർ സജീവമായി. ഡോക്ടർമാരും അഭിഭാഷകരും ഉൾപ്പെടെ പ്രമുഖരുടെയടക്കം പണം നഷ്ടപ്പെട്ടിട്ടുണ്ട്.
ഔദ്യോഗിക സന്ദേശം എസ്‌എംഎസിലൂടെ മാത്രം
എം പരിവാഹന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകൾക്കെതിരെ ജാഗ്രത വേണമെന്ന് എറണാകുളം ജില്ലാ റോഡ് ട്രാൻസ്‌പോർട്ട് ഓഫീസർ കെ ആർ സുരേഷ് പറഞ്ഞു. ഗതാഗതനിയമലംഘനത്തിന് മോട്ടോർ വാഹന വകുപ്പിന്റെ സന്ദേശംമാത്രമേ വരികയുള്ളൂ. പിഴ അടയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് എസ്‌എംഎസിലൂടെ മാത്രമാണ് സന്ദേശം അയക്കുന്നത്. വാട്‌സാപ്പിലൂടെ ഒരിക്കലും ഔദ്യോഗിക അറിയിപ്പ് അയക്കില്ല. എം പരിവാഹന്റെ പേരിൽ വാട്‌സാപ് വഴി വരുന്ന മുഴുവൻ സന്ദേശവും വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു.









0 comments