അടുക്കളയിൽനിന്ന്‌ 
വ്യവസായത്തിലേക്ക്‌ ; സർക്കാരിന്‌ നന്ദിപറഞ്ഞ്‌ സംരംഭക

Ldf Govt. 4th Anniversary
avatar
കെ എ അനിൽകുമാർ

Published on Apr 23, 2025, 02:20 AM | 1 min read


കൽപ്പറ്റ : "നന്ദിപറയാൻ എനിക്ക് വാക്കുകളില്ല. അടുക്കളയിൽ ഒതുങ്ങിയ എന്നെ വിദേശത്തേക്ക് ഉൽപ്പന്നം കയറ്റിയയക്കുന്ന സംരംഭകയാക്കിയത്‌ വ്യവസായ വകുപ്പാണ്. എനിക്ക് മാത്രമല്ല, എന്നിലൂടെ മുന്നൂറ്റമ്പതോളം കുടുംബത്തിനും കിട്ടിയത് പുതിയൊരു ജീവിതമാണ്...' –സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല യോഗത്തിൽ സംസാരിച്ച കമ്പളക്കാട് സ്വദേശി ഷംല ഇസ്‌മയിലിന്റെ മുഖത്ത് ആത്മവിശ്വാസത്തിന്റെ തിളക്കം. സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് നിരാശയിൽ നിൽക്കുമ്പോഴാണ്‌ വ്യവസായ വകുപ്പ്‌ ബാഗ് നിർമാണത്തിന്‌ കൈത്താങ്ങായത്‌.


‘തയ്യൽ സംരംഭമായാണ് ആദ്യം തുടങ്ങിയത്. പെട്ടെന്ന്‌ അതിൽ തടസ്സങ്ങളുണ്ടായി. എങ്ങനെ ജീവിതം മുന്നോട്ടുകൊണ്ടുപോകുമെന്നറിയാത്ത അവസ്ഥ. ഈ സമയത്താണ് ജില്ലാ വ്യവസായകേന്ദ്രത്തിൽനിന്ന്‌ യോഗത്തിന് വിളിച്ചത്. വ്യവസായമന്ത്രി രാജീവ് യോഗത്തിലുണ്ടായിരുന്നു. എന്റെ സങ്കടങ്ങൾ കേട്ട്‌ മന്ത്രി സഹായിച്ചു. പിന്നെ, തിരിഞ്ഞുനോക്കേണ്ടിവന്നില്ല. 4500 രൂപയുടെ കമ്മൽ വിറ്റ പണമല്ലാതെ ഒന്നും കൈയിലുണ്ടായിരുന്നില്ല. എല്ലാം സർക്കാരാണ് തന്നത്. മുണ്ടക്കെെ ദുരിതബാധിതരുടേതുൾപ്പെടെ ജില്ലയിൽ 12 നിർമാണ യൂണിറ്റുണ്ട്.


സപ്ലെെകോയുടെ ബാഗ് എന്റെ സ്ഥാപനമാണ് നൽകുന്നത്. സാധാരണ വലിയ രാഷ്ട്രീയ പിടിപാടുള്ളവർക്ക് മാത്രമേ ഓർഡർ കിട്ടുവെന്നാണ് കേട്ടിരുന്നത്. അതിന്റെ ഒന്നും ആവശ്യമുണ്ടായില്ല. ബാഗ് നൽകിയാൽ പണം കിട്ടില്ലെന്നും പലരും പറഞ്ഞ് പേടിപ്പിച്ചിട്ടുണ്ട്. ഇന്നേവരെ ഒരു മുടക്കവും അതിലുണ്ടായിട്ടില്ല. ഇതിനുപുറമെ പല സ്വകാര്യ സ്ഥാപനങ്ങളുടെ കേരളമൊട്ടുക്കുമുള്ള ഓർഡറുമുണ്ട്. പത്താം ക്ലാസ് വിദ്യാഭ്യാസമുള്ള ഞാൻ ഓസ്ട്രേലിയയിലേക്ക് ബാഗ് കയറ്റി അയക്കുന്നു. അതുമാത്രമല്ല, ആയിരത്തിയഞ്ഞൂറോളം പേർക്ക് ഈ മേഖലയിൽ പ്രോത്സാഹനം നൽകാനും സാധിച്ചു. ഈ സർക്കാർ നൽകിയ പിന്തുണയാണ് എല്ലാത്തിനും പിന്നിൽ – നിറഞ്ഞ പുഞ്ചിരിയോടെ ഷംല വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home