പുരസ്കാരങ്ങളുടെ നിറവിൽ എൽഡിഎഫ് സർക്കാർ അഞ്ചാം വർഷത്തിലേക്ക്

തിരുവനന്തപുരം : നിരവധി ദേശീയ- അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടി രണ്ടാം എൽഡിഎഫ് സർക്കാർ അഞ്ചാം വർഷത്തിലേക്ക്. ആരോഗ്യം, വിദ്യാഭ്യാസം, വികസനം തുടങ്ങിയ മേഖലകളിലെല്ലാം രാജ്യത്തു തന്നെ ഒന്നാമതെത്തിയാണ് കേരളം ഈ ഭരണകാലയളവിൽ മുന്നോട്ടുപോയത്. പല വികസന സൂചികകളിലും തുടർച്ചയായി ഒന്നാമതെത്തിയ കേരളം ആഗോള തലത്തിലും ശ്രദ്ധിക്കപ്പെടുന്ന തരത്തിൽ നിരവധി പുതുപ്രവർത്തനങ്ങൾ നടപ്പാക്കി.
പുരസ്കാരങ്ങളും നേട്ടങ്ങളും
● നിതി ആയോഗിന്റെ ആരോഗ്യസൂചികയിൽ തുടർച്ചയായി ഒന്നാമത്
● 2022ൽ സുസ്ഥിര വികസന സൂചികകളിലും 2023ൽ ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമായും നിതി ആയോഗ് തെരഞ്ഞെടുത്തു
● 2021ൽ ദേശീയ ഇ- ഗവേണൻസ് അവാർഡും ഇന്ത്യൻ പൊലീസ് ഫൗണ്ടേഷന്റെ അഴിമതിവിമുക്ത സേവനത്തിനുള്ള പുരസ്‌കാരവും
● പബ്ലിക് അഫയേഴ്‌സ് സെന്റർ പ്രസിദ്ധീകരിച്ച മികച്ച ഭരണം നടത്തുന്ന സംസ്ഥാനത്തിന്റെ സൂചികയിൽ ഒന്നാമത്
● കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ മികവിന്റെ സൂചികയിൽ വിദ്യാഭ്യാസ അവസരത്തിലും സൗകര്യത്തിലും മികച്ച സംസ്ഥാനമായി കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം തെരഞ്ഞെടുത്തു
● കൂടുതൽ സൗജന്യചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള കേന്ദ്രസർക്കാരിന്റെ ആരോഗ്യമന്ഥൻ പുരസ്‌കാരം
● 2021ൽ കേന്ദ്രസർക്കാരിന്റെ വയോശ്രേഷ്‌ഠ പുരസ്‌കാരം

● 2022ൽ വേൾഡ് ട്രാവൽ മാർക്കറ്റിന്റെ ജലസംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള അന്താരാഷ്ട്ര പുരസ്‌കാരം
● 2023ൽ ന്യൂയോർക്ക് ടൈംസ് തെരഞ്ഞെടുത്ത ലോകത്ത് കണ്ടിരിക്കേണ്ട 52 ടൂറിസം കേന്ദ്രങ്ങളിൽ കേരളം ഇടംനേടി. ലിസ്റ്റിൽ ഇന്ത്യയിൽ നിന്നുള്ള ഏക സംസ്ഥാനമാണ് കേരളം
● 2023ലെ ദേശീയ പഞ്ചായത്ത് രാജ് അവാർഡിൽ അഞ്ചെണ്ണം
● ഭക്ഷ്യസുരക്ഷാ സൂചികയിൽ ദേശീയതലത്തിൽ ഒന്നാംസ്ഥാനം
● കാരവൻ കേരള, ആരോഗ്യ രംഗത്ത് മികച്ച പ്രകടനം, കൂടുതൽ മികച്ച വാക്‌സിനേഷൻ ഡ്രൈവ് നടത്തിയ സംസ്ഥാനത്തിനുള്ള ഹെൽത്ത് ഗിരി പുരസ്‌കാരം, ഹാപ്പിനെസ് ഇൻഡക്‌സ് പുരസ്‌കാരം തുടങ്ങി ഇന്ത്യാടുഡേ മാഗസിന്റെ വിവിധ അംഗീകാരങ്ങൾ
● കേരളത്തിന്റെ ആരോഗ്യസുരക്ഷാ പദ്ധതിക്ക് നാഷണൽ ഹെൽത്ത് കെയർ അവാർഡ്
● മാതൃമരണം കുറയ്ക്കുന്നതിൽ ബെസ്റ്റ് പെർഫോമിങ് സ്റ്റേറ്റിനുള്ള ദേശീയ അവാർഡ്
● ഏറ്റവും കൂടുതൽ സൗജന്യചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള കേന്ദ്രസർക്കാരിന്റെ ഉത്കൃഷ്ഠാ പുരസ്‌കാരം

● ക്ഷയരോഗനിവാരണ പ്രവർത്തനങ്ങളിൽ ദേശീയ പുരസ്‌കാരം
● ഇ സഞ്ജീവനി, കാരുണ്യ ബനവലന്റ് ഫണ്ട് എന്നീ സംരംഭങ്ങൾക്ക് ഗവേണൻസ് നൗവിന്റെ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ അവാർഡ്
● ഒരുവർഷം ഒരുലക്ഷം സംരംഭങ്ങൾ എന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യവസായവകുപ്പ് ആവിഷ്‌കരിച്ച ‘സംരംഭക വർഷം’ പദ്ധതി രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസായി തെരഞ്ഞെടുക്കപ്പെട്ടു
● ക്രിസിൽ റേറ്റിങ്ങിൽ തിരുവനന്തപുരം ടെക്‌നോപാർക്ക് തുടർച്ചയായി എ പ്ലസ് സ്‌റ്റേബിൾ റാങ്ക് നേടി
● ഐടി മിഷന്റെ അക്ഷയ പ്രോജക്ടിന് 2023ലെ ഡിജിറ്റൽ ട്രാൻസ്‌ഫർമേഷൻ പുരസ്‌കാരം
● കേന്ദ്രത്തിന്റെ യുഡൈസ് പ്ലസ് റിപ്പോർട്ടിൽ കേരളത്തിന് ഒന്നാംസ്ഥാനം
● കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ പെർഫോമൻസ് ഗ്രേഡിങ് സൂചികയിൽ (പിജിഐ) കേരളം തുടർച്ചയായി മൂന്നുവർഷം ഒന്നാംസ്ഥാനം നിലനിർത്തി

● യുനെസ്കോ പുറത്തിറക്കിയ ആഗോള വിദ്യാഭ്യാസ നിരീക്ഷണ റിപ്പോർട്ടിലും കേരളം ഇടംനേടി.
● ഇന്റർനാഷണൽ സെന്റർ ഫോർ റെസ്പോൺസിബിൾ ടൂറിസം (ഐസിആർടി) ഇന്ത്യയുടെ സുവർണ പുരസ്കാരം ഉത്തരവാദിത്വ ടൂറിസം മിഷന്
● ഉത്തരവാദിത്വ ടൂറിസം മിഷന്റെ സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയ ഇടുക്കി ജില്ലയിലെ കാന്തല്ലൂരിനെ കേന്ദ്രസർക്കാരിന്റെ മികച്ച ടൂറിസം വില്ലേജായി തെരഞ്ഞെടുത്തു
● ട്രാവൽ പ്ലസ് ലിഷർ മാഗസിൻ മികച്ച വിവാഹ ഡെസ്റ്റിനേഷനായി കേരളത്തെ തെരഞ്ഞെടുത്തു

● ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ബീച്ചുകൾക്ക് ലഭിക്കുന്ന അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ കോഴിക്കോട് കാപ്പാട് ബീച്ചും കണ്ണൂർ ജില്ലയിലെ ചാൽ ബീച്ചും നേടി
● കേരള പൊലീസ് ഡ്രോൺ ഫോറൻസിക് ലാബിന് ടെക്നോളജി സഭ പുരസ്കാരം
● ഫിക്കിയുടെ സ്മാർട്ട് പൊലീസ് പുരസ്കാരം
● പാസ്പോർട്ട് അപേക്ഷകളുടെ പരിശോധനയിലെ കൃത്യതയ്ക്ക് കേന്ദ്ര വിദേശമന്ത്രാലയത്തിന്റെ അംഗീകാരം

● ചെറുകിട– ഇടത്തരം സംരംഭക മേഖലയിലെ രാജ്യത്തെ ‘ബെസ്റ്റ് പ്രാക്ടീസ്’ പദ്ധതിയായി കേരളത്തിന്റെ ‘സംരംഭകവർഷം’ പദ്ധതിയെ കേന്ദ്രസർക്കാർ തെരഞ്ഞെടുത്തു
● കേരള സ്റ്റാർട്ടപ് മിഷനെ (കെഎസ്‌യുഎം) ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ബിസിനസ് ഇൻകുബേറ്ററുകളിലൊന്നായി ലോക ബെഞ്ച്മാർക്ക് പഠനത്തിൽ അംഗീകരിച്ചു
● മീൻപിടിത്തമേഖലയിലെ ഏറ്റവും മികച്ച അർധസർക്കാർ സ്ഥാപനമായി മത്സ്യഫെഡിനെ നാഷണൽ ഫിഷറസീസ് ഡെവലപ്‌മെന്റ് ബോർഡ് തെരഞ്ഞെടുത്തു
● കേന്ദ്ര ഭവന നഗരമന്ത്രാലയത്തിന്റെ സിറ്റി വിത്ത് ദി മോസ്റ്റ് സസ്‌റ്റൈനബിൾ ട്രാൻസ്‌പോർട്ട് സിസ്റ്റം പുരസ്‌കാരം
● ഏറ്റവും കൂടുതൽ സൗജന്യചികിത്സ ലഭ്യമാക്കിയ സർക്കാർ ആശുപത്രിക്കുള്ള പുരസ്‌കാരം കോട്ടയം സർക്കാർ മെഡിക്കൽ കോളേജിന്
● നിതി ആയോഗ് നഗര സുസ്ഥിര വികസന സൂചികയിൽ തിരുവനന്തപുരം, കൊച്ചി എന്നിവ മികച്ച നഗരങ്ങളുടെ പട്ടികയിൽ
● നിതി ആയോഗിന്റെ മൾട്ടി ഡയമെൻഷണൽ ദാരിദ്ര്യ സൂചികയിൽ കുറവ് ദാരിദ്ര്യമുള്ള സംസ്ഥാനം
● ആന്വൽ സ്‌റ്റാറ്റസ് ഓഫ് എഡ്യൂക്കേഷൻ റിപ്പോർട്ട് പ്രകാരം കോവിഡ് കാലത്ത് മികച്ച രീതിയിൽ ഓൺലൈൻ വിദ്യാഭ്യാസം നടപ്പാക്കി
● കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ മികവിന്റെ സൂചികയിൽ ഒന്നാംസ്ഥാനം

● അഴിമതി വിമുക്ത പൊലീസ് സേവനത്തിൽ ഒന്നാമത്
● മികച്ച ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിനുള്ള പ്ലാറ്റിനം അവാർഡ് കെ- ഡിസ്‌കിന്, മികച്ച വെബ്‌സൈറ്റിനുള്ള ഗോൾഡ് മെഡൽ കോട്ടയം ജില്ലാ ഭരണ ആസ്ഥാനത്തിനും ക്ഷീരശ്രീ പോർടലിനുള്ള സിൽവർ മെഡൽ ക്ഷീരവികസന വകുപ്പിനും ലഭിച്ചു
● 2025ൽ സംസ്ഥാനത്തെ 10 ആരോഗ്യകേന്ദ്രങ്ങൾക്കുകൂടി ദേശീയ ഗുണനിലവാര അംഗീകാരം, ഇതോടെ സംസ്ഥാനത്തെ 227 ആരോഗ്യ സ്ഥാപനങ്ങൾക്ക് എൻക്യുഎഎസ് അംഗീകാരവും അഞ്ച് ആരോഗ്യ സ്ഥാപനങ്ങൾക്ക് മുസ്കാൻ അംഗീകാരവും 14 ആരോഗ്യ സ്ഥാപനങ്ങൾക്ക് ലക്ഷ്യ അംഗീകാരവും.
● രാജ്യത്ത് ശിശുമരണ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനം. രാജ്യത്ത് ആയിരം കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ 32 കുഞ്ഞുങ്ങൾ മരിക്കുന്നു. കേരളത്തിൽ ഇത് എട്ട് മാത്രം.

● ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ട് 2025ൽ നീതിന്യായ സംവിധാനത്തിന്റെ മികവിന് കേരളത്തിന് ഒന്നാം റാങ്ക്. നീതീന്യായ വ്യവസ്ഥ, പൊലീസ്, ജയിൽ, നിയമസഹായം എന്നിവയിലെ പ്രവർത്തനമികവ്, ഉദ്യോഗസ്ഥരുടെ എണ്ണം, ഒഴിവ്, വനിതാ പ്രാതിനിധ്യം, പണം വകയിരുത്തൽ തുടങ്ങിയവ വിലയിരുത്തിയാണ് റിപ്പോർട്ട് തയാറാക്കിയത്.
● ദേശീയ പഞ്ചായത്ത് പുരസ്കാരം തുടർച്ചയായി രണ്ടാം വർഷവും നേടി കില (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ). പഞ്ചായത്ത് ക്ഷമതാ നിർമാൺ സർവോത്തം സൻസ്ഥാൻ പുരസ്കാരമാണ് കിലയ്ക്ക് ലഭിച്ചത്. പഞ്ചായത്തുകൾക്ക് പിന്തുണ നൽകുന്ന സ്ഥാപനങ്ങളിൽ കില ദേശീയ തലത്തിൽ ഒന്നാം സ്ഥാനത്തെത്തി.
● ഇന്ത്യാ ടുഡേ മാഗസിന്റെ ഇന്ത്യാ ടുഡേ ടൂറിസം സർവേ അവാർഡ് കേരള ടൂറിസത്തിന്. മനോഹരമായ റോഡ് (മോസ്റ്റ് സീനിക് റോഡ്) വിഭാഗത്തിൽ ഇന്ത്യ ടുഡേ എഡിറ്റേഴ്സ് ചോയ്സ് അവാർഡാണ് ലഭിച്ചത്. മൂന്നാർ മുതൽ തേക്കടി വരെയുള്ള റോഡാണ് കേരളത്തെ പുരസ്കാരത്തിന് അർഹമാക്കിയത്.
● ഐടിബി ബെർലിനിൽ നടന്ന ഗോൾഡൻ സിറ്റി ഗേറ്റ് അവാർഡ് 2025ൽ കേരള ടൂറിസത്തിന് ആഗോള അംഗീകാരം. ‘കം ടുഗെദർ ഇൻ കേരള' മാർക്കറ്റിങ് കാമ്പെയ്ൻ അന്താരാഷ്ട്ര കാമ്പെയ്ൻ വിഭാഗത്തിൽ സിൽവർ സ്റ്റാർ നേടി. ‘ശുഭമാംഗല്യം- വെഡ്ഡിങ്‌സ് ഇൻ കേരള' വീഡിയോ ഗാനം അന്താരാഷ്ട്ര വിഭാഗത്തിൽ എക്സലന്റ് അവാർഡും നേടി.

● പ്രമുഖ ഡിജിറ്റൽ ട്രാവൽ പ്ലാറ്റ് ഫോമായ ബുക്കിങ് ഡോട്ട് കോമിന്റെ 13-ാം വാർഷിക ട്രാവലർ റിവ്യൂ അവാർഡ്സ് 2025ൽ ഇന്ത്യയിലെ ‘മോസ്റ്റ് വെൽക്കമിങ് റീജിയൻ’ പട്ടികയിൽ കേരളം രണ്ടാമത്.
● കേന്ദ്ര സർക്കാരിന്റെ ബെസ്റ്റ് റൂറൽ ടൂറിസം വില്ലേജ് അവാർഡ് കാറ്റഗറിയിൽ രാജ്യത്തെ ഏറ്റവും മികച്ച ടൂറിസം വില്ലേജായി കടലുണ്ടിയും കുമരകവും തിരഞ്ഞെടുക്കപ്പെട്ടു.
● പൊതുസുരക്ഷ, ലിംഗസമത്വം, വൈവിധ്യങ്ങളെ അംഗീകരിക്കൽ തുടങ്ങിയ സാമൂഹിക സൂചികകളിൽ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമായി കേരളം. ഇന്ത്യാ ടുഡേ രാജ്യമെമ്പാടും നടത്തിയ പ്രഥമ പെരുമാറ്റ സർവെയിലാണ് കേരളത്തിന് പുതിയ നേട്ടം.
● ഫെബ്രുവരിയിൽ വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയ്നർ ടെർമിനൽ കൈകാര്യംചെയ്‌തത് 40 കപ്പലുകളിൽനിന്ന് 78,833 ടിഇയു ചരക്ക്. ഇതോടെ ഇന്ത്യയിലെ തെക്കു കിഴക്കൻ മേഖലകളിലെ 15 തുറമുഖങ്ങളിൽ വിഴിഞ്ഞം ഒന്നാമതായി. ട്രയൽ റൺ തുടങ്ങി എട്ടു മാസവും കൊമേഴ്സ്യൽ ഓപ്പറേഷൻ തുടങ്ങി മൂന്നു മാസവും മാത്രം പിന്നിട്ടപ്പോഴാണ് നേട്ടം.
● രാജ്യത്തെ ഏറ്റവും മികച്ച മറൈൻ സംസ്ഥാനമായി കേരളവും ജില്ലയായി കൊല്ലവും തെരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണ് ഈ നേട്ടം കേരളത്തിന് ലഭിക്കുന്നത്. മത്സ്യബന്ധന മേഖലയിലെ സമഗ്ര ഇടപെടലാണ് പരിഗണിച്ചത്.
● ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ (എൻഎംഡിഎഫ്‌സി) ദക്ഷിണേന്ത്യയിലെ മികച്ച ചാലകസംഘടനയ്‌ക്കുള്ള ദേശീയ അംഗീകാരം തുടർച്ചയായി രണ്ടാംവർഷവും സംസ്ഥാന വനിതാ വികസന കോർപറേഷന്.
● ധനവകുപ്പിന് കീഴിലെ സ്വതന്ത്ര ഗവേഷണ സ്ഥാപനമായ പബ്ലിക് പോളിസി റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ട് (പിപിആർഐ) തയ്യാറാക്കിയ റിപ്പോർട്ടിലും കേരളത്തിന് മികവ് . സ്‌ത്രീകൾ, പട്ടികജാതി പട്ടിക വർഗം തുടങ്ങിയ വിഭാഗങ്ങൾ ആർജിച്ച വിദ്യാഭ്യാസ നേട്ടങ്ങളിലും കേരളം ദേശീയ ശരാശരിയേക്കാൾ ഏറെ മുന്നിൽ.

● നാക് പരിശോധനയിൽ കേരള, എംജി സർവകലാശാലകൾക്ക് രാജ്യത്തെ ഉയർന്ന ഗ്രേഡായ എ ഡബിൾ പ്ലസ്. കലിക്കറ്റ്, സംസ്കൃത, കൊച്ചി സർവകലാശാലകൾക്ക് എ പ്ലസും ലഭിച്ചു. സംസ്ഥാനത്തെ 269 കോളേജുകൾക്ക് നാക് അംഗീകാരം ലഭിച്ചു. 27 കോളേജുകൾക്ക് ഉയർന്ന ഗ്രേഡായ എ ഡബിൾ പ്ലസ് ലഭിച്ചു.
● ക്യുഎസ് (ക്വാക്കേറേലി സിമണ്ട്സ്) വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ് ഏഷ്യ 2025ൽ കേരള സർവകലാശാലയ്‌ക്കും ടൈംസ് ആഗോള റാങ്കിങ്ങിൽ എംജി സർവകലാശാലയ്‌ക്കും നേട്ടം. ക്യുഎസ് റാങ്കിങ്ങിൽ കേരള സർവകലാശാല 339–-ാം സ്ഥാനം നേടി. ദക്ഷിണേഷ്യൻ സർവകലാശാലകളുടെ റാങ്കിങ്ങിൽ 88–-ാം സ്ഥാനവുമുണ്ട്. ടൈംസ് ഹയർ എഡ്യുക്കേഷന്റെ 2025 വർഷത്തേക്കുള്ള വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ 401 മുതൽ 500 റാങ്ക് വിഭാഗത്തിലാണ് എംജി സർവകലാശാലയുടെ നേട്ടം. 115 രാജ്യങ്ങളിൽനിന്നുള്ള 2092 വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടുന്നതാണ് റാങ്ക് പട്ടിക. എംജി സർവകലാശാല 2024 ടൈംസ് യങ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങിൽ രാജ്യത്ത് ഒന്നാമതും ഏഷ്യ യൂണിവേഴ്‌സിറ്റി റാങ്കിങ്ങിൽ മൂന്നാമതുമായിരുന്നു.
● കോഴിക്കോട് നടക്കാവ് ഗവ. വിഎച്ച്എസ്എസ് ഫോർ ഗേൾസ് രാജ്യത്തെ രണ്ടാമത്തെ മികച്ച സർക്കാർ സ്‌കൂളായി തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ രണ്ടുവർഷങ്ങളിലെ മൂന്നാം സ്ഥാനത്തുനിന്നാണ് ഈ മുന്നേറ്റം.

● നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിൽ കേരളത്തിന് ഒന്നാം സ്ഥാനം. നഗരഭരണം മെച്ചപ്പെടുത്താനായി രാജ്യത്ത് പ്രവർത്തിക്കുന്ന പ്രജാ ഫൗണ്ടേഷന്റെ 2024 ദേശീയ നഗര ഭരണ സൂചികയിലാണ് (അർബൻ ഗവേണൻസ് ഇൻഡക്സ്) 59.31 പോയിന്റുമായി ഒന്നാമതെത്തിയത്.
● കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ സൈബർ കുറ്റകൃത്യം തടയുന്നതിൽ ജാഗ്രതപാലിച്ച കേരള പൊലീസിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരം. സ്‌ത്രീകൾക്കും കുട്ടികൾക്കും എതിരായ സമൂഹമാധ്യമങ്ങളിലൂടെയുള്ള അതിക്രമങ്ങൾ തടയാൻ കേരള പൊലീസിലെ സൈബർ വിഭാഗം മികച്ച ഇടപെടലാണ് നടത്തിയത്. കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിച്ചു. മൂന്നു മാസം കൂടുമ്പോൾ നടത്തുന്ന ഓപ്പറേഷൻ പി ഹണ്ടിലൂടെ രണ്ടു വർഷംകൊണ്ട് ആറായിരത്തിൽ പരം റെയ്‌ഡ് നടത്തി.
● വ്യവസായ സംരംഭകർക്ക് സൗഹാർദപരവും അനുകൂലവുമായ അന്തരീക്ഷം ഒരുക്കുന്നതിൽ (ഈസ് ഓഫ് ഡൂയിങ് ബിസിനസ്) കേരളം രാജ്യത്ത് ഒന്നാമത്. ചരിത്രത്തിൽ ആദ്യമായാണ് വ്യവസായ സൗഹൃദ റാങ്കിങ്ങിൽ കേരളം രാജ്യത്ത് ഒന്നാമതെത്തുന്നത്. വ്യവസായ പരിഷ്‌ക്കാര കർമപദ്ധതി പ്രകാരം ഓരോ സംസ്ഥാനവും സ്വീകരിക്കുന്ന നടപടികൾ പരിഗണിച്ചാണ് ഈസ് ഓഫ് ഡൂയിങ് ബിസിനസ് പട്ടിക തയ്യാറാക്കുന്നത്. ഇതിനായി പരിഗണിച്ച 30 സൂചികകളിൽ ഒമ്പതിലും കേരളത്തിന് ഒന്നാമത് എത്താനായി. വ്യവസായ കേന്ദ്രീകൃത പരിഷ്‌ക്കാരങ്ങൾ, മുതിർന്ന പൗരൻമാരെ കേന്ദ്രീകരിച്ചുള്ള പരിഷ്‌ക്കാരങ്ങൾ, ഓൺലൈൻ ഏകജാലക സംവിധാനം, നികുതി അടയ്‌ക്കൽ സംവിധാനങ്ങൾ, ഓൺലൈൻ സർട്ടിഫിക്കറ്റ് വിതരണം, പൊതുവിതരണ സംവിധാനം, ഗതാഗതം തുടങ്ങിയ ഒമ്പത് മേഖലകളിലാണ് കേരളം ഒന്നാമതെത്തിയത്.
● ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിങ്ങിൽ രാജ്യത്ത് വീണ്ടും കേരളം ഒന്നാം സ്ഥാനത്ത്.








0 comments