തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ; പ്രതീക്ഷയറ്റ് യുഡിഎഫ്

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിനു മാസങ്ങൾമാത്രം ശേഷിക്കെ നടന്ന ഉപതെരഞ്ഞെടുപ്പിൽ 30 വാർഡിൽ 17 ഉം വിജയിച്ച് എൽഡിഎഫ്. 12 ഇടത്ത് യുഡിഎഫും ഒരു വാർഡിൽ എസ്‌ഡിപിഐയും ജയിച്ചപ്പോൾ ബിജെപിക്ക് ഒരിടത്തും വിജയിക്കാനായില്ല. ഏക കോർപറേഷൻ വാർഡായ തിരുവനന്തപുരം ശ്രീവരാഹത്ത് എൽഡിഎഫിനാണ് ജയം. ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും രണ്ടു നഗരസഭാ വാർഡിലും 13 പഞ്ചായത്ത് വാർഡിലും എൽഡിഎഫ് വിജയിച്ചു.
നാലു വാർഡ് എൽഡിഎഫ് യുഡിഎഫിൽനിന്ന് പിടിച്ചെടുത്തു. എറണാകുളം പൈങ്ങോട്ടൂർ പഞ്ചായത്തിലെ പാണക്കര, പത്തനംതിട്ട നഗരസഭയിലെ കുമ്പഴ നോർത്ത്, ഇടുക്കി വാത്തിക്കുടി പഞ്ചായത്തിലെ ദൈവംമേട്, തിരുവനന്തപുരം പൂവച്ചൽ പഞ്ചായത്തിലെ പുളിങ്കോട് വാർഡുകളാണ് പിടിച്ചെടുത്തത്.
കാസർകോട് മടിക്കൈ പഞ്ചായത്തിലെ കൊളിക്കുന്ന്, കയ്യൂർ ചീമേനി പഞ്ചായത്തിലെ പള്ളിപ്പാറ എന്നിവിടങ്ങളിൽ എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വിജയിച്ച ബഹുഭൂരിപക്ഷം വാർഡുകളിലും എൽഡിഎഫ് ഭൂരിപക്ഷം കൂട്ടി. യുഡിഎഫിനൊപ്പം ബിജെപിയും എസ്‌ഡിപിഐയും പോലുള്ള വർഗീയ സംഘടനകളും ഒരുപറ്റം മാധ്യമങ്ങളും സംസ്ഥാന സർക്കാരിനെ വളഞ്ഞിട്ടാക്രമിക്കുമ്പോഴും കേരള ജനത എൽഡിഎഫിനൊപ്പം തന്നെയാണെന്ന് തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നു. കേരളം മൂന്നാമതും ഇടതുപക്ഷ ജനാധിപത്യ മുന്നണി തന്നെ ഭരിക്കുമെന്നതിന്റെ വ്യക്തമായ സൂചനകൂടിയായിത്.
തിരുവനന്തപുരം കോർപറേഷനിലെ ശ്രീവരാഹത്ത് കോൺഗ്രസ് വോട്ട് ബിജെപിക്ക് മറിച്ചിട്ടും എൽഡിഎഫിനെ പരാജയപ്പെടുത്താനായില്ല. സിപിഐയിലെ വി ഹരികുമാറാണ് വിജയിച്ചത്. ഹരികുമാറിന്റെ രണ്ട് അപരന്മാർ 53 വോട്ട് പിടിച്ചു. തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തിലെ പുലിപ്പാറയിൽ കോൺഗ്രസ് സീറ്റ് എസ്‌ഡിപിഐ പിടിച്ചെടുത്തു. സിപിഐ എം–-12, സിപിഐ– -2, കേരള കോൺഗ്രസ് എം– ഒന്ന്, സ്വതന്ത്രർ– -2 എന്നിങ്ങനെയാണ് എൽഡിഎഫിന് ലഭിച്ച സീറ്റ്. യുഡിഎഫ്: കോൺഗ്രസ്– 10, മുസ്ലിം ലീഗ്–- ഒന്ന്, കേരള കോൺഗ്രസ്– -ഒന്ന്.
കോൺഗ്രസ് വോട്ടിൽ എസ്‌ഡിപിഐ
പാങ്ങോട് പഞ്ചായത്തിൽ എസ്‌ഡിപിഐ വിജയിച്ചത് കോൺഗ്രസ് സഹായത്തോടെ. പുലിപ്പാറ വാർഡിൽ കോൺഗ്രസ് ഒന്നാംസ്ഥാനത്തുനിന്ന് മൂന്നാമതായി. 2020ൽ 363 വോട്ട് നേടിയ എസ്‌ഡിപിഐക്ക് ഇത്തവണ 674 വോട്ട് ലഭിച്ചു. കഴിഞ്ഞ തവണ 455 വോട്ട് നേടിയ കോൺഗ്രസിന് ലഭിച്ചത് 148 വോട്ടു മാത്രം. 279 വോട്ടുമായി മൂന്നാം സ്ഥാനത്തായിരുന്ന എൽഡിഎഫ് ഇക്കുറി 448 വോട്ട് നേടി രണ്ടാമതെത്തി. കോൺഗ്രസ് അംഗം അബ്ദുൾ ഖരീമിന്റെ മരണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. മകൾ സബീന ഖരീം സ്ഥാനാർഥിയായിട്ടും കോൺഗ്രസ് വോട്ടുമറിക്കുകയായിരുന്നു.
പാങ്ങോട് പഞ്ചായത്തിൽ സിപിഐ എമ്മാണ് വലിയ ഒറ്റക്കക്ഷിയെങ്കിലും എസ്‌ഡിപിഐ, വെൽഫെയർ പാർടി പിന്തുണയോടെ കോൺഗ്രസിനാണ് ഭരണം.
സിപിഐ എമ്മിനെ അധികാരത്തിൽനിന്ന് മാറ്റിനിർത്താൻ എസ്‌ഡിപയുമായി കൂട്ടുകൂടിയ കോൺഗ്രസിന് സ്വന്തം അടിത്തറതന്നെ നഷ്‌ടപ്പെട്ടിരിക്കയാണ്.
തിരുവനന്തപുരം കോർപറേഷനിൽ എൽഡിഎഫ്
വിജയം കോൺഗ്രസ് ബിജെപി ഒത്തുകളി അതിജീവിച്ച്
തദ്ദേശ ഉപതെരഞ്ഞെടുപ്പുനടന്ന ഏക കോർപറേഷൻ വാർഡായ തിരുവനന്തപുരം ശ്രീവരാഹത്ത് എൽഡിഎഫ് വിജയിച്ചത് കോൺഗ്രസ്–- ബിജെപി ഒത്തുകളി മറികടന്ന്. എൽഡിഎഫിനെ തോൽപ്പിക്കാൻ ബിജെപിക്ക് കോൺഗ്രസ് വോട്ട് മറിച്ചെങ്കിലും ഫലംകണ്ടില്ല. സിപിഐയിലെ വി ഹരികുമാർ 1358 വോട്ടു നേടിയാണ് വിജയിച്ചത്. ഹരികുമാറിന്റെ രണ്ട് അപരന്മാർ 53 വോട്ട് പിടിച്ചു. രണ്ടാമതെത്തിയ ബിജെപിക്ക് 1346 വോട്ട്. കഴിഞ്ഞ തവണ 408 വോട്ടുനേടിയ കോൺഗ്രസിന് ഇക്കുറി ലഭിച്ചത് 277 വോട്ടുമാത്രം. ബിജെപിയുടെ സീറ്റ് 2020ലാണ് എൽഡിഎഫ് പിടിച്ചെടുത്തത്.









0 comments