ട്വിൻ ടവറിന് പിന്നാലെ മറ്റൊരു വമ്പൻ പദ്ധതിയുമായി ലുലു; 7500 പേർക്ക് ജോലി

ലുലു ഗ്രൂപ്പിന്റെ ഇരട്ട ടവറുകൾ

ശ്രീരാജ് ഓണക്കൂർ
Published on Jun 30, 2025, 11:06 AM | 1 min read
കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമുള്ള ഐടി ഇരട്ട ടവറുകൾ തുറന്ന ലുലു ഗ്രൂപ്പിന്റെ പുതിയ 19 നില ഐടി ടവർ 2028ൽ യാഥാർഥ്യമാകും. 500 കോടി രൂപ മുതൽമുടക്കുള്ള പദ്ധതിയുടെ നിർമാണം 2026 ആദ്യം തുടങ്ങാമെന്ന് പ്രതീക്ഷിക്കുന്നതായി ലുലു ഗ്രൂപ്പ് അറിയിച്ചു.
പ്രത്യേക സാമ്പത്തികമേഖലയുടെ (സ്പെഷ്യൽ ഇക്കണോമിക് സോൺ–-സെസ്) പുറത്തായതിനാൽ വിദേശ കയറ്റുമതി വരുമാനം ഇല്ലാത്ത കമ്പനികൾക്കും ഇവിടെ ഓഫീസ് സ്‌പെയ്‌സ് ലഭിക്കും. ശനിയാഴ്‌ച സ്‌മാർട്ട് സിറ്റിയിൽ ഉദ്‌ഘാടനം ചെയ്‌ത ഇരട്ട ഐടി ടവറുകളും ഇൻഫോപാർക്കിലെ ലുലു സൈബർ ടവർ ഒന്നും രണ്ടുമുൾപ്പെടെ നിലവിൽ ലുലു ഗ്രൂപ്പ് ആരംഭിച്ച മൂന്ന് ഐടി സംരംഭങ്ങളും പ്രത്യേക സാമ്പത്തികമേഖലയിലാണ്.
സെസ് ഇതര വിഭാഗത്തിൽപ്പെട്ട കമ്പനികളുടെ അന്വേഷണങ്ങൾ ധാരാളം വരുന്നുണ്ട്. ഇത്തരം കമ്പനികൾക്ക് പുതിയ ഐടി ടവറിൽ സ്‌പേസ് ലഭിക്കുമെന്നും ലുലു ഗ്രൂപ്പ് അറിയിച്ചു. 75 മീറ്റർ ഉയരവും 9.5 ലക്ഷം ചതുരശ്രയടി വിസ്‌തീർണവുമുള്ള ടവറിൽ 12 നിലകളിലാണ് ഓഫീസ് സ്പേസ്. ഒരുനില ഫുഡ് കോർട്ടാണ്. ആറു നിലകളിലായി 800 കാറുകൾക്കും 600 ഇരുചക്രവാഹനങ്ങൾക്കും പാർക്കിങ് സൗകര്യമുണ്ട്. ഏഴുലക്ഷം ചതുരശ്രയടിയാണ് ഐടി സ്പേസ്. 7500 പേർക്കാണ് ജോലി ലഭ്യമാവുക.
നിലവിൽ ഇൻഫോപാർക്കിലുള്ള ലുലു സൈബർ ടവർ–-രണ്ടിന്റെ ഏകദേശ മാതൃകയിലായിരിക്കും പുതിയത് നിർമിക്കുക. രൂപരേഖ തയ്യാറാക്കൽ ഉൾപ്പെടെ പ്രാരംഭജോലികൾ ഉടൻ ആരംഭിക്കുമെന്ന് ലുലു ഐടി പാർക്ക്സ് സിഇഒ അഭിലാഷ് വലിയവളപ്പിൽ പറഞ്ഞു.









0 comments