തദ്ദേശ സ്ഥാപനങ്ങളെ കാലാനുസൃതമായി പരിഷ്‌കരിക്കും : എം ബി രാജേഷ്

പാലക്കാട്
പുതിയ വെല്ലുവിളികൾ നേരിടാവുന്ന തരത്തിൽ തദ്ദേശ സ്ഥാപനങ്ങളെ മാറ്റുമെന്നും നിയമങ്ങളും ചട്ടങ്ങളും പരിഷ്കരിക്കുമെന്നും മന്ത്രി എം ബി രാജേഷ്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ "വിഷൻ 2031' സംസ്ഥാന സെമിനാറിൽ "കേരളത്തിന്റെ വികസനം -2031ൽ' കരട് നയരേഖ അവതരിപ്പിക്കുകയായിരുന്നു മന്ത്രി.
ലോകശ്രദ്ധ നേടിയ കേരള വികസന മാതൃക രൂപപ്പെടുത്തിയതിൽ തദ്ദേശ വകുപ്പ് വലിയ പങ്കുവഹിച്ചിട്ടുണ്ട്. കെ- സ്മാർട്ടടക്കമുള്ള ഇ ഗവേണൻസ് സംവിധാനങ്ങളിലൂടെ നികുതി സമാഹരണം നടത്തി സാമ്പത്തിക ശാക്തീകരണം നേടാനായി. കുത്തകകൾക്ക് ബദൽ ഉയർത്താൻ സാധിക്കുന്ന രൂപത്തിൽ കുടുംബശ്രീയെ പ്രാപ്തമാക്കും. കുടുംബശ്രീയെ ഉയർത്തിക്കൊണ്ടുവരാനും സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 50 ശതമാനമായി വർധിപ്പിക്കാനും നടപടിയുണ്ടാകും.
സേവന ഗുണമേന്മ വർധിപ്പിക്കാനായി തദ്ദേശ സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും ഗ്രേഡിങ് കൊണ്ടുവരും. കാര്യശേഷി വികസനത്തിനും ശാസ്ത്രീയ പരിശീലനത്തിനും ഊന്നൽ നൽകും. എൻജിനിയറിങ് മേഖലയും ഗുണനിലവാര പരിശോധനയും ശക്തിപ്പെടുത്തും. തനത് വരുമാനം വർധിപ്പിക്കും. പ്രാദേശിക സാമ്പത്തിക വികസനം വേഗത്തിലാക്കാനുള്ള ചാലക ശക്തിയായി തദ്ദേശ സ്ഥാപനങ്ങളെ മാറ്റും. കാലാവസ്ഥാ വ്യതിയാനം, ദുരന്ത പ്രതികരണം എന്നിവ തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി രൂപീകരണത്തിൽ ഉൾപ്പെടുത്തുമെന്നും – മന്ത്രി പറഞ്ഞു.
എട്ട് സെഷനുകളിലായി ഡോ. ടി എം തോമസ് ഐസക്, സന്തോഷ് ജോർജ് കുളങ്ങര, മാധ്യമപ്രവർത്തകൻ കെ ജെ ജേക്കബ്, അഡ്വ. ഹരീഷ് വാസുദേവൻ, നടി സരയു മോഹൻ, എസ് എം വിജയാനന്ദ്, ഡോ. വി വേണു, ശാരദ മുരളീധരൻ, ജിജു പി അലക്‌സ് എന്നിവർ സംസാരിച്ചു.









0 comments