നേട്ടങ്ങളുടെ ഉറപ്പ്, നിലപാടിന്റെ കരുത്ത്


ജെയ്സൻ ഫ്രാൻസിസ്
Published on May 08, 2025, 03:03 AM | 1 min read
കൊച്ചി
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും സാന്നിധ്യം ഉറപ്പാക്കി ക്ഷണിക്കപ്പെട്ടവരുടെ പ്രൗഢസദസ്സ്. ജനജീവിതത്തെ ബാധിക്കുന്ന കാര്യങ്ങൾ ഉന്നയിച്ചും ക്രിയാത്മക നിർദേശങ്ങൾ സമർപ്പിച്ചും സജീവമായ സദസ്സിനോട് സംവദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് സർക്കാരിന്റെ നാലാംവാർഷികത്തോടനുബന്ധിച്ച് ചേർന്ന എറണാകുളം ജില്ലാതല മുഖാമുഖം പരിപാടി ജനപങ്കാളിത്തത്താലും ഉന്നയിക്കപ്പെട്ട വിഷയങ്ങളുടെ വൈവിധ്യത്താലും ശ്രദ്ധേയമായി.
കേന്ദ്രസർക്കാരിന്റെ കടുത്ത അവഗണനയ്‌ക്കിടയിലും സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ വിവരിച്ച മുഖ്യമന്ത്രി, നവകേരളസൃഷ്‌ടിക്കായുള്ള പദ്ധതികളും വിവരിച്ചു. തുടർന്ന് സദസ്സിനായി കാതോർത്തു. ആദ്യ ചോദ്യം ഉന്നയിച്ചത് നിർമിത ബുദ്ധിയിലെ കേരളത്തിന്റെ വണ്ടർകിഡ് റൗൾ ജോൺ അജു. മത്സ്യസമ്പത്ത് കുറയുന്നതടക്കമുള്ള ആശങ്കയാണ് ഈ മേഖലയെ പ്രതിനിധാനംചെയ്‌ത് ടി ഐ ജോയ് പങ്കുവച്ചത്. ജലാശയങ്ങളിലെ എക്കൽ നീക്കി കടലിലേക്ക് സുഗമമായ ഒഴുക്ക് ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രിയുടെ മറുപടി.
യുവതലമുറയെ നാട്ടിൽ പിടിച്ചുനിർത്താൻ ഉന്നതവിദ്യാഭ്യാസമേഖലയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ജോൺ കുര്യാക്കോസിന്റെ ചോദ്യത്തിന് മറുപടി. കളമശേരിയിലെ ജുഡീഷ്യൽ സിറ്റി അതിവേഗം യാഥാർഥ്യമാക്കുമെന്ന് അഭിഭാഷകരുടെ പ്രതിനിധിയായെത്തിയ ലക്ഷ്‌മി നാരായണന് ഉറപ്പ് നൽകി. പൊതുസ്ഥലത്തെ പുകവലി, മൊബൈൽ ഫോൺ അമിതാസക്തി, കായികമേഖലയുടെ പ്രാധാന്യം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് റിട്ട. ജസ്‌റ്റിസ് കെ നാരായണക്കുറുപ്പ്, പി ഐ ബാബു എന്നിവർ ഉന്നയിച്ചത്. നടപടിയുണ്ടാകുമെന്നും കുട്ടികൾക്ക് കളിച്ച് വളരാൻ അവസരമൊരുക്കുമെന്നും മറുപടി. സിനിമാ മേഖലയ്‌ക്കുള്ള പിന്തുണ തുടരുമെന്നും പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ യോഗം വിളിക്കാമെന്നും നിർമാതാവ് സിയാദ് കോക്കറിന്റെ അഭ്യർഥനയോട് പ്രതികരിച്ചു.
വ്യവസായമന്ത്രി പി രാജീവ് അധ്യക്ഷനായി. മന്ത്രിമാരായ ജി ആർ അനിൽ, പി പ്രസാദ്, കെ ബി ഗണേഷ്‌കുമാർ, എംഎൽഎമാരായ കെ എൻ ഉണ്ണിക്കൃഷ്‌ണൻ, പി വി ശ്രീനിജിൻ, കെ ജെ മാക്‌സി, ആന്റണി ജോൺ, മേയർ എം അനിൽകുമാർ, ആസൂത്രണസമിതി ഉപാധ്യക്ഷൻ കെ വി രാമചന്ദ്രൻ, പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കലക്ടർ എൻ എസ് കെ ഉമേഷ്, പ്രൊഫ. കെ വി തോമസ് എന്നിവർ പങ്കെടുത്തു.
0 comments