"ലൈഫ്" സാധാരണക്കാരുടെ ജീവിതത്തെ മാറ്റിമറിച്ച പദ്ധതി: എം ബി രാജേഷ്

തിരുവനന്തപുരം: ഭവനരഹിതരായ സാധാരണ ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ച, ഇന്ത്യയിൽ തന്നെ സമാനതകളില്ലാത്ത ബൃഹത് പദ്ധതിയാണ് ലൈഫ് എന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. കിളിമാനൂർ പോങ്ങനാട് എസ് എസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 25 കുടുംബങ്ങൾക്ക് വീട് നിർമിച്ചുനൽകുന്ന ലയൺസ് ലൈഫ് വില്ലേജ് പദ്ധതിയുടെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 4,24,800 പേർക്ക് വീട് നിർമിച്ചുനൽകി. 5,38,318 പേർ ലൈഫ് ഭവന പദ്ധതിയിൽ ഗുണഭോക്താക്കളാണ്. ഒരു ലക്ഷത്തി പതിനാലായിരത്തോളം വീടുകളുടെ നിർമാണം വിവിധ ഘട്ടങ്ങളിലാണ്. വീടിന്റെ സുരക്ഷിതത്വത്തിലും സമാധാനത്തിലുമാണ് ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കൾ. ഓരോരുത്തർക്കും അന്തസ്സോടെ ജീവിക്കാനുള്ള വീടാണ് സർക്കാർ നിർമിച്ചു നൽകുന്നത്.
ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ തുക ഭവനനിർമാണത്തിനായി കേരളം നൽകുന്നു. സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയാണ്. രാജ്യത്തിന് തന്നെ മാതൃകയായ പദ്ധതി നടപ്പിലാക്കാൻ കഴിയുന്നത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും സർക്കാരുമായി കൈകോർക്കുന്നതുകൊണ്ടാണെന്നും മന്ത്രി പറഞ്ഞു.








0 comments