തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പ് ; തിളങ്ങുന്ന വിജയം : സിപിഐ എം

തിരുവനന്തപുരം : യുഡിഎഫിന്റെ വർഗീയ കൂട്ടുകെട്ടും മാധ്യമ നുണപ്രചാരണങ്ങളും അതീജിവിച്ച്, തിളങ്ങുന്ന വിജയമാണ് തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേടിയതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. എൽഡിഎഫ് സർക്കാരിന് ജനങ്ങൾ വൻപിന്തുണ നൽകുന്നുണ്ടെന്ന് വീണ്ടും തെളിഞ്ഞു.
ഉപതെരഞ്ഞെടുപ്പ് നടന്നത് 30 തദ്ദേശസ്ഥാപന വാർഡുകളിലാണ്. 17 ൽ എൽഡിഎഫ് വിജയിച്ചു. യുഡിഎഫ് 12 സീറ്റിൽ മാത്രമാണ് വിജയിച്ചത്. ബിജെപിക്ക് ഒരു സീറ്റുംലഭിച്ചില്ല. ഏഴിടത്ത് കോൺഗ്രസ് മൂന്നാംസ്ഥാനത്തായി. ഒരു എസ്‌ഡിപിഐ സ്ഥാനാർഥി ജയിച്ചത് കോൺഗ്രസ് പിന്തുണയിലാണ്. പല വാർഡുകളിലും യുഡിഎഫ് നേടിയതിന്റെ പലമടങ്ങ് വോട്ട് നേടിയാണ് എൽഡിഎഫ് വിജയം.
കോൺഗ്രസ് വർഗീയശക്തികൾക്ക് അടിപ്പെട്ടുവെന്നതിന്റെ തെളിവാണ് തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തിലെ കോൺഗ്രസ് സിറ്റിങ് സീറ്റായ പുലിപ്പാറ വാർഡിലെ എസ്ഡിപിഐ വിജയം. കോൺഗ്രസ് മൂന്നാംസ്ഥാനത്തായി. തിരുവനന്തപുരം കോർപറേഷനിലെ ശ്രീവരാഹം വാർഡിൽ 2020ൽ 408 വോട്ട് നേടിയ കോൺഗ്രസ് 277 വോട്ടിലേക്ക് ചുരുങ്ങി. കോൺഗ്രസ് വോട്ടുകൾ ബിജെപിക്കാണ് പോയത്. എന്നിട്ടും എൽഡിഎഫ് സ്ഥാനാർഥി വിജയിച്ചു.
പ്രതിപക്ഷത്തിന്റെ വികസന വിരുദ്ധ നിലപാടിനും വർഗീയതയ്‌ക്കുമെതിരായ വിധിയെഴുത്തുകൂടിയാണിത്. വയനാട് ദുരന്തബാധിതരെപ്പോലും പരിഗണിക്കാതെ കേരളത്തോട് ശത്രുത പുലർത്തുന്ന കേന്ദ്രസർക്കാരിനെതിരായ വിധിയുമാണ്. എൽഡിഎഫിന് അനുകൂലമായി വിധിയെഴുതിയവരെ അഭിവാദ്യംചെയ്യുന്നതായും സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.









0 comments