print edition 2.16 ലക്ഷത്തിന്റെ ലോട്ടറി ടിക്കറ്റ് കവർന്നു; 5143 ടിക്കറ്റ് നഷ്ടമായി


സ്വന്തം ലേഖകൻ
Published on Oct 21, 2025, 02:16 AM | 1 min read
ചേർത്തല : നഗരത്തിലെ ഭാഗ്യക്കുറി മൊത്തവ്യാപാരശാലയിൽ മോഷണം. 2.16ലക്ഷം രൂപയുടെ ടിക്കറ്റും പതിനായിരത്തോളം രൂപയും കവർന്നു. ചേർത്തല ദേവീക്ഷേത്രത്തിന് തെക്ക് ബ്രദേഴ്സ് ഭാഗ്യക്കുറി വിൽപ്പനശാലയിൽ തിങ്കൾ പുലർച്ചെയാണ് മോഷണം. കണിച്ചുകുളങ്ങര പള്ളിക്കാവുവെളി ലത ബാബുവിന്റെ സ്ഥാപനമാണ്. സമീപത്തെ വീടിന്റെ ഗേറ്റ് ചാടിക്കടന്ന മോഷ്ടാവ് കടയുടെ മതിലിനുള്ളിൽ പ്രവേശിച്ചു.
മുറിയുടെ വടക്കുഭാഗത്തെ ജനാല തുറന്ന് കമ്പി അറുത്തുമാറ്റി പാര ഉപയോഗിച്ച് ഗ്രിൽ തകർത്താണ് അകത്തുകടന്നത്. തിങ്കളാഴ്‌ച നറുക്കെടുന്ന ഭാഗ്യധാര, ചൊവ്വാഴ്‌ചത്തെ സ്‌ത്രീശക്തി, ബുധനാഴ്‌ചത്തെ ധനലക്ഷ്‌മി എന്നിവയുടെ 5143 ടിക്കറ്റാണ് കവർന്നത്.
കടയിലെയും സമീപത്തെയും സിസിടിവി കാമറാദൃശ്യം പൊലീസ് പരിശോധിച്ചു. തിങ്കൾ പുലർച്ചെ 2.45ന് മോഷ്ടാവ് എത്തുന്നതും മോഷ്ടിക്കുന്നതുമായ ദൃശ്യം ലഭിച്ചു. നീലനിറത്തിലെ മഴക്കോട്ട് ധരിച്ച് തുണികൊണ്ട് മുഖംമറച്ചാണ് മോഷ്ടാവ് എത്തിയത്. രാവിലെ കടതുറക്കാൻ ജീവനക്കാരൻ എത്തിയപ്പോഴാണ് മോഷണം അറിഞ്ഞത്.
ഷെൽഫിൽ കെട്ടുകളായി അടുക്കിവച്ച ടിക്കറ്റും കൗണ്ടറിൽ സൂക്ഷിച്ച പതിനായിരത്തോളം രൂപയുമാണ് മോഷ്ടിച്ചത്.
ചേർത്തല സ്‌റ്റേഷൻ ഹൗസ് ഓഫീസർ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി. ആലപ്പുഴയിൽനിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്‌ധരും എത്തി തെളിവ് ശേഖരിച്ചു. കടയ്‌ക്കുള്ളിൽ മണംപിടിച്ച നായ വടക്കോട്ട് ഓടി നടക്കാവ് റോഡിലൂടെ പടിഞ്ഞാറോട്ട് പോയി പാരഡൈസ് സിനിമ തിയറ്ററിന് മുന്നിലെത്തി നിന്നു. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഉൗർജിത അന്വേഷണം തുടങ്ങിയെന്ന് സ്‌റ്റേഷൻ ഹൗസ് ഓഫീസർ ലൈസാദ് മുഹമ്മദ് പറഞ്ഞു.









0 comments