അഭിഭാഷകയെ മർദിച്ച സംഭവം; ബെയ്‍ലിൻ ദാസ് റിമാൻഡിൽ

തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകയെ മർദിച്ച കേസിൽ അറസ്റ്റിലായ സീനിയർ അഭിഭാഷകൻ പൂന്തുറ ആലുകാട് ദാസ് ഭവനിൽ ബെയ്‍ലിൻ ദാസിന് (47) ജാമ്യമില്ല. മെയ് 27 വരെ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ബെയ്‍ലിൻ ദാസിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.
ഒളിവിലായിരുന്ന ബെയ്‍ലിൻ ദാസിനെ വ്യാഴാഴ്ച വൈകിട്ട് 6.45ന് തുമ്പ സ്റ്റേഷൻകടവിൽ വച്ചാണ് ശംഖുംമുഖം അസി. കമീഷണറുടെ ഡാൻസാഫ് സംഘവും തുമ്പ പൊലീസും ചേർന്ന് പിടികൂടിയത്. ആൾസെയിൻസ് ജങ്‌ഷഷനിൽനിന്ന് ആൾട്ടോ കാറോടിച്ച് തുമ്പ ഭാഗത്തേക്ക് പോകുന്നതായി പൊലീസിന് രഹസ്യവിവരം കിട്ടിയിരുന്നു. കാറിനെ പിന്തുടർന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ വഞ്ചിയൂർ പൊലീസിന് കൈമാറുകയായിരുന്നു.
ചൊവ്വാഴ്ച പകൽ പന്ത്രണ്ടരയോടെയാണ് ജൂനിയർ അഭിഭാഷക പാറശാല കോട്ടവിള പുതുവൽപുത്തൻവീട്ടിൽ ജെ വി ശ്യാമിലി (26)യെ ഓഫീസിൽ ബെയ്‍ലിൻ ദാസ് മർദിച്ചത്. ശ്യാമിലിയുടെ വലതുകവിൾ അടികൊണ്ട് ചതഞ്ഞിരുന്നു. പ്രതിയെ പിടികൂടാൻ പൊലീസെത്തിയപ്പോൾ ഒരു വിഭാഗം അഭിഭാഷകർ തടഞ്ഞെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് പ്രതി ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയി. പ്രതിയുടെ ഭാര്യയെ ഇന്നലെ ചോദ്യം ചെയ്യാൻ വഞ്ചിയൂർ പൊലീസ് വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായില്ല.









0 comments