തൃശൂരിന്റെ മഹിമ മതസൗഹാർദത്തിന്റേത് : എം എ ബേബി

തൃശൂർ
തൃശൂരിന്റെ മഹിമ മതസൗഹാർദത്തിന്റേതാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. ഇൗ പെരുമയ്‌ക്ക് കോട്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ പരിശോധിച്ച്, തിരുത്തി മുന്നോട്ട് പോകണം. ഗുരുവായൂർ ക്ഷേത്രം കത്തിയപ്പോൾ മുസ്ലീം പള്ളികളിൽ വാങ്ക് വിളിച്ചും ക്രിസ്‌ത്യൻ പള്ളികളിൽ മണിയടിച്ചും ആളെക്കൂട്ടി തീയണയ്‌ക്കാനയച്ചത് ചരിത്രമാണ്. വർഗീയതയുടെ തീ കത്തിക്കാനല്ല, അണയ്‌ക്കാനാണ് ജനം ഒന്നായതെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനി തൃശൂർ യൂണിറ്റ് 25–-ാം വാർഷികത്തിന്റെ ഭാഗമായ തൃശൂർ പെരുമ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൃശൂരിലെ അക്കാദമി ഓഫ് ഷരിയയിൽ സംസ്‌കൃതവും ഹൈന്ദവ പുരാണങ്ങളും പഠിപ്പിക്കുന്നുണ്ട്. പൂണൂൽ കത്തിച്ച ബ്രാഹ്മണാധിപത്യത്തിനെതിരെ പോരടിച്ച ഇ എം എസ് തൃശൂർ സെന്റ് തോമസ് കോളേജിൽനിന്നാണ് സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് ഇറങ്ങിത്തിരിച്ചത്. എന്നാൽ അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കണമെന്ന ചിലരുടെ വാദം ലജ്ജാകരമാണ്.
ശ്രീനാരായണഗുരു മണലൂരിലെ കാരമുക്ക് ക്ഷേത്രത്തിൽ ദീപമാണ് പ്രതിഷ്ഠിച്ചത്. സാമൂഹ്യ മുന്നേറ്റങ്ങൾക്കായി ഗാന്ധിജി തൃശൂർ സന്ദർശിച്ചിട്ടുണ്ട്. അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്, പാട്ടബാക്കി തുടങ്ങിയ നാടകങ്ങൾ തൃശൂരിൽ പിറവിയെടുത്തു. ക്ഷേത്രപ്രവേശനത്തിനായി എ കെ ജിയും കേളപ്പനും സത്യഗ്രഹം നടത്തിയത് ഗുരുവായൂരിലാണ്. ഗുരുവായൂർ ക്ഷേത്രത്തിൽ കൃഷ്‌ണപിള്ള മണിയടിച്ചതും ചരിത്രമാണ്. ഇന്ത്യയിലെ ആദ്യ മുസ്ലീം ദേവാലയം കൊടുങ്ങല്ലൂരിലാണ്.
യഹൂദരുടെ സിനഗോഗുകളുമുണ്ട്. മുസിരിസ് തുറമുഖം വഴി ലോക സംസ്‌കാരങ്ങൾ കടന്നുവന്നു. നവോത്ഥാന – കർഷക പോരാട്ടങ്ങളും കമ്യൂണിസ്‌റ്റ് പാർടിയുടെ മുന്നേറ്റങ്ങളും നാടിന്റെ മാറ്റത്തിന് വഴി തെളിച്ചു.
1921ൽ തൃശൂരിൽ നടന്ന വർഗീയ ലഹള ഇൗ ചരിത്രത്തിന് കളങ്കമാണ്. ഭരണവർഗം ആസൂത്രണം ചെയ്‌ത ലഹള ജനങ്ങൾ ചെറുത്തു. ഇത്തരം മനുഷ്യത്വ രഹിതമായ കാര്യങ്ങൾ ചരിത്രത്തിന്റെ പല ഘട്ടങ്ങളിലും നടന്നു. ഇത്തരം തെറ്റുകൾ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ ജനങ്ങൾ ഒന്നാകണമെന്നും എം എ ബേബി പറഞ്ഞു.









0 comments