"തന്റെ ചോരയ്ക്ക് വേണ്ടി തെറ്റായ പ്രചരണം നടക്കുന്നു, വ്യക്തിഹത്യ സഹിക്കാനാകുന്നില്ല"; ജോസ് നെല്ലേടത്തിന്റെ അവസാന പ്രതികരണം പുറത്ത്

jose congress
വെബ് ഡെസ്ക്

Published on Sep 13, 2025, 11:13 AM | 1 min read

വയനാട്: കോൺഗ്രസ്‌ ഗ്രൂപ്പ്‌ പോരിൽ സഹികെട്ട് വയനാട്ടിൽ ജീവനൊടുക്കിയ മുള്ളൻകൊല്ലി മണ്ഡലം കമ്മിറ്റി വൈസ്‌ പ്രസിഡന്റും പഞ്ചായത്ത്‌ രണ്ടാം വാർഡ്‌ അംഗവുമായ ജോസ് നെല്ലേടത്തിന്റെ അവസാന പ്രതികരണം പുറത്ത്. സമ‍ൂഹ മാധ്യമങ്ങളിൽ നടക്കുന്ന തെറ്റായ പ്രചരണം തന്റെ ചോരയ്ക്ക് വേണ്ടിയാണെന്നും വ്യക്തിഹത്യ സഹിക്കാനാകുന്നില്ലെന്നും ജോസ് നെല്ലേടത്ത് വീഡിയോയിൽ പറയുന്നു.


"ജനജാഗ്രതാ സമിതിയുടെ ഭാഗമായി പൊലീസിന് നേരത്തെയും വിവരം നൽകിയിരുന്നു. എന്നാൽ പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയില്ല. താൻ അഴിമതിക്കാരനാണെന്ന് പ്രചാരണം നടക്കുന്നു. തന്റെ പ്രവർത്തനങ്ങളിൽ അസൂയയുള്ള ആളുകളാണ് ഇതിന് പിന്നിൽ. അനർഹമായ ഒന്നും കൈപ്പറ്റാതെ ആണ് ഇതുവരെ പൊതുപ്രവർത്തനം നടത്തിയത്. വ്യക്തിയെന്ന നിലയിൽ താങ്ങാൻ കഴിയുന്ന കാര്യങ്ങളല്ല നടക്കുന്നത്. മുന്നിലെത്തിയ എല്ലാവരെയും സഹായിച്ചിട്ടുണ്ട്. വലിയ അഴിമതിക്കാരനായി മുദ്രകുത്തുന്നു. 50 ലക്ഷത്തിലധികം സാമ്പത്തിക ബാധ്യതയുണ്ട്" – വീഡിയോ സന്ദേശം.


ജോസിനെ തകർക്കാൻ ഗൂഢാലോചന നടന്നുവെന്നും ഇതിന് പിന്നിൽ ഒരുവിഭാഗം കോൺഗ്രസ് നേതാക്കളാണെന്നും കുടുംബം ആരോപിച്ചു. ജോസിന്റെ വളർച്ച പാർടിയിലെ ചിലർക്ക് അസ്വാരസ്യങ്ങളുണ്ടാക്കിയിരുന്നു. ജോസിനെ തകർക്കുകയായിരുന്നു ലക്ഷ്യം. ജോസിന്റെ വീട്ടിൽ നിന്ന് കോൺഗ്രസ്‌ നേതാക്കൾ ചതിച്ചുവെന്നും അതിനാലാണ്‌ ജീവനൊടുക്കിയതെന്നും വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ്‌ പൊലീസ്‌ കണ്ടെടുത്തു. ഇതിൽ മൂന്നു നേതാക്കളുടെ പേരും പറയുന്നുണ്ട്‌. വീട്ടിലെ മുറിയിൽ മേശയിൽ മടക്കിവച്ച നിലയിലായിരുന്നു കത്ത്‌. മക്കളെക്കുറിച്ചുള്ള ആകുലതകളുമുണ്ട്‌. കത്ത്‌ പൊലീസ്‌ ഫോറൻസിക്കിന്‌ കൈമാറും.


ഗ്രൂപ്പുപോരിൽ ജില്ലയിൽ മാത്രം പൊലിഞ്ഞ അഞ്ചാമത്തെ ജീവനാണിത്‌. നേതാക്കളുടെ നിയമനക്കോഴയിൽ കുരുങ്ങി കഴിഞ്ഞ ഡിസംബറിലാണ്‌ ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ജീവനൊടുക്കിയത്‌.


(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)





deshabhimani section

Related News

View More
0 comments
Sort by

Home