ജില്ലാ പഞ്ചായത്തംഗത്തിന് സൗദിയിൽ ബിനാമി ബിസിനസ്
ജില്ലാപഞ്ചായത്തിന്റെ പേരിൽ നിക്ഷേപ തട്ടിപ്പ് ; വിവാഹപ്പണവും തട്ടി , ലീഗ് വാർഡംഗത്തിന് നഷ്ടമായത് ഒന്നരക്കോടി

മലപ്പുറം
കൂട്ടിലങ്ങാടിയിലെ നിർധന കുടുംബത്തിലെ യുവതിയുടെ വിവാഹം നടത്താൻ നാട്ടുകാർ പിരിച്ച നാലരലക്ഷത്തോളം രൂപ ലീഗ് നേതാവ് തട്ടിയെടുത്തതായി പരാതി. പിരിച്ച പണം ജില്ലാ പഞ്ചായത്തിന്റെ പദ്ധതി നടത്തിപ്പിൽ നിക്ഷേപിച്ചാൽ വലിയ തുക ലാഭം കിട്ടുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സഹായകമ്മിറ്റിയുണ്ടാക്കി പിരിച്ച 4,40,000 രൂപ ലീഗ് ജില്ലാ പഞ്ചായത്ത് അംഗം തട്ടിയത്.
യുവതിയുടെ നിക്കാഹ് കഴിഞ്ഞയുടനെയാണ് ഇയാൾ സഹായക്കമ്മിറ്റിയെ സമീപിച്ച് പണം കൈക്കലാക്കിയത്. എന്നാൽ വിവാഹം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും പണം തിരിച്ചുകിട്ടിയില്ലാ എന്നാണ് പരാതി. സ്വർണം കടം വാങ്ങിയ ജ്വല്ലറി ഉടമകൾ യുവതിയുടെ വീട്ടിലെത്തി നിരന്തരം ശല്യം ചെയ്യുകയാണ്. യുവതിയുടെ ഉമ്മ കിണറ്റിൽചാടി ആത്മഹത്യചെയ്യുമെന്ന് ഭീഷണി മുഴക്കി. പണംതിരികെ ചോദിക്കുമ്പോൾ ലീഗ് നേതൃത്വമടക്കം കൈമലർത്തുകയാണെന്നും പരാതിയുണ്ട്. ഇത്തരത്തിൽ ജില്ലാ പഞ്ചായത്തിന്റെ മറവിൽ ലീഗ് നേതാക്കളിൽ ചിലർ നിരവധി തട്ടിപ്പുകൾ നടത്തിയെന്നും ആക്ഷേപമുയരുന്നുണ്ട്.
മക്കരപറമ്പിൽ ലീഗ് പഞ്ചായത്തംഗമായ വനിതാ നേതാവിനും കുടുംബാംഗങ്ങൾക്കുമായി നഷ്ടമായത് ഒന്നര കോടിയിലേറെ രൂപയാണ്. മക്കളുടെയും മരുമക്കളുടെയും സ്വർണാഭരണങ്ങൾ വിറ്റാണ് വനിതാ നേതാവ് പണം നൽകിയത്. കൂടാതെ സഹോദരങ്ങളുടെയും കുടുംബാംഗങ്ങളുടെയും പണവും നിക്ഷേപിച്ചു. ഇതുമാത്രം 1.35 കോടി രൂപവരും.
വെണ്ണക്കോട്ടെ പള്ളി, മദ്രസ കമ്മിറ്റികളും തട്ടിപ്പിനിരയായിട്ടുണ്ട്.എയ്‌ഡഡ് സ്‌കൂൾ അധ്യാപകനായ നേതാവ് സഹപ്രവർത്തകരെയും കൂട്ടത്തോടെ വഞ്ചിച്ചു. അധ്യാപകരും അനധ്യാപകരും പിഎഫ് നിക്ഷേപം പിൻവലിച്ചാണ് പണം നൽകിയത്. സ്‌കൂളിലെ സഞ്ചയിക നിധിയിലെ പണം തിരിമറി നടത്തിയതിന് സ്‌കൂൾ അധികൃതർ വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ്. ഇദ്ദേഹത്തിന്റെ ഭാര്യ ജോലിചെയ്യുന്ന സ്‌കൂളിലും സമാനരീതിയിൽ പണം പിരിച്ചിട്ടുണ്ട്.
പൊലീസ് വിവരശേഖരണം തുടങ്ങി
ജില്ലാ പഞ്ചായത്ത് മക്കരപ്പറമ്പ് ഡിവിഷൻ അംഗവും യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റുമായ ടി പി ഹാരിസന്റെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസ് വിവരശേഖരണം തുടങ്ങി. നിക്ഷേപം സ്വീകരിച്ചത് മടക്കി നൽകിയില്ലെന്നും ഇരുനൂറുപേരിൽനിന്നായി 25 കോടിയിലേറെ രൂപ തട്ടിയെടുത്തെന്നും ആറുപേരാണ് പൊലീസിൽ പരാതി നൽകിയത്. ഇവരോട് പണമിടപാട് രേഖ ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പരിശോധിച്ചശേഷമാകും കേസെടുക്കുക. ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥന് നൽകിയ പരാതി മലപ്പുറം ഡിവൈഎസ്‌പി പി ബിജുവിന് കൈമാറുകയായിരുന്നു.
ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന വിവിധ പദ്ധതി കരാറുകളിൽ ലാഭം വാഗ്‌ദാനംചെയ്താണ് ഹാരിസ് കോടികൾ വാങ്ങിയതെന്ന് പരാതിയിൽ പറയുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ലീഗ് പ്രാദേശിക നേതാക്കളും അനുഭാവികളുമായ വ്യവസായികളും സാധാരണക്കാരും സംഘടനകളുമാണ് തട്ടിപ്പിനിരയായത്. ലീഗ് സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ ഒത്തുതീർപ്പ് ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ചിലർ പൊലീസിൽ പരാതി നൽകിയത്.
ജില്ലാ പഞ്ചായത്തംഗത്തിന് സൗദിയിൽ ബിനാമി ബിസിനസ്
യൂത്ത് ലീഗ് നേതാവായ ജില്ലാ പഞ്ചായത്തംഗം കോടികൾ തട്ടിയത് യുഡിഎഫ് നിയന്ത്രിക്കുന്ന മലപ്പുറം ജില്ലാ പഞ്ചായത്തിന്റെയും മുസ്ലിം ലീഗ് നേതൃത്വത്തിന്റെയും ഒത്താശയോടെ. വെട്ടിപ്പ് പുറത്തായതോടെ നിക്ഷേപകർ ലീഗ് നേതൃത്വത്തെ സമീപിച്ചപ്പോൾ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുകയായിരുന്നു. പണത്തിന്റെ സ്രോതസ്സ് അന്വേഷണ ഏജൻസികൾക്കുമുന്നിൽ വെളിപ്പെടുത്തേണ്ടിവരുമെന്നാണ് ലീഗിന്റെ ഭീഷണി.
പരാതി പിൻവലിക്കാൻ ലീഗ് നേതാക്കൾ വലിയ സമ്മർദമാണ് ചെലുത്തുന്നത്. നിലവിൽ ആറുപേരാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. തട്ടിയെടുത്ത കോടികൾ ഉപയോഗിച്ച് ജില്ലാ പഞ്ചായത്ത് അംഗം സൗദിയിൽ ബിനാമി ബിസിനസ് തുടങ്ങിയതായി നിക്ഷേപകർ ആരോപിക്കുന്നു. നേതാവിന്റെ അടുത്ത അനുയായിയും ലീഗ് പ്രവർത്തകനുമായ വെണ്ണക്കോട് സ്വദേശിയാണ് ബിസിനസ് നടത്തുന്നത്. കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ സൗദി അറേബ്യയിൽ മാത്രം ഇയാൾ തുടങ്ങിയത് 12 ഫാസ്‌റ്റ് ഫുഡ് കടകളാണ്. നാട്ടിൽ ചെറുകിട ബിസിനസുമായി നടന്നയാളാണ് കോടീശ്വരനായത്. ജില്ലാ പഞ്ചായത്തിന്റെ വിവിധ പദ്ധതികരാറുകളിൽ നിക്ഷേപം വാഗ്‌ദാനം നൽകി ജില്ലാ പഞ്ചായത്തംഗം 25 കോടി രൂപ തട്ടിയെടുത്തതായാണ് പരാതി. തുടക്കത്തിൽ നിക്ഷേപത്തിന് കൃത്യമായ ലാഭവിഹിതം നൽകി വിശ്വാസ്യത ആർജിച്ച ശേഷമായിരുന്നു തട്ടിപ്പ്. ഒന്നരവർഷമായി ലാഭവിഹിതം ലഭിക്കാതായതോടെയാണ് നിക്ഷേപകർ രംഗത്തെത്തിയത്. സർക്കാർ സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ ജില്ലാ പഞ്ചായത്തിന്റെ ബില്ലുകൾ മാറിക്കിട്ടുന്നില്ലെന്നാണ് ഇദ്ദേഹം നിക്ഷേപകരെ അറിയിച്ചത്.
ബിനാമി ഇടപാടുകൾ സംബന്ധിച്ച് ലീഗ് സംസ്ഥാന നേതൃത്വത്തിന് നിക്ഷേപകർ പരാതി നൽകി. വ്യവസായിയിൽനിന്ന് നിക്ഷേപമായാണ് പണം സ്വീകരിച്ചതെന്നാണ് ഇദ്ദേഹം ലീഗ് നേതൃത്വത്തിന് നൽകിയ മറുപടി. 21 കോടി രൂപ ഇതിനകം മടക്കിനൽകിയതായും ഇനി 14 കോടി രൂപകൂടി നൽകാനുണ്ടെന്നുമുള്ള കണക്കാണ് പാർടിക്ക് നൽകിയത്.









0 comments