ലുലു ഐടി ഇരട്ട ടവർ നാടിന് സമർപ്പിച്ചു

കൊച്ചി
ദക്ഷിണേന്ത്യയിലെ ഉയരമേറിയ ഐടി ടവറുകൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. 30,000 പേർക്ക് തൊഴിൽ നൽകുന്ന ലുലു ഐടി ഇരട്ട ടവർ കൊച്ചി സ്മാർട്ട് സിറ്റിയിലാണ്. പ്രതിപക്ഷനേതാവ് വി ഡി സതീശൻ അധ്യക്ഷനായി. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ആമുഖപ്രഭാഷണം നടത്തി. വ്യവസായമന്ത്രി പി രാജീവ്, ഭക്ഷ്യമന്ത്രി ജി ആർ അനിൽ, ഹൈബി ഈഡൻ എംപി, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, ഉമ തോമസ് എംഎൽഎ, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, തൃക്കാക്കര നഗരസഭാ ചെയർപേഴ്‌സൺ രാധാമണിപിള്ള, കൗൺസിലർ അബ്‌ദു ഷാന, ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ എം എ അഷ്‌റഫ് അലി, ലുലു ഐടി പാർക്ക്‌സ് സിഇഒ അഭിലാഷ് വലിയവളപ്പിൽ എന്നിവർ സംസാരിച്ചു.
തലയുയർത്തി ഐടി ടവറുകൾ
മുപ്പതിനായിരത്തിലേറെ ടെക് പ്രൊഫഷണലുകൾക്ക് ജോലി. 1500 കോടി ചെലവഴിച്ച് ലുലു ഗ്രൂപ്പ് സ്‌മാർട്ട് സിറ്റിയിൽ നിർമിച്ച ഇരട്ട ഐടി ടവറുകൾ സംസ്ഥാനത്തിന് നൽകാൻ പോകുന്നത് പുതിയ ഐടി വസന്തം.
12.74 ഏക്കറിൽ 35 ലക്ഷം ചതുരശ്രയടിയിലാണ് ഇരട്ട ടവറുകൾ പൂർത്തിയാക്കിയത്. 152 മീറ്റർ ഉയരമുള്ള ഇരട്ട ടവറുകൾക്ക് 30 വീതം നിലകളുണ്ട്. 25 ലക്ഷം ചതുരശ്രയടി ഐടി കമ്പനികൾക്ക് പാട്ടത്തിന് നൽകും. ഡയനാമെഡ്, ഇ എക്‌സൽ, ഒപിഐ, സെലിസ് കൺസൾട്ടിങ് എന്നീ കമ്പനികൾക്കായി 2.45 ലക്ഷം ചതുരശ്രയടി പാട്ടത്തിന് നൽകി.
3200 കാറുകൾക്ക് ഓട്ടോമേറ്റഡ് റോബോട്ടിക് പാർക്കിങ്ങും 1300 കാറുകൾക്ക് സാധാരണ പാർക്കിങ്ങും ലഭ്യമാണ്. ഹെലിപാഡ് സൗകര്യവുമുണ്ട്. നൂറ് ശതമാനം പവർ ബാക്കപ്, 67 ഹൈസ്പീഡ് ലിഫ്റ്റുകൾ, 12 എസ്കലേറ്ററുകൾ, 2500 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന ഫുഡ് കോർട്ട്, 600 പേർക്കിരിക്കാവുന്ന അത്യാധുനിക കോൺഫറൻസ് ഹാൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. ഇലക്‌ട്രിക് വെഹിക്കിൾ ചാർജിങ് പോയിന്റുകൾ, ഡാറ്റ സെന്റർ, ബാങ്ക്, ജിംനേഷ്യം, ഔട്ട്ഡോർ ഗാർഡൻ, ക്രഷെ, മഴവെള്ളസംഭരണി, മാലിന്യസംസ്കരണപ്ലാന്റ് തുടങ്ങിയവയുമുണ്ട്.
500 കോടിയുടെ പുതിയ ടവർ മുതൽക്കൂട്ടാകും
ഇൻഫോപാർക്ക് രണ്ടാംഘട്ടവികസനത്തിന്റെ ഭാഗമായി 500 കോടി ചെലവിട്ട് സ്ഥാപിക്കുന്ന പുതിയ ഐടി ടവർ കൊച്ചിയുടെ ഐടി മുഖച്ഛായ മാറ്റുമെന്ന് ലുലു ഗ്രൂപ്പ് വ്യക്തമാക്കി. വൻ വികസനത്തിനും ആഗോള വൻകിടകമ്പനികളെ ആകർഷിക്കാനും പുതിയ പദ്ധതി വഴിയൊരുക്കും. വൈകാതെ നിർമാണപ്രവർത്തനങ്ങൾ തുടങ്ങും. സംസ്ഥാന സർക്കാർ അടുത്തിടെ പാസാക്കിയ പാട്ടക്കാലാവധി 90 വർഷമാക്കാനുള്ള ഭേദഗതിയാണ് ലുലു ഗ്രൂപ്പിനെ പുതിയ പദ്ധതിപ്രഖ്യാപനത്തിലേക്ക് എത്തിച്ചത്. നിക്ഷേപ അന്തരീക്ഷം വർധിപ്പിക്കാനും പാർക്കുകളുടെ പാട്ടവ്യവസ്ഥകൾ കൂടുതൽ ഉദാരമാക്കാനും ലക്ഷ്യമിട്ട് ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിച്ചത്.









0 comments