ലീഗ് തട്ടിപ്പിന് കുടപിടിച്ച് മാധ്യമങ്ങൾ
മലപ്പുറം ജില്ലാ പഞ്ചായത്ത് നിക്ഷേപത്തട്ടിപ്പ് ; യൂത്ത് ലീഗ് നേതാവ് അറസ്‌റ്റിൽ

മലപ്പുറം
ജില്ലാ പഞ്ചായത്ത് പദ്ധതികളുടെ പേരിൽ കോടികൾ തട്ടിയ കേസിൽ മുംബൈ വിമാനത്താവളത്തിൽ പിടിയിലായ യൂത്ത് ലീഗ് നേതാവായ ജില്ലാ പഞ്ചായത്തംഗം ടി പി ഹാരിസി(42)ന്റെ അറസ്റ്റ് രേഖപ്പെടുത്തി. എമിഗ്രേഷൻ വിഭാഗം മുംബൈ സഹർ പൊലീസിന് കൈമാറിയ പ്രതിയെ മലപ്പുറം എസ്ഐ ടി ടി ഹനീഫയുടെ നേതൃത്വത്തിൽ കസ്റ്റഡിയിൽ വാങ്ങി.
അന്ധേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടുദിവസത്തെ കൈമാറ്റ കസ്റ്റഡിയിൽ മലപ്പുറം പൊലീസിന് കൈമാറി. ഞായർ രാവിലെ മലപ്പുറം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും. രണ്ടാം പ്രതിയായ ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ് ബിജുവിനെ ചോദ്യംചെയ്‌തു. തട്ടിപ്പിനിരയായ നിക്ഷേപകരിൽ ആറുപേർ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് ഹാരിസിനും ബിജുവിനുമെതിരെ കേസെടുത്തത്. സാമ്പത്തിക തട്ടിപ്പ്, വിശ്വാസ വഞ്ചന എന്നീ വകുപ്പുകളാണ് ചുമത്തിയത്.
ഇരുന്നൂറോളം പേരിൽനിന്നായി 25 കോടി രൂപ തട്ടിയതായാണ് പരാതി. ദുബായിലേക്ക് കടന്ന ഹാരിസിനായി ലുക്ക് ഒൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. വ്യാഴാഴ്ച രാവിലെ ദുബായിൽനിന്ന് മുംബൈ വിമാനത്താവളത്തിൽ ഇറങ്ങിയപ്പോഴാണ് എമിഗ്രേഷൻ വിഭാഗം പിടികൂടിയത്. പ്രതിയെ ചോദ്യംചെയ്യാനായി കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അപേക്ഷ നൽകുമെന്ന് അന്വേഷണച്ചുമതലയുള്ള എസ്‌എച്ച്‌ഓ പി വിഷ്ണു പറഞ്ഞു.
പരാതിക്കാരിൽ ഒരാളായ രാമപുരം സ്വദേശി സഫീറിന്റെ മൊഴി അടിസ്ഥാനമാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്. സഫീറിൽനിന്ന് 80 ലക്ഷം രൂപയും ബന്ധുക്കളിൽനിന്ന് 3.57 കോടി രൂപയും തട്ടിയെടുത്തെന്നാണ് മൊഴി. തട്ടിപ്പിനെക്കുറിച്ച് അറിയാമായിരുന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് സെക്രട്ടറിയെ രണ്ടാം പ്രതിയാക്കിയത്. മറ്റു ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെയും സെക്രട്ടറിയുൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ പങ്കും വിശദമായി അന്വേഷിക്കുന്നുണ്ട്.
ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ മറവിലായിരുന്നു തട്ടിപ്പ്. ലീഗ് നേതാക്കൾ ബിനാമി പേരിൽ കരാറെടുത്ത് പണം മുടക്കാൻ നിക്ഷേപകരെ സമീപിക്കും. ലാഭത്തിന്റെ 50 ശതമാനം നിക്ഷേപകർക്ക് ലഭിക്കുമെന്നാണ് വാഗ്ദാനം. ബാക്കി 50 ശതമാനം ലീഗ് നേതാക്കളും ഇടനിലക്കാരും ഉദ്യോഗസ്ഥരും ഉൾപ്പെട്ട സംഘം വീതിച്ചെടുക്കും. നിക്ഷേപിച്ച തുക അടിച്ചുമാറ്റിയാണ് ഹാരിസ് മുങ്ങിയത്.
തട്ടിയ കോടികൾ നേതാക്കൾ പങ്കിട്ടതായി ആക്ഷേപം
ജില്ലാ പഞ്ചായത്തിൽ നിക്ഷേപത്തട്ടിപ്പിലൂടെ ജില്ലാ പഞ്ചായത്തംഗവും യൂത്ത്ലീഗ് നേതാവുമായ ടി പി ഹാരിസ് സ്വന്തമാക്കിയ 25 കോടി രൂപ പ്രമുഖ ലീഗ് നേതാക്കളും പങ്കിട്ടെടുത്തതായി ആക്ഷേപം. തട്ടിപ്പിൽ കൂടുതൽ ലീഗ് നേതാക്കൾക്ക് പങ്കുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്.
ജില്ലാ പഞ്ചായത്തിലെ പ്രമുഖ നേതാവ് കേരള ബാങ്ക് എടക്കര ശാഖയിൽനിന്ന് അനധികൃത വായ്പയെടുത്ത് തട്ടിപ്പ് നടത്തിയതിന് വിജിലൻസ് അന്വേഷണം നേരിടുന്നുണ്ട്. ഭാര്യയുടെയും മക്കളുടെയും ബിനാമികളുടെയും പേരിൽ കോടികൾ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ പണം തട്ടിയെന്നാണ് പരാതി. ഒന്നര വർഷം മുമ്പാണ് വിജിലൻസ് കേസെടുത്തത്. എന്നാൽ, അടുത്തിടെ ഇൗ വായ്പകളിൽ ഭീമമായ തുക തിരിച്ചടച്ചു. ഇത് തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണമാണെന്നാണ് ആക്ഷേപം. ജില്ലാ പഞ്ചായത്തിലെ മറ്റൊരു വനിതാ അംഗത്തിന്റെ ഭർത്താവ് അദ്ദേഹം ജോലിചെയ്യുന്ന സഹകരണ ബാങ്കിൽ സാമ്പത്തിക തിരിമറി നടത്തിയതിന് നടപടി നേരിട്ടിരുന്നു. സെക്രട്ടറിയായിരിക്കെ സ്ഥിരനിക്ഷേപത്തിൽ തിരിമറി നടത്തി പണം അടിച്ചെടുത്തുവെന്നായിരുന്നു പരാതി.
അന്വേഷണത്തെ തുടർന്ന് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തു. അടുത്തിടെ ഇൗ തുക തിരിച്ചടച്ച് ജോലിയിൽ തിരികെയെത്തി. ഭീമമായ തുക തിരിച്ചടയ്ക്കാൻ സാധിച്ചതെങ്ങനെയെന്ന് ഇരുവരും വ്യക്തമാക്കണമെന്നാണ് നിക്ഷേപകരുടെ ആവശ്യം.
ലീഗ് തട്ടിപ്പിന് കുടപിടിച്ച് മാധ്യമങ്ങൾ
മുസ്ലിംലീഗ് ഭരിക്കുന്ന ജില്ലാ പഞ്ചായത്തിൽ നടന്ന കോടികളുടെ തട്ടിപ്പ് അനുദിനം പുറത്തുവരുമ്പോഴും മുഖ്യധാരാ മാധ്യമങ്ങൾ മൗനത്തിൽ. ഇരുന്നൂറോളം പേരിൽനിന്ന് 25 കോടിയിലേറെ രൂപയാണ് ലീഗ് നേതാക്കൾ ഉൾപ്പെട്ട സംഘം തട്ടിയത്. തട്ടിപ്പിനിരയായി ലീഗ് പ്രാദേശിക നേതാക്കളും അനുഭാവികളും പൊലീസിൽ പരാതി നൽകിയിട്ടും മാധ്യമങ്ങൾക്ക് വാർത്തയായില്ല. യൂത്ത്ലീഗ് നേതാവായ ജില്ലാ പഞ്ചായത്തംഗം അറസ്റ്റിലായതോടെ ചെറിയ വാർത്ത നൽകേണ്ട ഗതികേടിലുമായി. അപ്പോഴും ജില്ലാ പഞ്ചായത്തിനെയും ലീഗ് നേതൃത്വത്തെയും വെളുപ്പിച്ചെടുക്കാനാണ് ശ്രമം.
ജില്ലാ പഞ്ചായത്ത് പ്രവൃത്തികളുടെ കരാർ ബിനാമി പേരിൽ സ്വന്തമാക്കി ലീഗ് നേതാക്കൾ ഉൾപ്പെട്ട സംഘം ഇതിലേക്ക് നിക്ഷേപം സമാഹരിച്ചാണ് തട്ടിപ്പ് നടത്തിയത്.
ലാഭവിഹിതം പങ്കിട്ട് കോടികൾ സ്വന്തമാക്കിയതിന് പുറമെയാണ് നിക്ഷേപം അടിച്ചുമാറ്റിയത്. ഇതിനെയാണ് ജില്ലാ പഞ്ചായത്തംഗം ഒറ്റയ്ക്ക് നടത്തിയ തട്ടിപ്പായി മാധ്യമങ്ങൾ ചിത്രീകരിച്ചത്. കേരളത്തിൽ ഒരു ജില്ലാ പഞ്ചായത്ത് സെക്രട്ടറി അഴിമതി കേസിൽ പ്രതിയാകുന്നത് അപൂർവമാണ്. എന്നിട്ടും മാധ്യമങ്ങൾക്ക് അനക്കമില്ല. തട്ടിപ്പുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്തിനെ ബന്ധപ്പെടുത്തുന്ന നിരവധി വിവരങ്ങളാണ് പുറത്തുവന്നത്. ജില്ലാ പഞ്ചായത്ത് ഓഫീസിൽ വച്ചാണ് തുക കൈമാറിയതെന്നും ഫ്രണ്ട് ഓഫീസിൽ ഇതിന് സംവിധാനമുണ്ടെന്നും പരാതിയിൽ പറയുന്നുണ്ട്.
മാത്രമല്ല, നിക്ഷേപം മടക്കിക്കിട്ടാതായപ്പോൾ ജില്ലാ പഞ്ചായത്തിൽ അന്വേഷിച്ചെത്തിയ നിക്ഷേപകരിൽ ചിലരോട് സെക്രട്ടറി ഹാരിസിനുവേണ്ടി സംസാരിച്ചതായും മൊഴിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സെക്രട്ടറിയെ പ്രതിചേർത്തത്. സാമ്പത്തിക ഇടപാടുകളെല്ലാം നടന്നത് ജില്ലാ പഞ്ചായത്ത് കേന്ദ്രീകരിച്ചായിട്ടും തട്ടിപ്പ് അറിഞ്ഞില്ലെന്ന ലീഗ് നേതാക്കളുടെ വാദം തൊണ്ട തൊടാതെ വിഴുങ്ങുകയാണ് മാധ്യമങ്ങൾ.









0 comments