പ്ലാന്റുകൾ 6 മാസത്തിനുള്ളിൽ സ്ഥാപിക്കും
സാനിട്ടറി മാലിന്യം പൂർണമായും സംസ്‌കരിക്കും : മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം
ആറു മാസത്തിനുള്ളിൽ സംസ്ഥാനത്തെ സാനിട്ടറി മാലിന്യം പൂർണമായും സംസ്‌കരിക്കാൻ ശേഷിയുള്ള പ്ലാന്റുകൾ സ്ഥാപിക്കുമെന്ന് മന്ത്രി എം ബി രാജേഷ്. ദിവസം 100 ടൺ സാനിട്ടറി മാലിന്യം കേരളത്തിൽ ഉണ്ടാകുന്നുണ്ട്. 14 ടൺ സംസ്‌കരിക്കാനേ സംവിധാനമുള്ളൂ. 120 ശേഷി സംസ്‌കരിക്കാൻ കഴിയുന്ന തരത്തിലുള്ള പ്ലാന്റുകളാണ് നിലവിൽവരുന്നത്. പുനരുപയോഗിക്കാനോ പുനചംക്രമണം നടത്താനോ കഴിയാത്ത പ്ലാസ്‌റ്റിക് മാലിന്യങ്ങളുൾപ്പെടെ ആർഡിഎഫ് (സിമന്റ് ഫാക്‌ടറികളിലെ ഇന്ധനം) ആക്കിമാറ്റാൻ കഴിയുന്ന പ്ലാന്റുകൾ മൂന്നുമാസത്തിനുള്ളിൽ കേരളത്തിൽ നിലവിൽ വരും. ഇപ്പോൾ ദിവസം 600 ടൺ മാലിന്യം ഉണ്ടാകുന്നുണ്ട്. 720 ടൺ ആർഡിഎഫ് ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന പ്ലാന്റുകൾ പ്രവർത്തനമാരംഭിക്കും.
ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരം പൂങ്കാവനമാക്കി മാറ്റുമെന്നു പറഞ്ഞപ്പോൾ പരിഹസിച്ചവരുണ്ട്. ഇത് ടൂറിസ്‌റ്റ് കേന്ദ്രമായി മാറും. മാസ്‌റ്റർ പ്ലാൻ സർക്കാർ അംഗീകരിച്ചു. 150 ടൺ ജൈവമാലിന്യം സംസ്‌കരിക്കാൻ കഴിയുന്ന സിബിജി പ്ലാന്റ് പണി പൂർത്തിയായി. പാലക്കാട് സിബിജി പ്ലാന്റിന്റെ പണി രണ്ടു മാസത്തിനുള്ളിൽ പൂർത്തിയാകും. കോഴിക്കോട് പ്ലാന്റിന് എംഒയു ഒപ്പിട്ടു. കൊല്ലത്ത് ഉടൻ പ്ലാന്റ് ആരംഭിക്കും. തൃശൂരിൽ പണി ആരംഭിച്ചു. ചങ്ങനാശേരിയിലും തിരുവനന്തപുരത്തും ഉടൻ സിബിജി പ്ലാന്റിന്റെ പണി ആരംഭിക്കുമെന്നും തിരുവനന്തപുരത്ത് കോർപറേഷന്റെ സ്ലാട്ടർ ഹൗസ് ഉദ്‌ഘാടനം ചെയ്യവേ മന്ത്രി പറഞ്ഞു.









0 comments