എം ജി ശ്രീകുമാർ പാടി ; മാലിന്യമുക്ത കേരളത്തിനായി

തിരുവനന്തപുരം
‘പ്രബുദ്ധ നാടിൻ
ശുചിത്വബോധം കുതിച്ചുപായട്ടേ
തളർന്ന മണ്ണിൻ ചരിത്രവീര്യം
തിരിച്ചെടുക്കും നാം, തിരിച്ചെടുക്കും നാം...’
നാടിനെ മാലിന്യമുക്തമാക്കാനുള്ള സർക്കാരിന്റെ പ്രയത്നത്തിന് പാട്ടുകൊണ്ട് ഒപ്പംചേർന്ന് ഗായകൻ എം ജി ശ്രീകുമാർ. ‘മാലിന്യമുക്തം നവകേരളം’ ക്യാമ്പയിനുവേണ്ടി എം ജി ശ്രീകുമാർ തയ്യാറാക്കിയ മ്യൂസിക് വീഡിയോ മന്ത്രി എം ബി രാജേഷ് പ്രകാശിപ്പിച്ചു. മാലിന്യമുക്ത നവകേരളത്തിനായി എല്ലാവരും അണിനിരക്കണമെന്ന് ആഹ്വാനം ചെയ്യുന്നതാണ് 3.22 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ. കേരളത്തിന്റെ ഭൂപ്രകൃതിയും മാലിന്യസംസ്‌കരണ പ്രവർത്തനങ്ങളുമെല്ലാം പാട്ടിന് ദൃശ്യഭംഗിയേകുന്നു. നാട് നേരിടുന്ന മാലിന്യപ്രശ്‌നങ്ങളും വീഡിയോയിലുണ്ട്.
മാലിന്യമുക്ത കേരളത്തിന്റെ സന്ദേശകനാകാൻ എം ജി ശ്രീകുമാർ മുന്നോട്ടുവന്നതിൽ സന്തോഷമുണ്ടെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. സംസ്ഥാനത്തെ 95 ശതമാനം വീടുകളിൽനിന്ന് ഹരിതകർമസേന മാലിന്യം ശേഖരിക്കുന്നുണ്ട്. 1.52 ലക്ഷം ടൺ മാലിന്യമാണ് കഴിഞ്ഞവർഷം ശേഖരിച്ചത്. പുനരുപയോഗിക്കാനോ സംസ്‌കരിക്കാനോ കഴിയാത്ത മാലിന്യം ആർഡിഎഫ് ആക്കുന്നതിനുള്ള പ്ലാന്റ് ആറുമാസത്തിനകം സ്ഥാപിക്കും. മുഴുവൻ സാനിറ്ററി മാലിന്യവും സംസ്‌കരിക്കാൻവേണ്ട പ്ലാന്റുകളും നിർമിക്കും. ഇത്രയുമൊക്കെ ചെയ്‌തിട്ടും ജനങ്ങളുടെ പൂർണസഹകരണം ലഭിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. അഞ്ചുമാസത്തിനിടെ 9.5 കോടി രൂപയാണ് പിഴ ചുമത്തിയത്. ഇത്രയും പിഴ ചുമത്തേണ്ടിവന്നത് ജനങ്ങളുടെ മനോഭാവം മാറാത്തതുകൊണ്ടാണെന്നും മന്ത്രി വ്യക്തമാക്കി.
മാലിന്യമുക്ത പ്രവർത്തനങ്ങളിൽ ഒരുമിച്ച് മുന്നോട്ടുപോകാമെന്നും ഇതിനായുള്ള സർക്കാരിന്റെ എല്ലാ പ്രവർത്തനങ്ങളിലും സഹായമുണ്ടാകുമെന്നും എം ജി ശ്രീകുമാർ പറഞ്ഞു.
മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷയായി. വി കെ പ്രശാന്ത് എംഎൽഎ, തദ്ദേശവകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമ, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജെറോമിക് ജോര്‍ജ്, ശുചിത്വമിഷൻ ഡയറക്ടർ യു വി ജോസ്, ക്ലീൻ കേരള കമ്പനി എംഡി ജി കെ സുരേഷ്‌കുമാർ, എസ് ജഹാംഗീർ എന്നിവർ സംസാരിച്ചു.









0 comments