ഹൃദയം നിലയ്ക്കും മുമ്പേ അഴിയുമോ നിയമക്കുരുക്ക്‌; നേപ്പാൾ സ്വദേശി ദുർഗ കാമി കാത്തിരിക്കുന്നു

DURGA KAAMI

നേപ്പാൾ സ്വദേശി ദുർഗ ദേവിയും സഹോദരൻ തിലക് കാമിയും. ഫോട്ടോ: സുനോജ്‌ നൈനാൻ മാത്യു

avatar
ആർ ഹേമലത

Published on Sep 16, 2025, 12:01 AM | 1 min read

കൊച്ചി: കേന്ദ്രനിയമത്തിന്റെ കുരുക്കഴിഞ്ഞ്‌, കേരളത്തിന്റെ കരുണയിൽ തുടിക്കുന്ന ഹൃദയമെത്തുന്നതും കാത്തിരിക്കുകയാണ് ഇരുപത്തിരണ്ടുകാരി നേപ്പാൾ സ്വദേശിനി ദുർഗ കാമി. ഹൃദയമാറ്റ ശസ്‌ത്രക്രിയക്കായി എറണാകുളം ജനറൽ ആശുപത്രിയിലെത്തിയ ദുർഗ, കേരള സ്‌റ്റേറ്റ്‌ ഓർഗൻ ആൻഡ്‌ ടിഷ്യൂ ട്രാൻസ്‌പ്ലാന്റിൽ (കെ സോട്ടോ) പേരുനൽകിയെങ്കിലും മുൻഗണനയില്ലാത്തതിനാൽ ഗുരുതര രോഗാവസ്ഥയിലും അവയവം ലഭ്യമായിട്ടില്ല. രാജ്യത്തിന്‌ പുറത്തുനിന്നുള്ള രോഗികൾക്ക്‌ അവസാന പരിഗണന മതിയെന്ന കേന്ദ്രനിയമമാണ്‌ തടസ്സം.


സംസ്ഥാനത്താദ്യം സർക്കാർ ആശുപത്രിയിൽ നടക്കേണ്ട ഹൃദയം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയയും ഇതുമൂലം അനന്തമായി നീളുന്നു.

ഹൃദയഭിത്തികൾക്ക്‌ കനം കൂടുന്ന ഹൈപ്പർ ഹെർഡിക്‌ടറി കാർഡിയോ മയോപ്പതിയാണ്‌ ദുർഗയ്‌ക്ക്‌. ഇതേ അസുഖം ബാധിച്ചാണ്‌ അമ്മയെയും സഹോദരിയെയും നഷ്‌ടമായത്‌. നേപ്പാൾ ഗഞ്ചിൽ മലയാളി നടത്തുന്ന അനാഥാലയത്തിലാണ്‌ ബിരുദ വിദ്യാർഥിനിയായ ദുർഗ വളർന്നത്‌.


ലക്‌ന‍ൗവിലും കാഠ്‌മണ്ഡുവിലും ചികിത്സ നടത്തി. പിന്നീട്‌ ധർമപുരിയിലും അമൃത ആശുപത്രിയിലുമെത്തി. ഹൃദയം മാറ്റിവയ്‌ക്കലാണ്‌ പരിഹാരമെന്ന്‌ ഡോക്‌ടർമാർ വിധിയെഴുതി. സാന്പത്തിക പരാധീനതമൂലം തുടർചികിത്സ എറണാകുളം ജനറൽ ആശുപത്രിയിലാക്കി. സഹോദരൻ തിലകിനൊപ്പം പോണേക്കരയിലെ വീട്ടിലാണ്‌ താമസം. കേരളത്തിലെ ആരോഗ്യസംവിധാനത്തിലും നല്ല മനുഷ്യരിലുമുള്ള പ്രതീക്ഷയിലാണ്‌ മാസങ്ങളായി ദുർഗയുടെ ജീവിതം.


അവയവദാനത്തിനും മാറ്റിവയ്‌ക്കലിനുമായുള്ള 1994ലെ ‘ദ ട്രാൻസ്‌പ്ലാന്റേഷൻ ഓഫ്‌ ഹ്യൂമൻ ഓർഗൻസ്‌ ആൻഡ്‌ ടിഷ്യൂ ആക്‌ട്‌’ എന്ന കേന്ദ്രനിയമം പ്രകാരം, വിദേശികളായ രോഗികൾക്ക്‌ അവസാന പരിഗണനയേയുള്ളൂ. കെ സോട്ടോയിൽ അവയവം ലഭ്യമാണെങ്കിൽ സംസ്ഥാന, പ്രാദേശിക, ദേശീയ പട്ടികയിലെ രോഗികൾക്കാണ്‌ ആദ്യപരിഗണന. തുടർന്ന്‌ വിദേശത്തുള്ള ഇന്ത്യക്കാർ. ആ വിഭാഗത്തിലും യോഗ്യരില്ലെങ്കിൽ മാത്രമാണ്‌ അവസരം.


രണ്ടുതവണ ഹൃദയം നിന്നുപോകുന്ന അവസ്ഥ ഉണ്ടായതിനാൽ എത്രയുംവേഗം ദുർഗയെ ശസ്‌ത്രക്രിയക്ക്‌ വിധേയയാക്കേണ്ടതുണ്ടെന്ന്‌ ചികിത്സകർ പറഞ്ഞു. ഹൃദയം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയക്ക്‌ ഒരുവർഷത്തിലേറെയായി എല്ലാ സംവിധാനങ്ങളുമായി ജനറൽ ആശുപത്രി സജ്ജമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home