കെ ടി ജലീലിന്റെ എഫ്‌ബി പോസ്‌റ്റ്
ഫണ്ട് മുക്കൽ ‘ഹലാലാക്കി’ലീഗ്


സ്വന്തം ലേഖകൻ
Published on Jul 14, 2025, 06:11 PM | 4 min read
വീടു നിർമ്മാണത്തിൻ്റെ ആദ്യപടിയായി നടന്ന സ്ഥലം വാങ്ങലിൽ ലീഗിലെയും യൂത്ത് ലീഗിലെയും ആഢംഭര ജീവികളായ ചില പറമ്പു കച്ചവടക്കാരായ സംസ്ഥാന ഭാരവാഹികളും എം.എൽ.എമാരും ലീഗ് സംസ്ഥാന അദ്ധ്യക്ഷനെ തെറ്റിദ്ധരിപ്പിച്ച് മാർക്കറ്റ് വിലയെക്കാൾ വലിയ തുകക്ക് സ്ഥലം വാങ്ങിപ്പിച്ചതായി ഉയർന്ന ആക്ഷേപം ഗൗരവമേറിയതാണ്. വാങ്ങിയ വില അറിയാൻ വിവരാവകാശ പ്രകാരം ബന്ധപ്പെട്ട റജിസ്റ്റർ ആഫീസിൽ അപേക്ഷ നൽകിയാൽ നിഷ്പ്രയാസം കിട്ടും. ലീഗ് ആയത് കൊണ്ടു തന്നെ സ്ഥലം വാങ്ങിയ ഇനത്തിൽ ഇടനിലക്കാരായി നിന്ന ലീഗ് നേതാക്കൾ കമ്മിഷൻ പറ്റി എന്ന ആരോപണം തള്ളിക്കളയാൻ കഴിയില്ല.
തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ മറവിൽ ലീഗ് നടത്തിയ സാമ്പത്തിക തട്ടിപ്പ് വൻ ചർച്ചയാകുന്നു. മുൻകാലങ്ങളിൽ ലീഗ് നടത്തിയ അഴിമതി കഥകളും ഇപ്പോൾ ചർച്ചയാകുകയാണ്. ഡോ. കെ ടി ജലീൽ എംഎൽഎ ഇതുസംബന്ധിച്ച കുറിപ്പ് ഫേസ്‌ബുക്കിൽ പങ്കുവെച്ചു. മുമ്പ് യൂത്ത്‌ലീഗ് നേതാവായിരിക്കെ ലീഗ് പിരിച്ച പണത്തെ കുറിച്ച് ചോദ്യം ഉന്നയിച്ചതിന് പുറത്താക്കപ്പെട്ട അനുഭവം കൂടി പങ്കുവെച്ചാണ് അദ്ദേഹം കുറിപ്പ് ഇട്ടത്.
കുറിപ്പ് ഇങ്ങനെ: വയനാട് ദുരന്തത്തിൽ ഇരയായവർക്കു വേണ്ടി പൊതു ജനങ്ങളിൽ നിന്ന് ഓൺലൈനായി മുസ്ലിംലീഗ് സ്വരൂപിച്ചത് 40 കോടിയിലധികം രൂപയാണ്. സർക്കാരിൽ വിശ്വാസമില്ലെന്ന ന്യായം പറഞ്ഞാണ് സ്വന്തമായി ലീഗ് പിരിവിനിറങ്ങിയത്. വീടു നിർമ്മാണത്തിൻ്റെ ആദ്യപടിയായി നടന്ന സ്ഥലം വാങ്ങലിൽ ലീഗിലെയും യൂത്ത് ലീഗിലെയും ആഢംഭര ജീവികളായ ചില പറമ്പു കച്ചവടക്കാരായ സംസ്ഥാന ഭാരവാഹികളും എം എൽ എമാരും ലീഗ് സംസ്ഥാന അദ്ധ്യക്ഷനെ തെറ്റിദ്ധരിപ്പിച്ച് മാർക്കറ്റ് വിലയെക്കാൾ വലിയ തുകക്ക് സ്ഥലം വാങ്ങിപ്പിച്ചതായി ഉയർന്ന ആക്ഷേപം ഗൗരവമേറിയതാണ്. വാങ്ങിയ വില അറിയാൻ വിവരാവകാശ പ്രകാരം ബന്ധപ്പെട്ട റജിസ്റ്റർ ആഫീസിൽ അപേക്ഷ നൽകിയാൽ നിഷ്പ്രയാസം കിട്ടും. ലീഗ് ആയത് കൊണ്ടു തന്നെ സ്ഥലം വാങ്ങിയ ഇനത്തിൽ ഇടനിലക്കാരായി നിന്ന ലീഗ് നേതാക്കൾ കമ്മിഷൻ പറ്റി എന്ന ആരോപണം തള്ളിക്കളയാൻ കഴിയില്ല.

ലീഗിന്റെ ഒരു ജില്ലാ പഞ്ചായത്ത് മെമ്പർ 50 കോടിയാണ് പിരിച്ച് മുക്കിയത്. പാർട്ടി നേതൃത്വം അതിനെതിരെ ഒരു ചെറുവിരൽപോലും അനക്കിയില്ല. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ലീഗ് നേതാവായ ഭർത്താവിനെയാണ് സഹകരണ ബാങ്കിൽ സാമ്പത്തിക തട്ടിപ്പു നടത്തിയതിന്റെ പേരിൽ പൊലീസ് അറസ്റ്റുചെയ്ത് ജയിലിലടച്ചത്. കാശ്മീരിലെ പിഞ്ചു പെൺകുട്ടികളുടെ കണ്ണീരിന്റെ കഥ പറഞ്ഞ് പിരിച്ച കത്വ- ഉന്നാവോ ഫണ്ട് അണ്ണാക്ക് തൊടാതെ വിഴുങ്ങിയ യൂത്ത് ലീഗ് സംസ്ഥാന നേതാക്കൾക്കെതിരെ കുന്ദമംഗലം കോടതി അന്വേഷണത്തിന് ഉത്തരവിട്ടത് ഏതാനും മാസങ്ങൾക്ക് മുമ്പാണ്. പ്രസ്തുത ഉത്തരവ് ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി തൽക്കാലം മുഖം രക്ഷിക്കാനായത് ആശ്വാസമായി ആരും കാണേണ്ട. സ്റ്റേ വെക്കേറ്റ് ചെയ്ത് ഫണ്ട് മുക്കികളെ സമൂഹ മദ്ധ്യത്തിൽ കൊണ്ടുവരാനുള്ള ശ്രമം യൂത്ത് ലീഗിന്റെ മുൻ ദേശീയ നേതാവ് യൂസുഫ് പടനിലം തുടരുകയാണ്.
ലീഗ് നേതാക്കളിൽ പലർക്കും സമുദായ താൽപര്യത്തെക്കാൾ സ്വന്തം സാമ്പത്തിക നേട്ടങ്ങളിലാണ് കണ്ണ്. ഡൽഹിയിൽ ഖാഇദെ മില്ലത്ത് സൗധം പണിയാൻ പിരിച്ച ഫണ്ടും ശരിയാംവിധം ചെലവിട്ടില്ലെന്ന അഭിപ്രായം ലീഗണികൾക്കിടയിൽ ശക്തമാണ്. പണി പൂർത്തിയാകാത്ത കെട്ടിടം ചുളുവിലക്ക് വാങ്ങി തട്ടിക്കൂട്ട് ആപ്പീസാക്കി ലീഗ് ദേശീയ ആസ്ഥാനം മാറ്റിയെന്ന വേദന ലീഗ് പ്രവർത്തകർ പങ്കുവെക്കുന്നത് ഈയുള്ളവനും കേട്ടിട്ടുണ്ട്. ഡൽഹിയിലെ വസ്തുവും സ്ഥലവും എത്ര രൂപക്കാണ് വാങ്ങിയത് എന്നറിയാൻ ഒരു വിവരാവകാശം കൊടുത്താൽ മതിയാകും എന്ന കാര്യം ലീഗ് നേതാക്കൾ മറക്കണ്ട. നിലമ്പൂർ കവളപ്പാറ ദുരന്തവുമായി ബന്ധപ്പെട്ട് ലീഗ് പിരിച്ച ഫണ്ടും വിനിയോഗത്തിലെ ക്രമക്കേട് കാരണം വിവാദമായത് ആര് വിസ്മരിച്ചാലും ലീഗുകാർക്ക് വിസ്മരിക്കാനാവില്ല. ഗുജറാത്ത് ഫണ്ടും സുനാമി ഫണ്ടും അർഹരായവർക്ക് കൊടുക്കാതിരുന്നതിനെ ചോദ്യം ചെയ്തതിന്റെ പേരിലാണല്ലോ 2005-ൽ പാർട്ടി എന്നെ പുറത്താക്കിയത്. തെറ്റു തിരുത്താനുള്ള ശ്രമങ്ങൾക്കു പകരം സാമ്പത്തിക തട്ടിപ്പുകാർക്ക് സംരക്ഷണ കവചം തീർക്കുന്ന നിലപാടാണ് നേതൃത്വം ഇപ്പോഴും സ്വീകരിക്കുന്നത്.
ലീഗിന്റെ സമുന്നത നേതാക്കളെ മുന്നിൽ നിർത്തി സമീപകാലത്തായി സ്വകാര്യ സംരഭം എന്ന പേരിൽ വ്യാപക ഷെയർ കളക്ഷൻ സ്വദേശത്തും വിദേശത്തും പൊടിപൊടിക്കുകയാണ്. നേതാക്കളെ വിശ്വസിച്ച് ലക്ഷങ്ങൾ കൊടുത്ത സാധാരണ ലീഗ് പ്രവർത്തകർ മുതലും ലാഭവും കിട്ടാതെ ഉഴലുന്നത് പതിവായിരിക്കുന്നു. സാമ്പത്തിക തട്ടിപ്പിന്റെ സിരാകേന്ദ്രമായി ലീഗ് മാറുന്നത് ആത്മാർത്ഥതയുള്ള ലീഗണികളെ കുറച്ചൊന്നുമല്ല അസ്വസ്ഥരാക്കുന്നത്. ചോദ്യം ചെയ്യുന്നവരെ നിഷ്കരുണം പുറത്താക്കുന്ന പ്രക്രിയ അഭംഗുരം തുടർന്നു കൊണ്ടിരിക്കുകയാണ്.
ലീഗിന്റെ സമുന്നത നേതാക്കളെ മുന്നിൽ നിർത്തി സമീപകാലത്തായി സ്വകാര്യ സംരഭം എന്ന പേരിൽ വ്യാപക ഷെയർ കളക്ഷൻ സ്വദേശത്തും വിദേശത്തും പൊടിപൊടിക്കുകയാണ്. നേതാക്കളെ വിശ്വസിച്ച് ലക്ഷങ്ങൾ കൊടുത്ത സാധാരണ ലീഗ് പ്രവർത്തകർ മുതലും ലാഭവും കിട്ടാതെ ഉഴലുന്നത് പതിവായിരിക്കുന്നു. സാമ്പത്തിക തട്ടിപ്പിന്റെ സിരാകേന്ദ്രമായി ലീഗ് മാറുന്നത് ആത്മാർത്ഥതയുള്ള ലീഗണികളെ കുറച്ചൊന്നുമല്ല അസ്വസ്ഥരാക്കുന്നത്. ചോദ്യം ചെയ്യുന്നവരെ നിഷ്കരുണം പുറത്താക്കുന്ന പ്രക്രിയ അഭംഗുരം തുടർന്നു കൊണ്ടിരിക്കുകയാണ്.
ലീഗിന്റെയും പോഷക സംഘടനകളുടെയും ഭാരവാഹികൾക്കായി ആരംഭിച്ച "സാമൂഹ്യ സുരക്ഷാ പദ്ധതി" വാലും തലയുമില്ലാത്ത അവസ്ഥയിലായതും ഇതോടൊപ്പം ചേർത്തു വായിക്കണം. വാർഷിക വരിസംഖ്യയായി 500 രൂപയാണ് ഈടാക്കിയിരുന്നത്. കോടികൾ ഈ ഇനത്തിൽ പിരിഞ്ഞു കിട്ടിയതായാണ് കേൾവി. സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഏത് ഇൻഷൂറൻസ് കമ്പനിയിലാണ് പണം നിക്ഷേപിച്ചിരിക്കുന്നതെന്ന് ഇതുവരെയും ലീഗ് നേതൃത്വം വ്യക്തമാക്കിയിട്ടില്ല. സ്കീമിൽ 500 രൂപ വാർഷിക വരിസംഖ്യ നൽകി ചേർന്ന ലീഗ് പ്രവർത്തകർ മരണപെട്ടാൽ 5 ലക്ഷവും പരിക്കു പറ്റിയാൽ 3 ലക്ഷവും നൽകുമെന്നായിരുന്നു വാഗ്ദാനം. ആർക്കെങ്കിലും പദ്ധതി പ്രകാരം വല്ലതും തിരിച്ചു കിട്ടിയതായി അറിവില്ല.
വെറും 500 രൂപയുടെ കാര്യത്തിന് ആരും കേസിനു പോവില്ലെന്ന ഉറപ്പിലാണ് നേതാക്കളുടെ പ്രതീക്ഷ. സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ചുമതലക്കാരനായ ജില്ലാ ലീഗ് നേതാവിൻ്റെ ബാങ്കിലെ കോടികളുടെ കടം തിരിച്ചടച്ചതല്ലാതെ മറ്റൊന്നും സംഭവിച്ചില്ലെന്നാണ് ലീഗ് അണികൾക്കിടയിലെ സംസാരം. പണപ്പിരിവുകളിൽ കാണിക്കുന്ന ആവേശവും സുതാര്യതയും പണം ചെലവഴിക്കുന്ന കാര്യത്തിലും നിർബന്ധമായും ലീഗ് നേതൃത്വം കാണിക്കണം. വയനാട്ടിലെ പാവം മനുഷ്യർക്ക് വീടുണ്ടാക്കാൻ എടുത്ത സ്ഥലത്തിന്റെ യഥാർത്ഥ വില എത്രയാണെന്ന് പൊതു സമൂഹത്തിനു മുന്നിൽ വെളിപ്പെടുത്താൻ ലീഗ് ഒട്ടും അമാന്തിക്കരുത്.
നിലവിൽ പ്രസിദ്ധപ്പെടുത്തിയ കണക്ക് ഒട്ടും വിശ്വാസ യോഗ്യമല്ല. പതിനൊന്ന് ഏക്കർ ഒരുമിച്ചെടുക്കുമ്പോൾ എങ്ങിനെയാണ് സെൻ്റിന് ഒരു ലക്ഷത്തി ഇരുപത്തി രണ്ടായിരം രൂപയാവുക? വയനാട്ടിലെ ഏത് കുട്ടിയോട് ചോദിച്ചാലും അറുപതിനായിരത്തിൽ ഒരു പൈസ പോലും അവിടെ ഒരു സെൻ്റിനില്ല. മാത്രമല്ല ലീഗ് വിലക്ക് വാങ്ങിയ 11.5 ഏക്കറിൽ നിർമ്മാണാനുമതിയുള്ളത് ഒരു ഏക്കറിൽ മാത്രമാണെന്നും ആക്ഷേപമുണ്ട്. ഈ മുടക്കാ ചരക്കായ സ്ഥലം ആരിൽ നിന്നാണ് വാങ്ങിയതെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കണം. ഇടനിലക്കാരായി നിന്ന ലീഗ് നേതാക്കൾക്കെതിരെ ശക്തമായ നടപടി നേതൃത്വം സ്വീകരിക്കണം.
ഇതിനെക്കാൾ കണ്ണായ സ്ഥലത്താണ് സർക്കാർ ഭൂമി ഏറ്റെടുത്തത്. ഭൂമിയുടെ വിലയായി സെൻ്റിന് ഇരുപത്തിമൂവായിരം രൂപയാണ് കോടതിയിൽ കെട്ടിവെച്ചത്. തട്ടിപ്പ് നടത്തുമ്പോൾ ഒരു മയമൊക്കെ വേണ്ടേ? ചോദിക്കാനും പറയാനും ആളില്ലെന്ന് കരുതി ഇങ്ങിനെ പകൽകൊള്ള നടത്താൻ പാടുണ്ടോ? പിരിച്ച ഓരോ രൂപക്കും നാളെ പടച്ചവന്റെ മുന്നിൽ കണക്കു പറയേണ്ടി വരുമെന്ന ഓർമ്മ ലീഗ് നേതാക്കൾക്കില്ലേ? അതോ വിശ്വാസം അവർക്ക് വെറും 'ലേബൽ' മാത്രമാണോ?
"ഒരാൾ മുസ്ലിമാണോ എന്നറിയാൻ അയാളുമായി നിങ്ങൾ സാമ്പത്തിക ഇടപാടുകൾ നടത്തി നോക്കുക" (രണ്ടാം ഖലീഫ ഉമർ ദി ഗ്രേറ്റ്).









0 comments