ദുസ്സൂചനയോടെ ചോദ്യമുയർത്തരുത്
print edition ഒരു സുപ്രഭാതത്തിൽ അതിദാരിദ്ര്യമുക്‌തമായതല്ല : എം ബി രാജേഷ്

തിരുവനന്തപുരം
കേരളം ഒരു സുപ്രഭാതത്തിൽ അതിദാരിദ്ര്യമുക്‌തമായെന്ന് പ്രഖ്യാപിക്കുകയായിരുന്നില്ലെന്ന് മന്ത്രി എം ബി രാജേഷ്. ഉത്തരവാദിത്വപ്പെട്ടവർ കാര്യങ്ങൾ മനസിലാക്കാതെ ദുസ്സൂചനയോടെ ചോദ്യമുയർത്തുന്നത് ശരിയാണോ എന്ന് ആലോചിക്കണം. കക്ഷി രാഷ്‌ട്രീയ വ്യത്യാസമില്ലാതെ എല്ലാ തദ്ദേശസ്ഥാപനത്തിലും അതിദാരിദ്ര്യമുക്‌ത പ്രഖ്യാപനമുണ്ടായി. ക്രെഡിറ്റ് മോദി സർക്കാരിനാണെന്നൊരു പ്രതികരണം കണ്ടു. ഇന്ത്യ മുഴുവൻ അതിദാരിദ്ര്യമുക്‌തമാക്കി ക്രെഡിറ്റ് ഏറ്റെടുക്കാൻ അവരോട് അഭ്യർഥിക്കുകയാണ്– മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിദഗ്‌ധരുടെ ഒരു കത്ത് കണ്ടു. 2021ൽ പിണറായി വിജയന്റെ നേതൃത്വത്തിൽ തുടർഭരണം ലഭിച്ച സർക്കാർ ആദ്യമന്ത്രിസഭായോഗത്തിൽ എടുത്ത തീരുമാനമാണ്. അന്നുതന്നെ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അതിദാരിദ്ര്യനിർമാർജന പദ്ധതി പ്രഖ്യാപിച്ചു. 2022 ജൂലൈ 16ന് 19പേജുള്ള വിശദ മാർഗരേഖ പുറത്തിറക്കി. ഒരു സർക്കാർ പദ്ധതിയുടെയും ഉപഭോക്‌താക്കളല്ലാത്ത ഏറ്റവും നിസ്സഹായരായ മനുഷ്യരെയാണ് സർക്കാർ അതിദരിദ്രരായി കണക്കാക്കിയത്. സർക്കാരിന്റെയും സമൂഹത്തിന്റെയും പിന്തുണകൊണ്ടുമാത്രം അതിജീവിക്കാനാകുന്നവർ. കത്തെഴുതിയ വിദഗ്‌ധർക്ക് ദാരിദ്ര്യവും അതിദാരിദ്ര്യവും തമ്മിൽ ആശയക്കുഴപ്പം ഉള്ളതായാണ് മനസിലാകുന്നത്.
ഗുണഭോക്‌താക്കളെ കണ്ടെത്താൻ ജനപ്രതിനിധികളടക്കം നാലുലക്ഷം പേർക്കാണ് പരിശീലനം നൽകിയത്. ഫോക്കസ് ഗ്രൂപ്പുകൾ ചർച്ച ചെയ്‌ത് വാർഡ്‌സമിതികൾ വിലയിരുത്തി സൂപ്പർ ചെക്കിങ് നടത്തി മുൻഗണനാപട്ടിക തയ്യാറാക്കി. അതിൽനിന്ന് ഗ്രാമസഭകൾ അംഗീകരിച്ചാണ് 64,006 കുടുംബങ്ങളുടെ അന്തിമപട്ടിക തയ്യാറാക്കിയത്. ഇതിൽപ്പരം എന്ത് സൂക്ഷ്‌മതയാണ് വേണ്ടത്. 2022, 2023, 2024 വർഷങ്ങളിലെ സാമ്പത്തിക സർവേയിലും പദ്ധതിയേക്കുറിച്ച് പറഞ്ഞിട്ടുണ്ട്.
സദുദ്ദേശ്യത്തോടെയാണ് കത്തെങ്കിൽ ഇൗ നാലുവർഷത്തിനിടെ ചോദ്യങ്ങൾ ഉയർത്താമായിരുന്നു. അഭിപ്രായങ്ങളും വിമർശങ്ങളും മുന്നോട്ടുവയ്‌ക്കാമായിരുന്നു. എഴുതിയത് വായിച്ചിട്ടാണ് പലരും കത്തിൽ ഒപ്പിട്ടതെന്ന് കരുതുന്നില്ല. രാഷ്‌ട്രീയപ്രചാരവേലയുടെ വക്‌താക്കളാകുന്നത് അസ്വീകാര്യമാണെന്നും മന്ത്രി പറഞ്ഞു.









0 comments