print edition വിരിഞ്ഞു ഒരുകോടി പുഞ്ചിരി

ldf kerala story
വെബ് ഡെസ്ക്

Published on Nov 12, 2025, 03:00 AM | 2 min read

2000 രൂപയായി ക്ഷേമപെൻഷൻ 
ഉയർത്താനുള്ള തീരുമാനം 
മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കുമ്പോൾ ആത്മാഭിമാനത്തോടെ പുഞ്ചിരിച്ചത്‌ 
62 ലക്ഷത്തോളം മനുഷ്യർ. 31.34 ലക്ഷം 
വീട്ടമ്മമാർക്ക് മാസം 1000 രൂപവീതം പെൻഷൻകൂടി നടപ്പിലാകുമ്പോൾ സംസ്ഥാന സർക്കാരിന്റെ 
ക്ഷേമപെൻഷൻ എത്തിച്ചേരുന്നത്‌ 
 ഒരുകോടിയോളം 
 കുടുംബങ്ങളിൽ



തിരുവനന്തപുരം​: ആരുടെയും മുന്നിൽ കൈനീട്ടാതെ ജീവിക്കാൻ സർക്കാർ മാസംതോറും വീട്ടിലെത്തിക്കുന്ന പെൻഷന്റെ ആശ്വാസം അവർ അനുഭവിച്ചറിയുന്നു. 18 മാസം പെൻഷൻ നൽകാതെ പിടിച്ചുവച്ചവരുടെ കാലം കഴിഞ്ഞു. സ്വന്തം ആവശ്യങ്ങൾ നിർവഹിക്കാനാകുംവിധം കുടിശ്ശികയില്ലാതെ ഇപ്പോൾ തുകയെത്തുന്നു. പ്രതിമാസം 2000 രൂപയെന്ന നിലയിലേക്ക്‌ ക്ഷേമപെൻഷൻ ഉയർത്താനുള്ള തീരുമാനം മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കുമ്പോൾ ആത്മാഭിമാനത്തോടെ പുഞ്ചിരിച്ചത്‌ 62 ലക്ഷത്തോളം മനുഷ്യർ. 31.34 ലക്ഷം വീട്ടമ്മമാർക്കു മാസം 1000 രൂപവീതം പെൻഷനും ഒക്ടോബർ 29ലെ മന്ത്രിസഭായോഗം പുതുതായി പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇതുകൂടി നടപ്പിലാകുമ്പോൾ പ്രത്യക്ഷത്തിൽ സംസ്ഥാന സർക്കാരിന്റെ ക്ഷേമപെൻഷൻ എത്തിച്ചേരുന്നത്‌ ഒരുകോടിയോളം കുടുംബങ്ങളിലാകും.



​സാമൂഹ്യക്ഷേമ പെൻഷൻ 5 വിഭാഗങ്ങൾക്ക്

1) കർഷകത്തൊഴിലാളികൾ

2) 50 കഴിഞ്ഞ അവിവാഹിത വനിതകൾ

3) 40 കഴിഞ്ഞ വിധവകൾ

4) മാനസികവും ശാരീരികവുമായി 
 വെല്ലുവിളി നേരിടുന്നവർ

5) വയോധികർ


പെൻഷൻ ഒ‍ൗദാര്യമല്ല, അവകാശമാണ്‌ എന്നുറക്കെ പ്രഖ്യാപിച്ച സർക്കാരാണ്‌. ഓരോ ഘട്ടത്തിലും പെൻഷൻ തുക വർധിപ്പിക്കാനും അവ കൃത്യമായി വിതരണം ചെയ്യാനും എൽഡിഎഫ്‌ സർക്കാരുകൾ ശ്രദ്ധിച്ചു. കേന്ദ്രസർക്കാർ സൃഷ്‌ടിച്ച സാമ്പത്തിക ഉപരോധം കാരണം അൽപമാസം കുടിശികയായപ്പോൾ ചട്ടിയും കലവുമെടുത്ത്‌ സമരത്തിനിറങ്ങിയവരായിരുന്നു യുഡിഎഫ്‌. എന്നാൽ, കേരളത്തിന്‌ അർഹതപ്പെട്ട സാമ്പത്തികവിഹിതം തരാത്ത കേന്ദ്രസർക്കാരിനെതിരെ ലോക്‌സഭയിലും പുറത്തും യുഡിഎഫ്‌ പ്രതികരിച്ചില്ല. സംസ്ഥാനത്തിന്റെ അവകാശം നിക്ഷേധിക്കുന്നതിനെതിരെ മുഖ്യമന്ത്രിയുൾപ്പെടെ മന്ത്രിമാരും എൽഡിഎഫ്‌ ജനപ്രതിനിധികളും ഡൽഹിയിൽ സമരം ചെയ്‌തപ്പോഴും യുഡിഎഫ്‌ മാറിനിന്നു പരിഹസിച്ചു.


അഞ്ചുമാസത്തെ ക്ഷേമപെൻഷൻ കുടിശിക കൃത്യമായി വിതരണംചെയ്യുമെന്ന്‌ നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനം പാലിച്ചുകഴിഞ്ഞു. നവംബർ മാസത്തോടെ കുടിശ്ശിക തീരും. വർധിപ്പിച്ചതും ബാക്കിയുണ്ടായിരുന്ന ഒരുമാസത്തെ കുടിശ്ശികയുമുൾപ്പെടെ 3,600 രൂപ ഉടൻ സാധാരണക്കാരുടെ കൈകളിലെത്തും.


യുഡിഎഫ് 100 എൽഡിഎഫ് 1900


pension

1980ലെ ഇ കെ നായനാർ സർക്കാരാണ്‌ ആദ്യമായി കർഷകത്തൊഴിലാളി പെൻഷൻ പ്രഖ്യാപിച്ചത്‌. അന്ന്‌ 45 രൂപ. പിന്നീട്‌ വന്ന യുഡിഎഫിന്റെ കെ കരുണാകരൻ സർക്കാർ ഒരുരൂപ കൂട്ടിയില്ല. 1987ൽ അധികാരത്തിലെത്തിയ നായനാർ സർക്കാർ 15 രൂപ വർധിപ്പിച്ച്‌ 60 രൂപയാക്കി. 1991–96ലെ യുഡിഎഫ്‌ സർക്കാർ പെൻഷൻകാരെ അവഗണിച്ചു.


1996ൽ അധികാരത്തിൽവന്ന നായനാർ സർക്കാർ പെൻഷൻ 60 രൂപ വർധിപ്പിച്ച്‌ 120 രൂപയാക്കി. 2001–2006ലെ എ കെ ആന്റണി–ഉമ്മൻചാണ്ടി മന്ത്രിസഭകൾ തുക കൂട്ടിയില്ലെന്ന്‌ മാത്രമല്ല 28 മാസംവരെ കുടിശ്ശികയാക്കി. 2006ൽ അധികാരത്തിലെത്തിയ വി എസ്‌ സർക്കാരാണ്‌ കുടിശിക നൽകിയതും പെൻഷൻ 500 രൂപയാക്കിയതും. 380 രൂപയാണ്‌ കൂട്ടിയത്‌. 2011ൽ അധികാരത്തിലെത്തിയ ഉമ്മൻചാണ്ടി പെൻഷൻത്തുക 100 രൂപ വർധിപ്പിച്ച്‌ 600 ആക്കിയെങ്കിലും 18 മാസം വരെയാണ്‌ കുടിശ്ശിക വരുത്തിയത്‌.


2016ൽ ഒന്നാം പിണറായി സർക്കാരിന്റെ ആദ്യതീരുമാനങ്ങളിലൊന്ന്‌ ഇ‍ൗ കുടിശ്ശിക ഒരുമിച്ച്‌ വിതരണം ചെയ്യുമെന്നായിരുന്നു. 1473 കോടിരൂപയാണ്‌ കുടിശ്ശിക ഇനത്തിൽ നൽകിയത്‌. ഉമ്മൻചാണ്ടിയുടെ കാലത്ത്‌ 34 ലക്ഷം പേർക്കാണ്‌ പെൻഷൻ നൽകിയിരുന്നതെങ്കിൽ എൽഡിഎഫ്‌ അത്‌ 62 ലക്ഷമാക്കി.


600 രൂപയായിരുന്ന പെൻഷൻ വിവിധ ഘട്ടങ്ങളിലായി 1000 രൂപ കൂടെ വർധിപ്പിച്ച്‌ 1600 രൂപയാക്കി. രണ്ടാം പിണറായി സർക്കാർ ഇത്‌ വീണ്ടും 400 രൂപ കൂടെ വർധിപ്പിച്ച്‌ 2000 രൂപയാക്കി. ക്ഷേമപെൻഷനുകളിൽ ആകെ 100 രൂപയാണ്‌ യുഡിഎഫ്‌ സർക്കാരുകൾ വർധിപ്പിച്ചത്‌. എൽഡിഎഫ്‌ 1900 രൂപയും.


16 വിഭാഗം തൊഴിലാളികൾക്ക്‌ 
സംസ്ഥാനത്തിന്റെ ക്ഷേമപെൻഷൻ

1) കർഷകർ,
2) ക്ഷീര കർഷകർ,
3) മത്സ്യത്തൊഴിലാളികൾ,
4) ലോട്ടറിത്തൊഴിലാളികൾ,
5) കയർ തൊഴിലാളികൾ,
6) ഖാദിത്തൊഴിലാളികൾ,
7) വ്യാപാരികൾ,
8) അസംഘടിത തൊഴിലാളികൾ,
9) ചുമട്ടുതൊഴിലാളികൾ,
10) ആഭരണ തൊഴിലാളികൾ,
11) ചെറുകിട തോട്ടം തൊഴിലാളികൾ,
12) ഈറ്റ കാട്ടുവള്ളി തഴ തൊഴിലാളികൾ,
13) ബീഡി ചുരുട്ട്‌ തൊഴിലാളികൾ,
14) തയ്യൽ തൊഴിലാളികൾ,
15) കൈത്തറി തൊഴിലാളികൾ,
16) കശുവണ്ടിത്തൊഴിലാളികൾ






deshabhimani section

Related News

View More
0 comments
Sort by

Home