print edition എന്നും ഇടതോരം

ആലപ്പുഴ വഴിക്കച്ചേരി ന്യൂ ബസാറിലെ കടയിൽ വിവിധ പാർടികളുടെ ചിഹ്നമടങ്ങുന്ന കൊടിതോരണങ്ങൾ വിൽക്കുന്നു
അഞ്‌ജുനാഥ്
Published on Nov 26, 2025, 02:45 AM | 1 min read
ആലപ്പുഴ
പുന്നപ്ര–വയലാറിന്റെ വീരസ്‌മരണകൾ ഇരന്പുന്ന ആലപ്പുഴയുടെ മനസ് എക്കാലത്തും തൊഴിലാളിവർഗ പ്രസ്ഥാനത്തിനൊപ്പമാണ്. മുന്നണിയിൽ കൃത്യമായ ധാരണയോടെ സ്ഥാനാർഥിനിർണയം നടത്തി, കൺവൻഷനുകളടക്കം പൂർത്തിയാക്കി എൽഡിഎഫ് പ്രചാരണരംഗത്ത് മുന്നേറുന്നു. സംസ്ഥാന സർക്കാരിന്റെ വികസന, ജനക്ഷേമ പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയാണ് വോട്ടുതേടുന്നത്.
യുഡിഎഫിലും എൻഡിഎയിലും തുടക്കംമുതലേ സ്ഥാനാർഥിനിർണയം പാളി. കോൺഗ്രസ് ഒതുക്കുകയാണെന്ന പരാതി മുസ്ലിംലീഗ് ഉയർത്തി. ജില്ലാപഞ്ചായത്ത് അന്പലപ്പുഴ ഡിവിഷനിൽ കോൺഗ്രസിനെതിരെ ലീഗ് സ്ഥാനാർഥിയെ നിർത്തി. എന്നാൽ, ആലപ്പുഴ നഗരസഭയിൽ 2020ലെ തെരഞ്ഞെടുപ്പിൽ ലീഗ് ‘സംപൂജ്യ’രായത് ഇത്തവണയും ആവർത്തിക്കുമെന്ന് കോൺഗ്രസ് ഭീഷണി ഉയർത്തിയപ്പോൾ പിൻവലിച്ചു. കുത്തിയതോട്, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ ലീഗ് വിമതസ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. കോൺഗ്രസിലെ ഗ്രൂപ്പ്പോരും സ്ഥാനാർഥികൾക്ക് ഭീഷണി ഉയർത്തുകയാണ്. രണ്ടു ഡിസിസി ജനറൽ സെക്രട്ടറിമാർ ഉൾപ്പെടെ രാജിവച്ച് യുഡിഎഫ് വിമതരായി മത്സരത്തിനുണ്ട്.

ബിഡിജെഎസ് സ്വന്തം സ്ഥാനാർഥികളെ പ്രഖ്യാപിച്ചത് എൻഡിഎയിൽ രൂക്ഷമായ ഭിന്നതയ്ക്ക് ഇടയാക്കി. ജില്ലാപഞ്ചായത്ത് കൃഷ്‌ണപുരം ഡിവിഷനെ ചൊല്ലി ബിജെപിയും ബിഡിജെഎസും തമ്മിൽത്തല്ലി. ബിജെപി ഭീഷണിക്കുമുന്നിൽ ബിഡിജെഎസിന് വഴങ്ങേണ്ടിവന്നു. എൽഡിഎ-ഫിനെതിരെ പലയിടങ്ങളിലും ബിജെപി–കോൺഗ്രസ് സഹകരണമുണ്ട്. ആലപ്പുഴ നഗരസഭ വാടയ്ക്കൽ വാർഡിലും കടക്കരപ്പള്ളി, വയലാർ, പട്ടണക്കാട്, തുറവൂർ, മുഹമ്മ, താമരക്കുളം, മുട്ടാർ, രാമങ്കരി, നീലംപേരൂർ, പുളിങ്കുന്ന്, തകഴി, എടത്വ, ചന്പക്കുളം, ഭരണിക്കാവ്, കൊഴുവല്ലൂർ പഞ്ചായത്തുകളിലെ ചില വാർഡുകളിലും ചേർത്തല നഗരസഭയിലെ നാലു വാർഡുകളിലും വാഴത്തറവെളി, വയലാർ, കളവംകോടം, എരമല്ലൂർ, പുന്നപ്ര, തിരുവിഴ, പുത്തനങ്ങാടി ബ്ലോക്ക് ഡിവിഷനുകളിലും ബിജെപിക്കു സ്ഥാനാർഥിയില്ല. ആലപ്പുഴ നെഹ്‌റുട്രോഫി വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയെ നിർത്തിയിട്ടില്ല.
എൽഡിഎഫ് സർക്കാരുകളുടെ കാലത്ത് ഏറ്റവുമധികം പാലങ്ങൾവന്ന ജില്ലയാണ് ആലപ്പുഴ. വേന്പനാട്ടുകായലിലെ നീളംകൂടിയ പാലമായ പെരുന്പളം പാലം, മാക്കേക്കടവ്–നേരേകടവ് പാലം, പടഹാരം പാലം, വലിയഴീക്കൽ പാലം, നെടുന്പ്രക്കാട്–വിളക്കുമരം പാലം, വാക്കയിൽ പാലം എന്നിവ നിർമിച്ചു. ആലപ്പുഴ പട്ടണത്തിലെ നാൽപ്പാലം, കൊമ്മാടിപ്പാലം, ശവക്കോട്ടപ്പാലം എന്നിവയുടെ പുനർനിർമാണം നടത്തി. ജില്ലാകോടതിപ്പാലം, പുന്നമടപ്പാലം തുടങ്ങിയവ നിർമാണത്തിലാണ്. ഇതിനുപുറമെ ക്ഷേമ പെൻഷൻ വർധന, ലൈഫ് ഭവന പദ്ധതി, ആരോഗ്യരംഗത്തെ പുരോഗതി തുടങ്ങിയവ ഉയർത്തിക്കാട്ടിയുള്ള എൽഡിഎഫ് പ്രചാരണത്തിന് വൻസ്വീകാര്യതയാണ് ലഭിക്കുന്നത്.








0 comments