ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ്: ലിവിയ ജോസിന് ജാമ്യം

തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ മയക്കുമരുന്നുകേസിൽ കുടുക്കിയ സംഭവത്തിൽ മരുമകളുടെ സഹോദരിക്ക് ജാമ്യം. കേസിൽ രണ്ടാംപ്രതിയായ കാലടി വാറായിൽ ലിവിയ ജോസിനാണ് (21) ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഒരുലക്ഷം രൂപയുടെ സ്വന്തം ജാമ്യത്തിലും രണ്ട് ആൾ ജാമ്യ വ്യവസ്ഥയിലുമാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ലിവിയയ്ക്ക് ജാമ്യം അനുവദിച്ചത്.
2023 മാർച്ച് 27നാണ് ചാലക്കുടി പോട്ട സ്വദേസിയായ ഷീല സണ്ണിയുടെ സ്കൂട്ടറിൽനിന്ന് എൽഎസ്ഡി സ്റ്റാമ്പുകളെന്ന് സംശയിക്കുന്ന 0.160 ഗ്രാം വസ്തുക്കൾ എക്സൈസ് പിടിച്ചെടുത്തത്. തുടർന്ന് ഇവർ 72 ദിവസം ജയിലിലായിരുന്നു. എന്നാൽ, രാസപരിശോധനയിൽ മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്തിയില്ല. ഷീലയെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കി. തുടർന്ന് കേസ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.
ഷീല സണ്ണിയും മരുമകൾ ലിവിയയുമായി കുടുംബ തർക്കമുണ്ടായിരുന്നു. ഷീലയെ കുടുക്കാൻ ലിവിയയുടെ സഹോദരീഭർത്താവായ നാരായണദാസിനെ ഉപയോഗിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്. മുഖ്യപ്രതി തൃപ്പൂണിത്തുറ എരൂർ സ്വദേശി എം എൻ നാരായണദാസിനെ ബാംഗ്ലൂരിൽ നിന്ന് നേരത്തെ പിടികൂടിയിരുന്നു.
ജൂൺ 13നാണ് മുംബൈ വിമാനത്താവളത്തിൽ നിന്ന് ലിവിയ പിടിയിലായത്. കേസിൽ റിമാൻഡിലായി 76 ദിവസം ജയിലിൽ കഴിഞ്ഞതും ലിവിയയുടെ പ്രായവും കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.









0 comments