ലൈഫ് മിഷൻ: സംസ്ഥാനത്ത് നാലര ലക്ഷത്തിലേറെ വീടുകൾ പൂർത്തിയായി- മുഖ്യമന്ത്രി

കണ്ണൂർ: സ്വന്തം വീട് സ്വപ്നം മാത്രമായി കൊണ്ടുനടന്ന സംസ്ഥാനത്തെ 4,57,055 കുടുംബങ്ങൾക്ക് സ്വന്തമായൊരു വീട് നൽകുന്നതിന് ലൈഫ് മിഷൻ പദ്ധതിയിലൂടെ സംസ്ഥാന സർക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വേങ്ങാട് ഗ്രാമപഞ്ചായത്ത് ലൈഫ് പദ്ധതിയിൽ പൂർത്തിയായ 50 വീടുകളുടെ താക്കോൽദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ലൈഫ് പദ്ധതിയുടെ തുടക്കത്തിൽ കേന്ദ്ര സർക്കാരുമായി ചർച്ച നടത്തി വിവിധ പദ്ധതികൾ ഏകോപിപ്പിച്ച് നടത്തുന്നത് അറിയിച്ചിരുന്നു. തുടക്കത്തിൽ ഇത് അംഗീകരിക്കുകയും പിന്നീട് വീടുകൾക്ക് മുന്നിൽ ലോഗോ പതിക്കണമെന്നുൾപ്പെടെ നിബന്ധനകൾ വെക്കുകയും ചെയ്തു. കേരളത്തിൽ പൂർത്തിയായ 4.5 ലക്ഷം വീടുകളുടെ മുന്നിൽ ലോഗോ വച്ച് കുടുംബങ്ങളുടെ അഭിമാന ബോധത്തെ വ്രണപ്പെടുത്തില്ലെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചു. ലോഗോ അംഗീകരിക്കാതെ പണം തരില്ലെന്ന നിർബന്ധത്തിന് വഴങ്ങാനോ പദ്ധതി മുടക്കുന്നതിനോ സർക്കാർ തയ്യാറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങൾ വലിയ പങ്കാണ് ലൈഫ് പദ്ധതിയുടെ പൂർത്തീകരണത്തിൽ വഹിക്കുന്നത്. അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനം നവംബർ ഒന്നിന് നടക്കാനിരിക്കെ ഈ നേട്ടം കൈവരിക്കുന്നതിൽ തദ്ദേശസ്ഥാപനങ്ങൾ വലിയ പങ്ക് വഹിച്ചു. അതിദരിദ്രരില്ലാത്ത രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറും. മാലിന്യ നിർമ്മാർജ്ജനത്തിൽ ഹരിതകർമ്മസേന വഹിക്കുന്ന പങ്ക് സ്തുത്യർഹമാണ്. തദ്ദേശസ്ഥാപനങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളോട് ജനങ്ങളും നല്ല രീതിയിലാണ് പ്രതികരിക്കുന്നത്. ലഹരിമുക്ത കേരളം എന്ന ലക്ഷ്യവും നാം ഒന്നാകെ ഏറ്റെടുത്ത് പൂർത്തിയാക്കേണ്ട ദൗത്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.








0 comments