ദുരന്തബാധിതർക്കുള്ള ഭൂമിയിൽ ലീഗിന്റെ കൊള്ള ; 22,956 രൂപ വിലയുള്ള ഭൂമി ലീഗ് വാങ്ങിയത് 1.22 ലക്ഷത്തിന്


അജ്‌നാസ് അഹമ്മദ്
Published on Jul 15, 2025, 01:15 AM | 1 min read
കൽപ്പറ്റ
മുണ്ടക്കൈ ദുരന്തബാധിതർക്ക് വീട് നിർമിക്കാൻ മുസ്ലിംലീഗ് സെന്റിന് 1.22 ലക്ഷം രൂപ നൽകി വാങ്ങിയത് സെന്റിന് 22,956 രൂപ വിലയുള്ള ഭൂമി. പി കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവും വീട് നിർമാണ സമിതിയംഗവുമായ അഭിഭാഷകൻ കല്ലങ്കോടൻ മൊയ്‌തുവിന്റെ മൂന്നേക്കർ ഭൂമിയാണ് സെന്റിന് 1.22 ലക്ഷം രൂപ നിരക്കിൽ വാങ്ങിയത്.
മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വെള്ളിത്തോട് മൊയ്‌തുവടക്കം അഞ്ചുപേരിൽനിന്നാണ് ലീഗ് ഭൂമി വാങ്ങിയത്. വി പി ഷംലയിൽനിന്ന് സെന്റിന് 1.16 ലക്ഷം രൂപ, വി പി സജ്നയിൽനിന്ന് 1.05 ലക്ഷം, കണ്ടിലേരി ഷംജിത്തിൽനിന്ന് 1.14 ലക്ഷം, സുനിൽകുമാറിൽനിന്ന് സെന്റിന് 98,000 രൂപ വില നൽകി ഭൂമി വാങ്ങിയെന്നാണ് കൽപ്പറ്റ സബ് രജിസ്‌ട്രാർ ഓഫീസിൽ രജിസ്‌റ്റർ ചെയ്‌ത ആധാരത്തിലുള്ളത്.
മൊയ്‌തു ലീഗിന് വിറ്റ ഭൂമിയുടെ റീ സർവേ നമ്പർ 166 ആണ്. ഇതേ സർവേ നമ്പറിൽ 2024 മെയ് 22ന് നടന്ന രജിസ്ട്രേഷനിൽ സെന്റിന്റെ വില 22,956 രൂപയാണ്. 99,544 രൂപയാണ് സെന്റിന് ലീഗ് അധികം നൽകിയത്. മൊയ്‌തുവിന്റെ മൂന്നേക്കറിനുമാത്രം യഥാർഥ വിലയെക്കാൾ 2.98 കോടി രൂപ അധികം നൽകി.
റീ സർവേ നമ്പർ 177ൽ ഉൾപ്പെട്ട നാലുസെന്റ് 60,000 രൂപയ്‌ക്ക് കഴിഞ്ഞ മാർച്ചിൽ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. സെന്റിന് 15,000 രൂപ വില. ദുരന്തബാധിതരുടെ പുനരധിവാസത്തിന് 40 കോടി രൂപയോളമാണ് പൊതുജനങ്ങളിൽനിന്ന് ലീഗ് സമാഹരിച്ചത്. സ്ഥലത്തിനായി 12 കോടിയിലധികം ചെലവഴിച്ചെന്ന് പറയുന്നു. തോട്ടംഭൂമി ഭവന നിർമാണത്തിന് വിൽപ്പന നടത്തിയതിന് ഉടമകളായിരുന്നവർക്ക് താലൂക്ക് ലാൻഡ് ബോർഡ് നോട്ടീസ് നൽകിയിട്ടുണ്ട്. 16 മുതൽ ഹിയറിങ്.









0 comments