വാർഡ് പ്രസിഡന്റിനെ ജയിലിലാക്കിയ സംഭവം ; ബ്ലോക്ക് വൈസ് പ്രസിഡന്റിനായി ലുക്കൗട്ട് നോട്ടീസ്

കൽപ്പറ്റ
കോൺഗ്രസ് ഗ്രൂപ്പ് പോരിൽ വാർഡ് പ്രസിഡന്റിനെ കള്ളക്കേസിൽ ജയിലിലാക്കിയ അന്വേഷണത്തിൽ ഒളിവിലുള്ള മീനങ്ങാടി ബ്ലോക്ക് വൈസ് പ്രസിഡന്റ് അനീഷ് മാമ്പള്ളിക്കായി പൊലീസിന്റെ ലുക്കൗട്ട് നോട്ടീസ്. ചൊവ്വാഴ്‌ചയാണ് ലുക്കൗട്ട് നോട്ടീസിറക്കിയത്. ബത്തേരി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അനീഷ് കർണാടകത്തിൽ ഒളിവിലാണെന്നാണ് പൊലീസ് നിഗമനം. ഉന്നത കോൺഗ്രസ് നേതാക്കളുടെ ഒത്താശയോടെയാണ് ഒളിവിൽ കഴിയുന്നത്. കർണാടകയിലെ നേതാക്കളുടെ സംരക്ഷണവുമുണ്ട്.
മുള്ളൻകൊല്ലി രണ്ടാം വാർഡ് കോൺഗ്രസ് പ്രസിഡന്റ് കാനാട്ടുമല തങ്കച്ചന്റെ വീട്ടിൽ സ്‌ഫോടകവസ്‌തുവും കർണാടകമദ്യവും കൊണ്ടിട്ട് പൊലീസിന് രഹസ്യവിവരം നൽകി അറസ്‌റ്റ് ചെയ്യിപ്പിക്കുകയായിരുന്നു. 17 ദിവസമാണ് തങ്കച്ചൻ ജയിലിൽ കിടന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ കോൺഗ്രസ് നേതാക്കൾ കുടുക്കിയതാണെന്ന് കണ്ടെത്തി ജയിൽമോചിതനാക്കി. തുടർന്നാണ് ഗൂഢാലോചനയ്‌ക്ക് കേസെടുത്തത്. കോൺഗ്രസ് പ്രവർത്തകനായ പി എസ് പ്രസാദിനെ നേരത്തെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചന്റെ അടുത്ത അനുയായിയായ അനീഷാണ് മുഖ്യപ്രതി. മുള്ളൻകൊല്ലിയിൽ കോൺഗ്രസ് വികസന സെമിനാറിൽ ഗ്രൂപ്പ് പോരിന്റെ ഭാഗമായി ഡിസിസി പ്രസിഡന്റിന് മർദനമേറ്റതിന്റെ തുടർച്ചയായാണ് വാർഡ് പ്രസിഡന്റിനെ ജയിലിലാക്കിയത്. ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചനും ജനറൽ സെക്രട്ടറി പി ഡി സജിയും അനീഷുമുൾപ്പെടെയുള്ളവർ ഗുഢാലോചന നടത്തിയാണ് തന്നെ ജയിലിലാക്കിയതെന്ന് തങ്കച്ചൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പൊലീസിന് മൊഴിയും നൽകി.
ഗ്രൂപ്പ് പോരിന് ഇരയായി ജീവനൊടുക്കിയ ജോസ് നെല്ലേടത്തെ കള്ളക്കേസ് കെട്ടിച്ചമയ്‌ക്കാൻ നേതാക്കൾ ഉപയോഗിച്ചോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. റിമാൻഡിലുള്ള പ്രസാദിനെ വിശദമായി ചോദ്യംചെയ്യുന്നതിനായി അടുത്തദിവസം കസ്റ്റഡിയിൽ വാങ്ങും.









0 comments