അഭിഭാഷകയെ മർദിച്ച സംഭവം; ബെയ്‍ലിൻ ദാസിനെ കോടതിയിൽ ഹാജരാക്കും

beilin das
വെബ് ഡെസ്ക്

Published on May 16, 2025, 08:07 AM | 1 min read

തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകയെ മർദിച്ച സീനിയർ അഭിഭാഷകൻ പൂന്തുറ ആലുകാട് ദാസ് ഭവനിൽ ബെയ്‍ലിൻ ദാസിനെ (47) ഇന്ന്‌ കോടതിയിൽ ഹാജരാക്കും. ഒളിവിലായിരുന്ന ഇയാളെ വ്യാഴാഴ്ച വൈകിട്ട് 6.45ന് തുമ്പ സ്റ്റേഷൻകടവിൽ വച്ചാണ് ശംഖുംമുഖം അസി. കമീഷണറുടെ ഡാൻസാഫ് സംഘവും തുമ്പ പൊലീസും ചേർന്ന് പിടികൂടിയത്. ആൾസെയിൻസ് ജങ്‌ഷഷനിൽനിന്ന്‌ ആൾട്ടോ കാറോടിച്ച് തുമ്പ ഭാഗത്തേക്ക് പോകുന്നതായി പൊലീസിന് രഹസ്യവിവരം കിട്ടിയിരുന്നു. കാറിനെ പിന്തുടർന്നാണ് ഇയാളെ പിടികൂടിയത്.


പൊലീസ് അന്വേഷണം ശക്തമാക്കിയതിനെത്തുടർന്ന് വാഹനങ്ങൾ മാറി ഇയാൾ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നെന്നാണ് വിവരം. ബെയ്‍ലിന്റെ മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ച സെഷൻസ് കോടതി പരിഗണിക്കാനിരിക്കെയായിരുന്നു അറസ്റ്റ്.


ചൊവ്വാഴ്ച പകൽ പന്ത്രണ്ടരയോടെയാണ് ജൂനിയർ അഭിഭാഷക പാറശാല കോട്ടവിള പുതുവൽപുത്തൻവീട്ടിൽ ജെ വി ശ്യാമിലി (26)യെ ഓഫീസിൽ ബെയ്‍ലിൻ ദാസ് മർദിച്ചത്. ശ്യാമിലിയുടെ വലതുകവിൾ അടികൊണ്ട് ചതഞ്ഞിരുന്നു. പ്രതിയെ പിടികൂടാൻ പൊലീസെത്തിയപ്പോൾ ഒരു വിഭാ​ഗം അഭിഭാഷകർ തടഞ്ഞെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് പ്രതി ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയി. പ്രതിയുടെ ഭാര്യയെ ഇന്നലെ ചോദ്യം ചെയ്യാൻ വഞ്ചിയൂർ പൊലീസ് വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായില്ല. ബോധപൂർവം സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ലെന്നാണ് ബെയ്‍ലിൻ ദാസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിലുള്ളത്.


അന്വേഷണത്തിൽ തൃപ്തി, എല്ലാവർക്കും നന്ദി: ശ്യാമിലി


ബെയ്‍ലിൻ ദാസിനെ അറസ്റ്റ് ചെയ്തതിൽ സന്തോഷമുണ്ടെന്നും പൊലീസിന് നന്ദി പറയുന്നതായും ശ്യാമിലി പ്രതികരിച്ചു. എല്ലാവരുടെയും വലിയ സഹകരണമാണുണ്ടായത്. കൂടെ നിന്നവർക്കെല്ലാം നന്ദി. അന്വേഷണത്തിൽ പൂർണ തൃപ്തിയുണ്ട്. നിയമപരമായി മുന്നോട്ടുപോകുമെന്നും ശ്യാമിലി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home