അഭിഭാഷകയെ മർദിച്ച കേസ്: അഡ്വ. ബെയ്ലിൻ ദാസിനെ ബാർ കൗൺസിൽ സസ്പെൻഡ് ചെയ്തു

കൊച്ചി : വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകയ്‌ക്ക് മർദനമേറ്റ സംഭവത്തിൽ പ്രതിയായ സീനിയർ അഭിഭാഷകൻ ബെയ്ലിൻ ദാസിനെതിരെ നടപടിയുമായി ബാര്‍ കൗണ്‍സിൽ. ബുധൻ വെെകീട്ട് ചേർന്ന ബാർ കൗൺസിൽ യോഗം ബെയ്ലിനെ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. സംഭവം അന്വേഷിക്കുന്നതിനായി രൂപീകരിച്ച പി സന്തോഷ് കുമാർ, ബി എസ് ഷാജി ആനയറ എന്നിവരടങ്ങിയ ഉപസമിതി സമർപ്പിച്ച ഇടക്കാല റിപ്പോർട്ട് കൗൺസിൽ അംഗീകരിച്ചു. സസ്പെൻഷൻ കാലയളവിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാനാകില്ല. നടപടി കഴിയുന്നതുവരെ കോടതിയിൽ ഹാജരാകുന്നതിന് വിലക്കുണ്ട്. ബെയ്ലിന് കാരണം കാണിക്കൽ നോട്ടീസും അയയ്ക്കും. നേരത്തെ ബെയ്ലിൻ ദാസിനെ ബാര്‍ അസോസിയേഷനും സസ്പെന്‍ഡ് ചെയ്തിരുന്നു.
വഞ്ചിയൂരിൽ ജൂനിയര്‍ അഭിഭാഷകയായ പാറശാല സ്വദേശി ശ്യാമിലിക്കാണ് ഗുരുതരമായ മർദനമേറ്റത്. മർദനത്തിൽ ശ്യാമിലിയുടെ മുഖത്ത് പരിക്കേറ്റു. ദിവസങ്ങൾക്കുമുമ്പ് ബെയ്ലിൻ തന്റെ ജൂനിയറായിരുന്ന ശ്യാമിലിയെ ജോലിയിൽനിന്ന് അകാരണമായി പറഞ്ഞുവിട്ടിരുന്നു. പിന്നീട് തിങ്കളാഴ്ച ഇയാൾ ശ്യാമിലിയെ ഫോണിൽ വിളിച്ച് ചൊവ്വാഴ്ചമുതൽ ജോലിക്കെത്തണമെന്ന് നിർദേശിച്ചു. പിരിച്ചുവിട്ടത് എന്തിനാണെന്ന് ശ്യാമിലി ചോദിച്ചതോടെ മർദിക്കുകയായിരുന്നു. മുഖത്തടിയേറ്റ് വീണ ശ്യാമിലി പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ മോപ്‌സ്റ്റിക്കുകൊണ്ട് വീണ്ടും മർദിച്ചു. വഞ്ചിയൂർ മഹാറാണി ബിൽഡിങ്ങിലുള്ള ഓഫീസിൽവച്ച് ചൊവ്വ പകൽ 12.30ഓടെയായിരുന്നു സംഭവം.
സംഭവം അത്യന്തം ഗൗരവതരമാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞിരുന്നു. അഭിഭാഷകയെ സന്ദർശിച്ച മന്ത്രി ആരോപണവിധേയനായ അഭിഭാഷകന് പൊലീസ് സ്ഥലത്ത് എത്തുന്നതിനുമുമ്പ് രക്ഷപ്പെടാനുള്ള അവസരം മറ്റ് അഭിഭാഷകർ ഒരുക്കിട്ടുണ്ടെങ്കിൽ അക്കാര്യവും അന്വേഷിക്കുമെന്നും പറഞ്ഞിരുന്നു.









0 comments