ഉയരത്തിൽ ദക്ഷിണേന്ത്യയിൽ ഒന്നാമത്തേത്‌: ലുലു ഐടി ടവറുകൾ സജ്ജം; ഉദ്‌ഘാടനം 28ന്‌

lulu IT tower
വെബ് ഡെസ്ക്

Published on Jun 10, 2025, 12:47 AM | 1 min read

കൊച്ചി : ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമുള്ള ഐടി ടവറുകളുടെ ഉദ്‌ഘാടനം കൊച്ചി സ്‌മാർട്ട്‌ സിറ്റിയിൽ 28ന്‌ നടക്കും. പഞ്ചനക്ഷത്രഹോട്ടലുകളോട്‌ കിടപിടിക്കുന്ന സൗകര്യമുള്ള ലുലു ഐടി ടവർ ഒന്നും രണ്ടുമാണ്‌ പ്രവർത്തനസജ്ജമായത്‌. കേരളത്തിലെ ഏറ്റവും ഉയരമുള്ള വാണിജ്യസമുച്ചയമാണ്‌ 30 നിലയുള്ള ഐടി ടവറുകൾ. 1500 കോടി മുതൽമുടക്കിലാണ്‌ ക്യാമ്പസ്‌ യാഥാർഥ്യമാക്കിയത്‌. കെട്ടിടനിർമാണത്തിന്റെ ഗുണനിലവാരം അടിസ്ഥാനമാക്കി രണ്ട്‌ കെട്ടിടങ്ങൾക്കും പ്രീ സർട്ടിഫൈഡ്‌ ലീഡ്‌ പ്ലാറ്റിനം ലഭിച്ചിട്ടുണ്ട്‌.


രണ്ടു ടവറുകൾക്കും പൂർത്തീകരണ സർട്ടിഫിക്കറ്റ്‌ ലഭിച്ചിരുന്നു. ഇരു ടവറുകളിലുമായി 25 ലക്ഷം ചതുരശ്രയടി ഓഫീസ്‌ സൗകര്യമുണ്ട്‌. 12.74 ഏക്കറിൽ 34 ലക്ഷം ചതുരശ്രയടിയിലാണ്‌ 153 മീറ്റർ ഉയരമുള്ള ടവറുകൾ. കൊച്ചി സ്‌മാർട്ട്‌ സിറ്റി ഒന്നാംഘട്ടത്തിന്റെ ഭാഗമാണിത്‌. പ്രവർത്തനം ആരംഭിക്കുന്നതോടെ 30,000 പേർക്ക്‌ ജോലി ലഭിക്കുമെന്നാണ്‌ പ്രതീക്ഷ. കുറഞ്ഞ വാടകയും കേരളത്തിലെ പ്രൊഫഷണലുകളുടെ തൊഴിൽവൈദഗ്‌ധ്യവുമാണ്‌ കമ്പനികളെ ആകർഷിക്കുന്നത്‌. ഫുഡ്‌കോർട്ട്, ക്രഷെ, ജിം, റീട്ടെയ്ൽ സ്‌പേസ്, 100 ശതമാനം പവർ ബാക്കപ്, കേന്ദ്രീകൃത എസി, മാലിന്യസംസ്‌കരണ പ്ലാന്റ്, മഴവെള്ളസംഭരണി എന്നിവയും ഇവിടെയുണ്ടാകും. രണ്ടു ടവറുകളുടെയും മധ്യത്തിലുള്ള അമിനിറ്റി ടവറിന്റെ ഒന്നാംനിലയിൽ ഒരേസമയം 2500 പേർക്ക്‌ ഇരിക്കാവുന്ന വിശാലമായ ഫുഡ്‌കോർട്ടുണ്ട്‌. 4500 കാറുകൾ പാർക്ക്‌ ചെയ്യാം. 3200 കാറുകൾ റോബോട്ടിക്‌ സംവിധാനം ഉപയോഗിച്ച്‌ പാർക്ക്‌ ചെയ്യാം. ഗ്രൗണ്ട്‌ ഫ്ലോറിൽ ബാങ്കുകളും പ്രവർത്തിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home