വാൽപ്പാറയിൽ നാലര വയസ്സുകാരിയെ കൊന്ന പുലിയെ പിടികൂടി

ചാലക്കുടി: തമിഴ്‌നാട്ടിലെ വാൽപ്പാറയിൽ നാലര വയസ്സുകാരിയെ കൊന്ന നരഭോജി പുലി പിടിയിൽ. പച്ചമല എസ്‌റ്റേറ്റിന് സമീപം തമിഴ്‌നാട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. കുട്ടിയുടെ മൃതദേഹം കിട്ടിയ ഭാഗത്തും വീടിനുസമീപവുമായിരുന്നു കൂട് സ്ഥാപിച്ചിരുന്നത്. വീടിനടുത്തെ കൂട്ടിലാണ് പുലി അകപ്പെട്ടിരിക്കുന്നത്. പുലിയെ മാറ്റാനുള്ള ശ്രമങ്ങൾ വനംവകുപ്പ് സ്വീകരിച്ചുവരികയാണ്.
വാൽപാറ ടൗണിനോടു ചേർന്ന പച്ചമല എസ്റ്റേറ്റ് തെക്ക് ഡിവിഷനിലെ തൊഴിലാളി ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകൾ റൂസ്‌നിയെയാണ് വീടിനുമുന്നിൽ കളിച്ചുകൊണ്ടിരിക്കെ വെള്ളിയാഴ്‌ച വൈകിട്ട് 4.30 ഓടെ പുലി പിടിച്ചത്. കുട്ടിയെ പുലി വലിച്ചിഴച്ചു കൊണ്ടുപോകുന്നതു കണ്ട തൊഴിലാളികൾ വിവരം അറിയിച്ചതോടെ കൂടുതൽ പേരെത്തി വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പുലിയുടെ കാൽപ്പാടുകളും കുട്ടിയുടെ വസ്‌ത്രത്തിന്റെ ഭാഗങ്ങളും കണ്ടത്തിയിരുന്നു. ശനിയാഴ്‌ച പൊലീസും വനംവകുപ്പ് അധികൃതരും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് മൃതദേഹാവശിഷ്‌ടങ്ങൾ കണ്ടെത്തിയത്. പൊലീസ് നായയുടെയും ഡ്രോണുകളുടെയും സഹായത്തോടെയായിരുന്നു തെരച്ചിൽ. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം സംസ്‌കരിച്ചു. കുട്ടിയുടെ മാതാപിതാക്കൾ കഴിഞ്ഞ ഞായറാഴ്ചയാണ് ജാർഖണ്ഡിൽ നിന്ന് ഇവിടെ ജോലിക്കെത്തിയത്. സ്ഥലത്ത് ഇതിന് മുമ്പും പുലിയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. തോട്ടം തൊഴിലാളികൾ ഉൾപ്പടെയുള്ള ആളുകൾ താമസിക്കുന്ന ജനവാസ മേഖലയിൽ വന്യ മൃഗങ്ങളുടെ ശല്യം പതിവാണ്.









0 comments