കൊച്ചി സ്‌മാർട്ട് സിറ്റി ; ലുലു ഐടി ടവറുകളുടെ ഉദ്‌ഘാടനം അടുത്ത മാസം


ശ്രീരാജ് ഓണക്കൂർ
Published on Apr 18, 2025, 02:01 AM | 1 min read
കൊച്ചി : കേരളത്തിലെ ഏറ്റവും ഉയരമുള്ള ഐടി ടവറുകളുടെ ഉദ്‌ഘാടനം കൊച്ചി സ്‌മാർട്ട് സിറ്റിയിൽ മെയ് മാസം നടക്കും. പഞ്ചനക്ഷത്ര ഹോട്ടലുകളോട് കിടപിടിക്കുന്ന സൗകര്യമുള്ള ലുലു ഐടി ടവർ ഒന്നും രണ്ടുമാണ് പ്രവർത്തനം ആരംഭിക്കുക. കേരളത്തിലെ ഏറ്റവും ഉയരമുള്ള വാണിജ്യസമുച്ചയമാണ് 30 നിലയുള്ള ഐടി ടവറുകൾ.
1500 കോടി മുതൽമുടക്കിലാണ് ക്യാമ്പസ് കൊച്ചിയിൽ യാഥാർഥ്യമാകുന്നത്.
കെട്ടിടനിർമാണത്തിന്റെ ഗുണനിലവാരം അടിസ്ഥാനമാക്കി രണ്ട് കെട്ടിടങ്ങൾക്കും പ്രീ സർട്ടിഫൈഡ് ലീഡ് പ്ലാറ്റിനം ലഭിച്ചിട്ടുണ്ട്. രണ്ടു ടവറുകൾക്കും പൂർത്തീകരണ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. ഇരു ടവറുകളിലുമായി 25 ലക്ഷം ചതുരശ്രയടി ഓഫീസ് സൗകര്യമുണ്ട്. 34 ലക്ഷം ചതുരശ്രയടിയിലാണ് നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.
12.74 ഏക്കറിൽ 34 ലക്ഷം ചതുരശ്രയടിയിലാണ് 153 മീറ്റർ ഉയരമുള്ള ടവറുകൾ. സ്‌മാർട്ട് സിറ്റി കൊച്ചി ഒന്നാംഘട്ടത്തിന്റെ ഭാഗമായാണ് ടവറുകളുടെ നിർമാണം. പ്രവർത്തനം ആരംഭിക്കുന്നതോടെ 25,000 പേർക്ക് ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷ.
2 ഐടി കമ്പനികൾ ഉടൻ പ്രവർത്തനം തുടങ്ങും
രണ്ട് ഐടി കമ്പനികൾ രണ്ടുമാസത്തിനകം ടവറിൽ പ്രവർത്തനം ആരംഭിക്കും. ഈ കമ്പനികളുടെ ഓഫീസ് സ്‌പേസിന്റെ ഇന്റീരിയർ ജോലികൾ അവസാനഘട്ടത്തിലാണ്. ആദ്യഘട്ടത്തിൽ 1500ഓളം ഐടി പ്രൊഫഷണലുകൾക്ക് ഇവിടെ ജോലി ലഭിക്കും.
മറ്റ് വൻകിട ഐടി കമ്പനികളും ഇതിനകം ഓഫീസ് സ്‌പേസിനായി സമീപിച്ചിട്ടുണ്ട്. കുറഞ്ഞ വാടകയും കേരളത്തിലെ ഐടി പ്രൊഫഷണലുകളുടെ തൊഴിൽവൈദഗ്‌ധ്യവുമാണ് കമ്പനികളെ ആകർഷിക്കുന്നത്.
ഫുഡ്‌കോർട്ട്, ക്രഷെ, ജിം, റീടെയ്ൽ സ്‌പേസ്, 100 ശതമാനം പവർ ബാക്കപ്, കേന്ദ്രീകൃത എസി, മാലിന്യസംസ്‌കരണ പ്ലാന്റ്, മഴവെള്ളസംഭരണി എന്നിവയും ഇവിടെയുണ്ടാകും.
2000 പേരെ ഉൾക്കൊള്ളുന്ന ഫുഡ്‌കോർട്ട്
രണ്ടു ടവറുകളുടെയും മധ്യത്തിലുള്ള അമിനിറ്റി ടവറിന്റെ ഒന്നാംനിലയിൽ ഒരേസമയം 2000 പേർക്ക് ഇരിക്കാവുന്ന വിശാല ഫുഡ്‌കോർട്ടുണ്ട്. 4200 കാറുകൾക്ക് പാർക്ക് ചെയ്യാം. മൂവായിരത്തോളം കാറുകൾ റോബോട്ടിക് സംവിധാനം ഉപയോഗിച്ച് പാർക്ക് ചെയ്യാം. ഗ്രൗണ്ട് ഫ്ലോറിൽ ബാങ്കുകളും പ്രവർത്തിക്കും.









0 comments